മാലിന്യ സംസ്‌കരണത്തിലെ നയരാഹിത്യം

മാലിന്യ സംസ്‌കരണം പൂർണമായും ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന സർക്കാർ നയം ഇപ്പോൾ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. മാലിന്യം ഒഴിവാക്കാൻ ജനങ്ങൾ പണം നൽകണമെന്ന് വരുന്നത് അവരെ സാമൂഹിക ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിപ്പിക്കും. മാലിന്യം ഒഴിവാക്കുന്നതിനുള്ള ചെലവിൽ ഒരു പങ്കെങ്കിലും വഹിക്കാൻ സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തയാറാവേണ്ടതുണ്ട്.


വർധിച്ചുവരുന്ന മാലിന്യ പ്രശ്‌നം ഗ്രാമങ്ങളിൽ പോലും തലവേദനയായി മാറുകയാണ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ മേഖലയിൽ കർശനമായ നിയമ നിർമാണവും ബോധവൽക്കരണവും സംസ്‌കരണ വിദ്യകളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും പൊതു സ്ഥലങ്ങളിലെ മാലിന്യ പ്രശ്‌നം അവസാനിപ്പിക്കാൻ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഇപ്പോഴും കഴിയുന്നില്ല.
വീടുകളിലുണ്ടാകുന്ന മാലിന്യം വീടുകളിൽ സംസ്‌കരിക്കാനോ ശേഖരിക്കാനോ ഉള്ള സംവിധാനങ്ങൾ പോലും വിജയിക്കാത്ത സാഹചര്യമാണ് ഇന്ന് മലബാർ ജില്ലകളിൽ നിലനിൽക്കുന്നത്. അതോടൊപ്പം കോഴിയവശിഷ്ടങ്ങൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. റോഡരികുകൾ, പുഴകളുടെയും തോടുകളുടെയും തീരങ്ങൾ എന്നിവിടങ്ങൾ ഇപ്പോഴും മാലിന്യം ഉപേക്ഷിക്കാനുള്ള കേന്ദ്രങ്ങളായി മാറുന്നുണ്ട്. രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഇപ്പോഴും തുടരുന്നു.


വീടുകളിൽ നിന്ന് മാലിന്യം സംസ്‌കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതികളൊന്നും പൂർണ അർഥത്തിൽ വിജയിക്കുന്നില്ല. കുടുംബശ്രീ വഴി മാലിന്യ സംസ്‌കരണത്തിന് ബൃഹത്തായ പദ്ധതി വിവിധ ജില്ലകളിൽ നടപ്പാക്കിയെങ്കിലും പല പഞ്ചായത്തുകളിലും ഇത് മുടങ്ങിക്കിടക്കുകയാണ്. വീടുകളിൽ സ്ഥാപിക്കുന്ന കുട്ടകളിൽ വീട്ടുകാർ മാലിന്യം സൂക്ഷിക്കുകയും കുടുംബശ്രീ പ്രവർത്തകർ ഇത് ശേഖരിച്ച് പൊതുഇടങ്ങളിൽ സ്ഥാപിച്ച മാലിന്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നതുമാണ് ഈ പദ്ധതി. ഈ കേന്ദ്രങ്ങളിൽ നിന്ന് ആഴ്ചയിലൊരിക്കൽ ലോറികളിൽ വലിയ മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് മാലിന്യം മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ വീടുകളിൽ നിന്ന് മാലിന്യം കൃത്യമായി സംസ്‌കരിക്കുന്ന പ്രക്രിയ നടക്കുന്നില്ല. മാലിന്യം എടുക്കുന്നതിന് വീട്ടുകാർ കുടുംബശ്രീ പ്രവർത്തകർക്ക് പണം നൽകണമെന്ന നിബന്ധനയാണ് ഇതിന് തടസ്സമാകുന്നത്. കുടുബശ്രീ പ്രവർത്തകർക്ക് ഈ ജോലിക്ക് പഞ്ചായത്തുകൾ പണം നൽകുന്നില്ല. വീടുകളിൽ നിന്ന് ലഭിക്കുന്ന പണമാണ് അവരുടെ വരുമാനം. വീട്ടുകാർ പണം നൽകാതായതോടെ മാലിന്യം ശേഖരിക്കുന്ന ജോലി കുടുംബശ്രീക്കാർ നിർത്തിവെക്കുകയാണ്. ഇതോടെ വീടുകളിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. വീട്ടുകാർ ഇവ കത്തിച്ചു കളയുകയോ പൊതുഇടങ്ങളിലേക്ക് വലിച്ചെറിയുകയോ ചെയ്യുകയാണിപ്പോൾ. മാലിന്യ സംസ്‌കരണമെന്നത് സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയാത്ത ജനങ്ങൾ, ഇതിനായി തുഛമായ പണം നൽകാൻ തയാറാകാത്തത് ഈ പദ്ധതിയെ തന്നെ തകർക്കുകയാണിപ്പോൾ.

