Sorry, you need to enable JavaScript to visit this website.

കൊച്ചി മസിരിസ് ബിനാലെ; കലയിലെ പുതുവിപ്ലവത്തിന് പത്താണ്ട്‌

എന്തിനാണ് കോടികൾ ചെലവാക്കി ബിനാലെ എന്ന പേരിൽ ഒരു കലാമാമാങ്കം നടത്തുന്നത്, ഇതുകൊണ്ട് നാടിനെന്ത് പ്രയോജനം-  2012 ഡിസംബർ 12 ന് ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും മുൻകൈയെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ബിനാലെക്ക് കൊച്ചിയിൽ തുടക്കം കുറിക്കുമ്പോൾ ചുറ്റുപാടു നിന്നും ഉയർന്നു കേട്ട ചോദ്യമാണ്. ആർക്കൊക്കെയോ കമ്മീഷൻ തട്ടാനുള്ള പരിപാടിയായാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പോലും അതിനെ കണ്ടത്. ബിനാലെയുമായി നിസ്സഹകരണം പ്രഖ്യാപിച്ച പാരമ്പര്യവാദികളായ ഒരു വിഭാഗം കലാകാരൻമാരും ഇത്തരം ചർച്ചകൾക്ക് ഇന്ധനം പകർന്നു. 


ബോസും റിയാസും ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവന്നു. വിവാദങ്ങൾക്ക് പക്ഷേ അൽപായുസ്സായിരുന്നു. 10 വർഷങ്ങൾക്കിപ്പുറം കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് അരങ്ങേറുമ്പോൾ കലയുടെയും സംസ്‌കാരത്തിന്റെയും ഭൂമികയിൽ ബിനാലെ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ മലയാളിയെ എത്ര ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നുവെന്ന് ആരും  പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. സമകാലിക ലോകകലയുടെ ബഹുവിധ സാധ്യതകളെയും ദേശകാലങ്ങൾക്ക് അതീതമായ കലാവബോധത്തെയുമാണ് മുസിരിസ് ബിനാലെ മലയാളികൾക്ക് മുന്നിൽ തുറന്നുവെക്കുന്നത്. 
കോവിഡാനന്തര കാലത്ത് ജീവിതാവസ്ഥകൾ പുതുക്കി ആവിഷ്‌കരിക്കുന്നതിന്റെ പ്രഖ്യാപനമാണ് ബിനാലെ അഞ്ചാം പതിപ്പ്.  'നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തിൽ വിവിധ വേദികളിലായി ഏപ്രിൽ 10 വരെ നടക്കുന്ന കലാമേളയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 88 സമകാല കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. പൊതുഇടങ്ങളിലെ ആൺകോയ്മയെ കസവുമുണ്ടിലൂടെ പ്രതീകവൽക്കരിക്കുന്ന ദേവിസീതാറാമിന്റെ 'ബ്രദേഴ്സ്, ഫാദേഴ്സ്, അങ്കിൾസ്', ഉടലിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഇ.ജി. ചിത്ര ഒരുക്കിയ 'തുരുത്ത്,' ശിൽപസൗധം, പ്രശസ്ത മലയാളി കലാകാരൻ ജിതീഷ് കല്ലാട്ടിന്റെ 'കവറിംഗ് ലെറ്റർ', 'റ്റാംഗിൾഡ് ഹയരാർക്കി 2', മുങ്ങിപ്പോയ ഗ്രാമത്തിനു അതിന്റെ തനിമയിൽ കലാചാരുതയോടെ ബിനാലെയിൽ പുനരാവിഷ്‌കാരം നൽകുന്ന ഗോവയിൽ നിന്നുള്ള പ്രശസ്ത കലാകാരൻ സഹിൽ നായിക്കിന്റെ 'ഓൾ ഈസ് വാട്ടർ ആൻഡ് ടു വാട്ടർ വീ മസ്റ്റ് റിട്ടേൺ', കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതൽ ഒരു വർഷം തുടർച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരൻ വാസുദേവൻ അക്കിത്തം വരഞ്ഞ 365 സൃഷ്ടികൾ, കോംഗോയിലെ കലാകാരൻമാരുടെ കൂട്ടായ്മ ആവിഷ്‌കരിച്ച 'ടോക്സി സിറ്റി', ആദിമ ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപിന്റെ പ്രതീകമായി പ്രമുഖ ഓസ്ട്രേലിയൻ കലാകാരൻ റിച്ചാർഡ് ബെൽ ഒരുക്കിയ 'എംബസി', യുദ്ധത്തെയും കാലാവസ്ഥ മാറ്റത്തെയും ചൊല്ലി ആകുലപ്പെടുന്ന  പ്രണയ് ദത്തയുടെ 'ഡേ സീറോ', 'നേതി' എന്നീ കലാസൃഷ്ടികൾ,  1995 നവംബർ പത്തിന് നൈജീരിയയിലെ പട്ടാള ഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതി, അവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെൻ സരോ വിവയുടെ ആവേശോജ്വല സ്മരണകൾ ഉയർത്തുന്ന മകൾ സിന സരോ വിവയുടെ സമകാലീന കലാവിഷ്‌കാരം, മോട്ടോർ സെൻസറി ന്യൂറോപതി അതിജീവിതയായ  പ്രശസ്ത ആർട്ടിസ്റ്റ് ബംഗാൾ സ്വദേശിനി നീർജ കോത്താരിയുടെ ആവിഷ്‌കാരങ്ങൾ എന്നിവ ബിനാലെയിലെ ശ്രദ്ധ നേടുന്ന കലാസൃഷ്ടികളിൽ ചിലതു മാത്രമാണ്.


