അസ്വാരസ്യങ്ങൾ പുകയുന്ന കോൺഗ്രസിനെ ആ പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങൾക്ക് ഇഷ്ടമല്ലാതായിട്ട് കാലമെത്രയോ ആയി. പുതിയ കേരള സാഹചര്യത്തിൽ കോൺഗ്രസിൽ വഴക്കുണ്ടാക്കി അവസരം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നവരെ നോക്കി സാധാരണ ജനം ദേഷ്യം കൊണ്ട് പല്ലിറുമ്മുന്നുണ്ട്. ജനവികാരം കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്നാണ് തോന്നുന്നത്.
'കാവ്യം സുഗേയം, കഥ രാഘവീയം... എന്ന് തുടങ്ങി ആനന്ദ ലബ്ധിക്കിനിയെന്ത് വേണം ... എന്ന് അവസാനിക്കുന്ന വരികളിൽ മഹാകവി വള്ളത്തോൾ വാഴ്ത്തുന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ആധ്യാത്മരാമായണം സ്വതന്ത്ര പരിഭാഷയെയാണ്.
കോഴിക്കോട് എം.പി എം.കെ രാഘവൻ കോൺഗ്രസിൽ ഉയർത്തിയ എതിർശബ്ദത്തിന് ഇതുമായൊന്നും ബന്ധമില്ല. പക്ഷേ കോൺഗ്രസിലെ പുതിയ രാഘവീയം കഥ രാഘവനിൽ തുടങ്ങി, രാഘവനിൽ അവസാനിക്കുമെന്നാണ് മനസ്സിലാക്കുന്നത്.
നിരവധി കാരണങ്ങളാൽ കോൺഗ്രസിലെ വിവിധ വ്യക്തികളിൽ നീറിപ്പുകയുന്ന അമർഷം ഒരവസരം വരുമ്പോൾ പുറത്ത് വരികയും ,അതങ്ങനെ തന്നെ കെട്ടടങ്ങുകയും ചെയ്യുന്നതാണ് സമീപകാല അനുഭവം. തെരഞ്ഞെടുപ്പ് വിജയം മുഖ്യ ലക്ഷ്യമായി കണ്ട് പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം തർക്കങ്ങൾ അത്ര സുഖകരമല്ലെങ്കിലും ഇടവേളകളിൽ അരോചകമായ ചടങ്ങായി അതാവർത്തിക്കുന്നു.
കോൺഗ്രസല്ലേ അങ്ങനെയൊക്കെയുണ്ടാകും എന്ന് വിചാരിക്കുന്നവരുടെ നിലപാടായിരിക്കും ശരി. ഇതാ ഇപ്പോൾ പൊട്ടും എന്ന മട്ടിൽ കാര്യങ്ങൾ എത്തുമെങ്കിലും അത് വളർത്തിയെടുക്കാനുള്ള ഗ്രൂപ്പോ, ഗ്രൂപ്പ് നേതാക്കളോ ഇന്ന് കോൺഗ്രസിൽ ഇല്ല. എം.കെ. രാഘവനും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി നല്ല സ്വരച്ചേർച്ചയിലല്ലെന്നാണ് മനസ്സിലാക്കുന്നത്. എ. ഗ്രുപ്പുകാരനും എ.കെ. ആന്റണിയുടെ സ്വന്തം ആളുമായിരുന്ന രാഘവൻ ശശി തരൂർ വിഷയത്തിലാണ് പാർട്ടി നിലപാടിന് വിരുദ്ധമായി പരസ്യമായി രംഗത്തെത്തിയത്.
തരൂർ ക്യാമ്പിന്റെ നായകനായി രംഗത്ത് വന്ന രാഘവൻ അവിടെയും കിട്ടിയ അവസരം ഉപയോഗിച്ചു നോക്കുകയായിരുന്നു. ആരും അതൊന്നും വല്ലാതെ ഗൗനിച്ച മട്ടില്ല. ശശി തരൂരല്ല, ആരായാലും അന്തിമ തീരുമാനം കോൺഗ്രസ് നേതൃത്വത്തിന്റേതായിരിക്കും എന്ന് വന്നതോടെ തന്റെ നീക്കം പാളിയതായി രാഘവന് തോന്നിയിരിക്കാം. ഇങ്ങനെയൊരു ഘട്ടത്തിലാണ് കോഴിക്കോട്ട് നടന്ന അഡ്വ. പി. ശങ്കരൻ അനുസ്മരണത്തിൽ രാഘവൻ പൊട്ടിത്തെറിച്ചത്.
