ഖത്തര്‍ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സ്ഥാനമേറ്റു

ദോഹ- ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചുമതലയേറ്റു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ രാജി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണു പുതിയ പ്രധാനമന്ത്രിയായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയെ അമീര്‍ നിയമിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ വിദേശകാര്യ മന്ത്രിയുടെ ചുമതലയും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിക്കു തന്നെയാണ്.
അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചുമതലയേറ്റു. ചടങ്ങില്‍ ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു.
അമീറിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ പ്രാബല്യത്തിലാകും. 2020 ലാണ് ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റത്. അമീരി ദിവാന്‍ ചീഫ് സ്ഥാനത്തുനിന്നാണു ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

 

Latest News