കൊച്ചി ആശങ്കയുടെ പുകച്ചുരുളുകളില്‍, ദേശീയ പാതയിലേക്കും പുക

കൊച്ചി- ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക കൂടുതല്‍ സ്ഥലങ്ങളിലേക്ക് പാലാരിവട്ടം ബൈപ്പാസിലും കലൂര്‍ സ്‌റ്റേഡിയം പരിസരത്തും പുക പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ദേശീയ പാതയിലേക്കും പുക പടരുന്നുണ്ട്.
തീപിടുത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തുമെന്നാണ് സൂചന. വന്‍ പാരിസ്ഥിതിക ആഘാതമാണ് മാലിന്യ പ്ലാന്റില്‍ തീപിടിച്ചതു മൂലം ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും.
തീപ്പിടിത്തത്തില്‍ 15 ദിവസത്തിനകം നഗരസഭ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മാലിന്യ പ്ലാന്റിലെ തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയാറാകണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഭാവിയില്‍ തീപ്പിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തില്‍ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

 

Latest News