പാർട്ടി പുനഃസംഘടനയിൽ സ്വന്തക്കാർക്ക് പകരം അർഹരായവരെ കൊണ്ടുവരണമെന്നും ഉപയോഗിച്ച് പുറംതള്ളലാണ് ഇപ്പോഴത്തെ പാർട്ടി സംസ്കാരമെന്നുമായിരുന്നു രാഘവന്റെ വിവാദമായ വിമർശനം. വിയോജനവും വിമർശനവും പറ്റാത്ത രീതിയിലേക്ക് പാർട്ടി എത്തി.
സ്ഥാനമാനം നഷ്ടപ്പെടുമെന്ന് ഭയന്ന് ആരും മിണ്ടുന്നില്ല. സംഘടന തെരഞ്ഞെടുപ്പില്ല. കെ.പി.സി.സി പട്ടിക ഘട്ടംഘട്ടമായി പുറത്തു വിടുന്നു. രാജാവ് നഗ്നനാണെന്ന് പറയാൻ ആരും തയാറല്ലെന്നും രാഘവൻ രോഷംകൊണ്ടിരുന്നു.
നിലവിലുള്ള 300 പേരെ കൂടാതെ 50 പേരെ കൂടി കെ.പി.സി.സി അംഗങ്ങളാക്കാനുള്ള നീക്കം എതിർപ്പിനെ തുടർന്നായിരുന്നു മരവിപ്പിച്ച അവസ്ഥയിലായത്. ഈ സാഹചര്യവും രാഘവൻ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്.
കെ.പി.സി.സി നേതൃത്വത്തെ വിമർശിച്ച എം.കെ. രാഘവന്റെ നിലപാടിനോട് കെ. മുരളീധരൻ കൗശലത്തോടെയാണ് പ്രതികരിച്ചത്. എം.കെ. രാഘവന് പരസ്യ പിന്തുണ നൽകാൻ മുരളീധരൻ തയാറായിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവൻ പറഞ്ഞതെന്നും പാർട്ടിക്കുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നുമുള്ള മുരളീധരന്റെ വാക്കുകൾ രാഘവന് നൽകുന്ന പരസ്യ പിന്തുണയായി വ്യാഖ്യാനിക്കാനാകില്ല.
ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ലെന്ന മുരളീധരന്റെ വിമർശവും പൊതു പ്രസ്താവനയായി കാണാം. മിണ്ടാതിരുന്നാലാണ് കോൺഗ്രസിൽ ഗ്രേസ് മാർക്കെന്നും അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന് പറഞ്ഞ മുരളി എം.കെ. രാഘവനെതിരെ കോഴിക്കോട് ഡി.സി.സി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡി.സി.സി പ്രസിഡന്റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നാണ് പറഞ്ഞത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ മുരളീധരന്റെ ഏറ്റവും അടുത്ത ആളാണ്. രാഘവന്റെ പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അഭിപ്രായം പാർട്ടിക്കുള്ളിലാകണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു കഴിഞ്ഞു- എ.ഐ.സി.സിയിൽ വേണുഗോപാൽ ശക്തനാണ്.
നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ മറുപടി പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്നായിരുന്നു മുൻ അധ്യക്ഷൻ വി.എം. സുധീരന്റെ ഒഴിഞ്ഞു മാറുന്ന നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകട്ടെ, രാഘവനെയും ഉൾക്കൊണ്ട് വേണം മുന്നോട്ട് പോകാനെന്ന നിലപാടുകാരനാണ്.
എം.കെ. രാഘവനെതിരെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി വിവാദം അവസാനിപ്പിക്കാനാണ് സാധ്യത. പാർട്ടി പുനഃസംഘടനയുടെ ഘട്ടത്തിൽ രംഗം വഷളാക്കുന്നതിനോട് കൂടുതൽ പേർക്കും യോജിപ്പില്ല. അസ്വാരസ്യങ്ങൾ പുകയുന്ന കോൺഗ്രസിനെ ആ പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങൾക്ക് ഇഷ്ടമല്ലാതായിട്ട് കാലമെത്രയോ ആയി. പുതിയ കേരള സാഹചര്യത്തിൽ കോൺഗ്രസിൽ വഴക്കുണ്ടാക്കി അവസരം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നവരെ നോക്കി സാധാരണ ജനം ദേഷ്യം കൊണ്ട് പല്ലിറുമ്മുന്നുണ്ട്. ജനവികാരം കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്നാണ് തോന്നുന്നത്.






