ചെന്നൈ - ദി ഹിന്ദു പത്രത്തിന്റെ സീനിയർ ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ കളി എഴുത്തുകാരനുമായ എസ് ദിനകർ (57) അന്തരിച്ചു. ഇൻഡോറിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് റിപ്പോർട്ട് ചെയ്ത ശേഷം അവസാനത്തെ ടെസ്റ്റിനായി അഹമ്മദാബാദിലേക്ക് പോകാൻ തയ്യാറെടുക്കവെയാണ് അന്ത്യം.
ദി ഹിന്ദു ഗ്രൂപ്പിൽ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ദിനകർ, സ്‌പോർട്‌സ് സ്റ്റാറിലേക്ക് മാറുന്നതിന് മുമ്പ് ജനറൽ ഡെസ്‌കിലായിരുന്നു. പിന്നീട് ദി ഹിന്ദുവിന്റെ സ്‌പോർട്‌സ് വിഭാഗത്തിലേക്ക് മാറി. പ്രാദേശിക ഫുട്‌ബോൾ, ഹോക്കി എന്നിവയ്ക്ക് പുറമെ ക്രിക്കറ്റ് മുതൽ ടെന്നീസ്, കപ്പലോട്ടം വരെയുള്ള കായിക വിനോദങ്ങളെക്കുറിച്ച് വളറെ വിശദമായി റിപ്പോർട്ട് ചെയ്ത് കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഇദ്ദേഹം. കർണാടക സംഗീതവും സിനിമകളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. കിഷോർ കുമാറിന്റെയും ഇളയരാജയുടെയും ഫാനായിരുന്നു.