ചീമേനിയില്‍ ടൊവിനോ സിനിമയുടെ  ലൊക്കേഷനില്‍ അഗ്നിബാധ,ആളപായമില്ല 

കാഞ്ഞങ്ങാട്- ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തീപിടിത്തം. കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിംഗിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചു.
ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കി.    ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഇനി പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. ആളപായമില്ല.
നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നുകാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ചിത്രീകരണം 110 ദിവസം പൂര്‍ത്തിയാക്കിയതായി അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരെ താരം ഇത് അറിയിച്ചത്.
 

Latest News