അതേ സമയം, വീടുകളിൽ നിന്ന് ഒഴിവാക്കുന്ന മാലിന്യത്തിന് തങ്ങളെന്തിന് പണം നൽകണമെന്ന ചോദ്യമാണ് വീട്ടുകാർ ചോദിക്കുന്നത്. വീടുകളിൽ തന്നെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനം വേണമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഫലപ്രദമായ മാർഗമെന്തെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. വീടുകളിൽ ഇൻസിനേറ്ററുകൾ സ്ഥാപിച്ച് മാലിന്യം കത്തിച്ചു കളയാൻ പുതിയ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതുസംബന്ധിച്ച് വീടുകളിൽ ബോധവൽക്കരണം നടക്കുന്നില്ല. മാത്രമല്ല, ഇത്തരം ഉപകരണങ്ങളുടെ ഉയർന്ന വില സാധാരണക്കാരെ അകറ്റി നിർത്തുകയും ചെയ്യുന്നു.


കോഴി മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഇപ്പോഴും ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കാനായിട്ടില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ മാലിന്യം വർധിക്കുന്ന ഇക്കാലത്ത് സംസ്‌കരണത്തിനായി ബൃഹദ്പദ്ധതികൾ ആവശ്യമാണ്. സ്വകാര്യ മേഖലയിൽ നടക്കുന്ന ചില സംരംഭങ്ങളാണ് ഇക്കാര്യത്തിൽ അൽപമെങ്കിലും ആശ്വാസമാകുന്നത്. കോഴിക്കടകളിലെ മാലിന്യം സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള പൗൾട്രി റെന്ററിംഗ് യൂനിറ്റുകൾ ഇന്ന് മലബാറിലെ പല ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. കടകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം, വളം ഉൾപ്പെടെയുള്ള വസ്തുക്കളാക്കി മാറ്റി വിൽപന നടത്തുകയാണ് ഇത്തരം യൂനിറ്റുകൾ ചെയ്യുന്നത്. ഇവയുടെ പ്രവർത്തനത്തിലൂടെ മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മാലിന്യം ഒഴിവാകുന്നുവെന്ന ആശ്വാസം കടയുടമകൾക്കും വളം വിൽപനയിലൂടെ വരുമാനമുണ്ടാക്കാമെന്ന നേട്ടം ഇത്തരം യൂനിറ്റുകൾ നടത്തുന്നവർക്കുമുണ്ട്. എന്നാൽ അടുത്തിടെ കടകളിൽ നിന്ന് മാലിന്യ സംസ്‌കരണത്തിന് ഫീസ് ഈടാക്കുമെന്ന് സർക്കാർ നിർദേശം നൽകിയത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ശേഖരിക്കുന്ന ഓരോ കിലോ മാലിന്യത്തിനും കടക്കാരൻ മൂന്നു രൂപ നൽകണമെന്നാണ് പുതിയ നിർദേശം. ഇതനുസരിച്ച് റെന്ററിംഗ് യൂനിറ്റ് നടത്തിപ്പുകാർ കടയുടമകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ തുടങ്ങിയെങ്കിലും പല കടക്കാരും വിമുഖത കാണിക്കുകയാണ്. ഉപയോഗശൂന്യമായ വസ്തു ശേഖരിക്കുന്നതിന് പണം നൽകാനാകില്ലെന്നും ഇതുവഴി റെന്ററിംഗ് യൂനിറ്റുകൾ വരുമാനമുണ്ടാക്കുന്നുണ്ടെന്നുമാണ് കടയുടമകൾ പറയുന്നത്. പണം നൽകണമെന്നായതോടെ കടയുടമകൾ മാലിന്യം ഇത്തരം യൂനിറ്റുകൾക്ക് നൽകാതെ വീണ്ടും പൊതുഇടങ്ങളിൽ രഹസ്യമായി വലിച്ചെറിയുന്ന പഴയ രീതിയിലേക്ക് കടക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 


മാലിന്യ സംസ്‌കരണം പൂർണമായും ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന സർക്കാർ നയം ഇപ്പോൾ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. മാലിന്യം ഒഴിവാക്കാൻ ജനങ്ങൾ പണം നൽകണമെന്ന് വരുന്നത് അവരെ സാമൂഹിക ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിപ്പിക്കും. മാലിന്യം ഒഴിവാക്കുന്നതിനുള്ള ചെലവിൽ ഒരു പങ്കെങ്കിലും വഹിക്കാൻ സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തയാറേണ്ടതുണ്ട്. കുറഞ്ഞ വിസ്തൃതിയുള്ള കോമ്പൗണ്ടുകളിൽ നിർമിച്ച വീടുകളിൽ മാലിന്യം ഒഴിവാക്കുന്നതിനുള്ള സൗകര്യങ്ങളില്ല. ഇത്തരം കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികളും ആവശ്യമാണ്. നിയമം കൊണ്ട് മാത്രം നടപ്പിലാക്കാവുന്ന പ്രശ്‌നമല്ലിത്. പൊതുജനങ്ങൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ മാലിന്യം ഒഴിവാക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കേണ്ടത്. ഇത്തരം പദ്ധതികൾക്ക് മാത്രമേ പ്രായോഗിക തലത്തിൽ ജനപിന്തുണ ലഭിക്കൂ. 

 

Latest News