മാധ്യമ നൈതികതയും രാഷ്ട്രീയ പ്രതികാരവും

കൊഴുപ്പുകൂട്ടാനായി കൃത്രിമ ദൃശ്യങ്ങൾ സൃഷ്ടിച്ച് ഏഷ്യാനെറ്റ് വാർത്തനൽകിയെന്ന ആരോപണവും അതിനെതിരെ സ്ഥാപനത്തിന്റെ കൊച്ചി ഓഫീസിൽ അതിക്രമിച്ചു കയറി ബാനർ വെച്ച എസ്.എഫ്.ഐയുടെ നടപടിയും തുടർന്ന് കോഴിക്കോട് ഓഫീസിൽ പോലീസ് നടത്തിയ നാലുമണിക്കൂറോളം നീണ്ട പോലീസ് റെയ്ഡുമാണല്ലോ ഇപ്പോഴത്തെ വിവാദം. ഈ മൂന്നു സംഭവങ്ങളും നൈതികമായോ രാഷ്ട്രീയമായോ ശരിയല്ല എന്നതാണത്. മൂന്നും ന്യായീകരണമില്ലാത്ത പ്രവർത്തനങ്ങളാണ്. 

 


നിയമസഭയിൽ പോലും വലിയ ഏറ്റുമുട്ടലുകൾക്ക് കാരണമായ ഏഷ്യാനെറ്റ് ഒരുവശത്തും സി.പി.എമ്മും സർക്കാരും മറുവശത്തുമായുള്ള അങ്കം തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിന്റെ ഭാഗമായിട്ടായിരുന്നു സീനിയർ മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ സ്റ്റേഷനിലേക്ക് വിളിച്ച് പോലീസ് ചോദ്യം ചെയ്തത്. ഒരു കാരണവശാലും അംഗീകരിക്കാവുന്ന നടപടിയായിരുന്നില്ല അത്. സീനിയർ പാർട്ടി നേതാവ് എളമരം കരീമിനെ ആക്രമിക്കാൻ വിനു ആഹ്വാനം ചെയ്തു എന്നാരോപിച്ചുള്ള കേസിലായിരുന്നു ചോദ്യം ചെയ്യൽ. പണിമുടക്കു ദിവസം നടന്ന വ്യാപകമായ  അക്രമങ്ങളെ പിച്ചലും മാന്തലുമായി എളമരം കരീം വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട  ന്യൂസ് അവർ ചർച്ചയിലെ വിനുവിന്റെ ഒരു ചോദ്യമായിരുന്നു കേസെടുക്കാൻ കാരണമായത്.  അതിങ്ങനെയായിരുന്നു. 'ഹർത്താൽ ദിവസം നടന്ന പോലെ, എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. എളമരം കരീം കുടുംബ സമേതമായിരുന്നുവെങ്കിൽ അവരെയൊക്കെ ഒന്നിറക്കി വിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റഴിച്ചു വിടണമായിരുന്നു. എളമരം കരീമിനെ യാസിറിനെപ്പോലെ മുഖത്തടിച്ചു മൂക്കിൽ നിന്നു ചോര വരുത്തണമായിരുന്നു. അപ്പോൾ അതു മാന്തുകയാണോ പിച്ചുകയാണോ അപമാനിക്കുകയാണോ എന്നു മനസ്സിലാകുമായിരുന്നു. നോവണം. മനുഷ്യനു നോവണം. അല്ലാതെ ഒരു പൗരനെ ആക്രമിച്ചത് റിപ്പോർട്ട് ചെയ്യുമ്പോൾ മാന്തി എന്നൊക്കെ പറഞ്ഞാൽ ഇവരുടെയൊക്കെ ദേഹത്ത് ഇങ്ങനെയൊക്കെ ആളുകൾ ചെയ്താൽ ഇവർ മിണ്ടാതിരിക്കുമോ? എന്തൊരു ജനവിരുദ്ധ പ്രസ്താവനയാണിത്? സമരം ചെയ്യാൻ അവകാശമുള്ളപ്പോൾ തന്നെ ഇന്ത്യൻ ഭരണഘടന സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്, ആർട്ടിക്കിൾ 19 ഡി ഇന്ത്യയിലെവിടെയും. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്, ആർട്ടിക്കിൾ 21. ഇതൊന്നും അറിയാത്തവരല്ല രാജ്യസഭംഗമായ എളമരം കരീമും ഈ സമരത്തിനു നേതൃത്വം നൽകുന്നവരും.' വിനുവിന്റെ ഈ വാക്കുകളെയാണ് എളമരം കരീമിനെ ആക്രമിക്കാനുള്ള ആഹ്വാനം എന്നു വ്യാഖ്യാനിച്ച് കേസെടുത്തത്. ഈ സംഭവത്തിനു മുമ്പ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ തങ്ങൾക്കും സർക്കാരിനുമെതിരെ ഗൂഢാലോചനപരമായി നിലപാടെടുക്കുകയും സംഘടിതമായി ആക്രമിക്കുകയും തെറ്റായ വിവരങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിച്ച് ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. കുറേക്കാലം അത് നടപ്പിലാക്കുകയും ചെയ്തു. 

ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകങ്ങളാണ് അല്ലെങ്കിൽ ആകേണ്ടതാണ് രാഷ്ട്രീയവും മാധ്യമങ്ങളും അഥവാ രാഷ്ട്രീയപ്രവർത്തകരും മാധ്യമ പ്രവർത്തകരും. തീർച്ചയായും ഇവർ തമ്മിൽ സ്നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരാണെങ്കിൽ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമർശന വിധേയമാക്കുക.യും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. 

എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനത്തിന്റെ കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പകരം വലിയ ശത്രുക്കളായി തന്നെ അവർ മാറുന്ന കാഴ്ചയാണ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന്റേതായ പക്ഷം പിടിക്കാതെ, അതേ സമയം രാഷ്ട്രീയപക്ഷം പിടിച്ച്, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരെ നിരന്തര വിമർശനമുന്നയിക്കുക എന്നതിനു പകരം പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും നിയന്ത്രണത്തിലാണ് ഇന്ന് മാധ്യമങ്ങൾ. അവ മിക്കതും കോർപറേറ്റുകളുടെ നിയന്ത്രണത്തിലുമാണ്. പലതും ഭരണകൂടത്തിന്റെ മെഗാഫോണുകളുമാണ്. മാത്രമല്ല, ഇന്നവ വാർത്തകൾ വിപണനം ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ മാത്രമാണ്.  സ്വാഭാവികമായും മറ്റേതൊരു വാണിജ്യ സ്ഥാപനവും പോലെ മാധ്യമങ്ങളും ജനങ്ങൾക്കു താൽപര്യമുള്ള വാർത്തകൾ ഉൽപാദിപ്പിക്കും. അതിനായി ഇപ്പോൾ ചെയ്ത പോലെ മാധ്യമ നൈതികതക്കു യോജിക്കാത്ത രീതിയിൽ വാർത്തകൾ ഉൽപാദിപ്പിക്കും. ജനങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അവ ഉപേക്ഷിക്കും. മറുവശത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ, അനുദിനം ജനാധിപത്യ വിരുദ്ധരായി മാറുകയാണ്. വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടാതെ കായികമായി നേരിടുന്ന അവസ്ഥയിലേക്ക് അവ മാറിയിരിക്കുന്നു. അതിനനുസൃതമായി തില്ലങ്കേരിമാരെ അവർ വളർത്തിയെടുക്കുന്നു. മാധ്യമങ്ങളായിരിക്കുന്നു അവരുടെ മുഖ്യ ശത്രു. ഭരണകൂടങ്ങൾക്ക് കൈയടിച്ച് പട്ടും വളയും വാങ്ങലല്ല, തെറ്റായ നയങ്ങളെ നിരന്തരമായി വീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ്് മാധ്യമങ്ങളുടെ ഉത്തരവാദിത്തമെന്നത് അവർ മറക്കുന്നു. അതിനാൽ തന്നെ അവയുടെ വായടപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വാ മൂടുക എന്നത് ജനങ്ങളുടെ വാ മൂടുന്നതിനു തുല്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് അതിന്റെ ഭീകരത രാജ്യം കണ്ടതാണ്.

ഗുജറാത്ത് വംശഹത്യയെ പ്രമേയമാക്കിയ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് ബി.ബി.സിയിൽ കേന്ദ്ര സർക്കാർ നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധമുയരുകയും പ്രതിഷേധത്തിൽ ഇടതുപക്ഷം മുന്നിൽ തന്നെ നിൽക്കുകയും മുഖ്യമന്ത്രിയടക്കം പ്രതിഷേധിക്കുകയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവങ്ങൾ എന്നതാണ് ഖേദകരം. ഏഷ്യാനെറ്റിനെതിരെ കിട്ടിയ പരാതിയിൽ പോലീസ് നടപടിയെടുക്കുന്നു എന്നു മുഖ്യമന്ത്രി തന്നെ നിയമസഭയിൽ മറുപടി നൽകിയതിനു ശേഷമാണ് എസ്.എഫ്.ഐയുടെ അതിക്രമം അരങ്ങേറിയത് എന്നതിൽ നിന്നു തന്നെ അത് ഉന്നത തലത്തിൽ ആസൂത്രണം ചെയ്തതാണെന്നു വ്യക്തം. തുടർന്നു നടന്ന മണിക്കൂറുകൾ നീണ്ട  റെയ്ഡും അതിനെ ശരിവെക്കുന്നു. 

ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങളെ തുടർന്ന് പൊതുജനങ്ങൾക്കിടയിലും ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ഇല്ലാത്ത മഹത്വം മാധ്യമങ്ങൾക്ക് കൽപിച്ചു കൊടുത്ത്, അപ്രകാരം പ്രതീക്ഷിച്ച്, അതില്ല എന്നു കണ്ടാണ് നമ്മുടെ വിമർശനങ്ങൾ.  അതിനാലാണ് ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടത്തെയും ജനപ്രതിനിധികളെയുമൊക്കെ വിമർശിക്കുന്നതിനേക്കാൾ ആവേശത്തോടെ സ്വകാര്യ മാധ്യമങ്ങളെ വിമർശിക്കുന്നത്. ഏതൊരു ഉൽപന്നവും പോലെ ഏതൊരു മാധ്യമ സ്ഥാപനത്തിന്റെയും വാർത്ത എന്ന ഉൽപന്നവും നമുക്ക് വാങ്ങാതിരിക്കാം. അതിനാണല്ലോ റിമോട്ട് കൺട്രോൾ. ഇപ്പോഴും ജനാധിപത്യം നിലനിൽക്കുന്നതിനാൽ ഒരു മാധ്യമത്തിനും വാർത്തകൾ തമസ്‌കരിക്കാനാവില്ല. ഏതൊരു മേഖലയിലെയും പോലെ ഈ രംഗത്തും മത്സരം കൊണ്ട് കുറെ ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളുമുണ്ട്... അതിലൊന്നാണ് വാർത്തകൾ തമസ്‌കരിക്കാനാവാത്തത്. വൻ പരസ്യം നൽകുന്ന ബിസിനസുകാരുടേതൊഴികെയുള്ള ഒരു വാർത്തയും എല്ലാ മാധ്യമങ്ങളും പൂഴ്ത്തിവെക്കില്ല. അതുപോലും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് സാധ്യമല്ലല്ലോ. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ സംഘടിത പ്രചാരണത്തിൽ എന്തർത്ഥം? മാത്രമല്ല, മാധ്യമങ്ങൾ പറയുന്നതു കേട്ട് പൂർണമായും വിശ്വസിക്കുന്നവരാണോ ജനങ്ങൾ? അത്ര മോശമാണോ മലയാളികൾ? എങ്കിൽ മിക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങൾക്കെതിരാണെന്നു ആരോപിക്കുന്ന സി.പി.എം തകരുന്നുണ്ടോ? മറുവശത്ത് ഏറ്റവും വലിയ പാർട്ടിയായ സി.പി.എമ്മിന്റെ പത്രവും ചാനലും റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു വരുമായിരുന്നില്ലേ? മാധ്യമങ്ങളിൽ തൊഴിൽ ചെയ്യുന്നവരെയും അമിതമായി ആക്ഷേപിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? സ്വകാര്യ മേഖലയിലെ ഏതു ജീവനക്കാരെയും പോലെയാണ് അവരും. അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതാണ് തകരാറ്. ഇന്നത് ഒരുപാട് പേർക്ക് തൊഴിൽ നൽകുന്ന ഒരു വാണിജ്യ മേഖലയാണ്. എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ബാധകമായ നിയമങ്ങൾ അവിടെയും ബാധകമാണ്. അതിനേക്കാൾ കൂടുതലോ കുറവോ ആയി ഒന്നുമില്ല. 'നേരോടെ, നിർഭയം, നിരന്തരം' എന്നതൊക്കെ ഏതു കമ്പനിയും ഏതൊരു ഉൽപന്നം ഉണ്ടാക്കുമ്പോഴും പുറത്തിറക്കുന്ന പരസ്യങ്ങൾ പോലൊരു പരസ്യം മാത്രം. അതു വിശ്വസിച്ച്, അങ്ങനെ ചെയ്യുന്നില്ല എന്നു മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം? അപ്പോഴും ഏതു തൊഴിലും ചെയ്യാനുള്ള അവകാശം പോലെ മാധ്യമങ്ങൾക്കും മാധ്യ മപ്രവർത്തകർക്കും അതുണ്ട്. അതു നിഷേധിച്ചാൽ നഷ്ടപ്പെടുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം കൂടിയാണ്. 

Latest News