ബിനാലെ നമ്മൾ ഓരോരുത്തരുടെയും ഉള്ളിലെ കലാസ്വാദകനെ നമ്മൾ പോലുമറിയാതെ കണ്ടെടുക്കുകയും കൂടുതൽ ഉദ്ബുദ്ധരാക്കുകയും പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിൽ ഒരു പൂന്തോട്ടം സജ്ജമാക്കുമ്പോഴോ, വീട്ടിലെ മുറികൾ ക്രമീകരിക്കുമ്പോഴോ പോലും ഈ കലാസൃഷ്ടികൾ നമ്മെ പ്രചോദിപ്പിക്കാതിരിക്കില്ല. 
കല്ലിലും പുല്ലിലും പാഴ് വസ്തുക്കളിലും വരെ കലാപരമായ സാധ്യതകളുണ്ടെന്ന തിരിച്ചറിവ് സാധാരണക്കാരെ പോലും പുതിയൊരു കലാവബോധത്തിലേക്ക് നയിക്കും. പുതിയ തലമുറ ബിനാലെയെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുമ്പോൾ ഒരു കല-സാംസ്‌കാരിക നവോത്ഥാനത്തിന് തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെ വഴിയൊരുക്കിക്കൊണ്ടിരിക്കുന്നതെന്ന് കൂടുതൽ കൂടുതൽ പേർ തിരിച്ചറിയുകയാണ്. 
ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ കലാസൃഷ്ടിക്കും രാഷ്ട്രീയവും സാംസ്‌കാരികവും കലാപരവുമായ വിവിധ മാനങ്ങളുണ്ട്. വെറുമൊരു കാഴ്ചയിൽ അതിനെ അടുത്തറിയാൻ ബുദ്ധിമുട്ടാണ്. ഓരോ സൃഷ്ടിയുടെയും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവരണങ്ങൾ വായിച്ചും ഓരോ കലാസൃഷ്ടിയെക്കുറിച്ചും വിവരിച്ചു നൽകാൻ സദാ സന്നദ്ധരായി നിൽക്കുന്ന വളണ്ടിയർമാരോട് ചോദിച്ചു മനസ്സിലാക്കിയുമാകണം ബിനാലെ സൃഷ്ടികൾ പൂർണാർഥത്തിൽ ആസ്വദിക്കാൻ. വെറുതെ കണ്ടു മടങ്ങാനാണെങ്കിൽ മണിക്കൂറുകൾ മതിയാകും. എന്നാൽ നിങ്ങളൊരു കലാസ്വാദകനാണെങ്കിൽ അതിന്റെ ആഴവും പരപ്പും ആസ്വദിക്കാൻ ഒന്നോ രണ്ടോ ദിവസം പോരാതെ വരും. ബിനാലെയുടെ വിവിധ വേദികളിൽ നടക്കുന്ന സംഗീതവും സിനിമയുമുൾപ്പെടെ കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും സമ്മേളനങ്ങളും ആർട്ട് റൂം ശിൽപശാലകളും എല്ലാത്തരം ആസ്വാദകരെയും ലക്ഷ്യമിട്ടുള്ളതാണ്. ലോകകലയിലെ നവ ഭാവുകത്വം സ്വാംശീകരിക്കേണ്ടത് പുതിയ തലമുറയായതുകൊണ്ടു തന്നെയാണ് സ്റ്റുഡന്റ്‌സ് ബിനാലെ എന്ന ഒരു കാറ്റഗറിയിൽ സംഘാടകർ കൂടുതൽ ശ്രദ്ധ നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി. വിദ്യാർഥികൾക്കായി നടത്തിയ പരിശീലനക്കളരികളും ഭിന്നശേഷിക്കാരുടെ സർഗശേഷി പുറത്തു കൊണ്ടുവരുന്നതിനായി നടത്തിയ ക്ലാസ് റൂമുകളും ബിനാലെക്ക് പുതിയ മാനങ്ങൾ നൽകി. 


രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശനങ്ങളെയാണ് പൊതുവായി ബിനാലെ എന്ന് പറയുന്നത്. ബയനിയൽ എന്ന് മറ്റൊരു ഉച്ചാരണം. 1895 ൽ ആരംഭിച്ച പ്രശസ്തമായ വെനീസ് ബിനാലെയെത്തുടർന്നാണ് ബിനാലെകൾ കൂടുതൽ ജനകീയമായത്.  2012 ഡിസംബർ 12 ന് ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച മുസിരിസ് ബിനാലെ കലാപ്രദർശനം മൂന്ന് മാസം നീണ്ടുനിന്നു. 30 വിദേശ രാജ്യങ്ങളിൽ നിന്നായി 88 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൾ ഇരുപതോളം വേദികളിലായി പ്രദർശിപ്പിച്ചു.
മാർച്ച് മാസത്തിലെത്തുമ്പോൾ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് സന്ദർശിച്ചവരുടെ എണ്ണം 6 ലക്ഷത്തോടടുത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് ആറു ലക്ഷം പേരായിരുന്നു. ദിവസങ്ങൾക്കകം കൊച്ചി ബിനാലെ സന്ദർശകരുടെ എണ്ണം റെക്കോർഡ് പിന്നിടുമെന്നാണ് പ്രദർശനം കാണാനെത്തുന്നവരുടെ തിരക്ക് വ്യക്തമാക്കുന്നത്.  ബിനാലെ കാണുന്നതിന് വേണ്ടി മാത്രം നാട്ടിലെത്തിയ നിരവധി പ്രവാസികളെ ബിനാലെ വേദികളിൽ വെച്ച് പരിചയപ്പെടാൻ സാധിച്ചു. കല-സാംസ്‌കാരിക രംഗത്ത് കേരളത്തിൽ ബിനാലെ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റത്തിൽ ഭാഗഭാക്കാകുന്നതിൽ അഭിമാനിക്കുന്നവരാണവരെല്ലാം. 
സോഷ്യലിസ്റ്റ് വിപ്ലവ നായകൻ ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേര,  മഹാത്മാഗാന്ധിയുടെ പ്രപൗത്രനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി തുടങ്ങി ലോകത്തിന്റെയും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസ്വാദകർ ഇതിനോടകം കൊച്ചി ബിനാലെ സന്ദർശിച്ചു. 
മുൻ ബിനാലെകളെപ്പോലെ തന്നെ ആസ്പിൻവാൾ, പെപ്പർ ഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ചെറുവേദികൾ വേറെയുമുണ്ട്. ഫോർട്ട്‌കൊച്ചിയിലെ ആസ്പിൻവാളിൽ നിന്നുമാണ് ബിനാലെക്കുള്ള പ്രവേശന പാസുകൾ ലഭിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 ഉം വിദ്യാർത്ഥികൾക്ക് 50 ഉം രൂപയുമാണ് ടിക്കറ്റ് നിരക്ക്. 
ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. ബിനാലെ ടിക്കറ്റുകൾ ആസ്പിൻവാൾ ഹൗസിലെ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. ഡർബാർ ഹാൾ ആർട്ട് ഗാലറിയിലെ ഇടം വേദിയിൽ പ്രവേശനം സൗജന്യമാണ്.
ഡിസംബർ 23 നു ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്.  പ്രവേശനം രാവിലെ പത്തു മുതൽ ഏഴു വരെ. പ്രദർശനം കൂടാതെ ബിനാലെയോടനുബന്ധിച്ചുള്ള വസ്ത്രങ്ങൾ, ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ബിനാലെ സ്റ്റാളുകളും അവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് വേണമെങ്കിൽ അവ വില കൊടുത്ത് വാങ്ങാവുന്നതാണ്. വിശപ്പും ദാഹവും അകറ്റുവാനായി ഒരു കോഫി ഷോപ്പും ആസ്പിൻ വാളിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിക്കായലിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് നമുക്ക് എത്ര സമയം വേണമെങ്കിലും ഇരിക്കുകയും ചെയ്യാം.

Latest News