Sorry, you need to enable JavaScript to visit this website.

എന്നാ പിന്നെ ചങ്ങാതിമാരെ ക്യാമറയും തൂക്കി  ബെഡ് റൂമിലേക്ക് പോരൂ-സെയിഫ് അലി ഖാന്‍ 

മുംബൈ-പ്രമുഖ സിനിമാ താരങ്ങളുടെയും പ്രശസ്തരുടേയുമൊക്കെ പിറകേ പാപ്പരാസികള്‍ ഓടുന്നത് പുതിയ കാര്യമല്ല.  ഈയടുത്താണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനും ഇത്തരത്തിലൊരു അനുഭവമുണ്ടായത്. തന്റെ വീടിന്റെ കോമ്പൗണ്ടിനകത്തേക്ക് കയറിവന്ന പാപ്പരാസികള്‍ക്ക് ചുട്ട മറുപടി കൊടുത്ത സെയ്ഫ് അലി ഖാന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
വെള്ളിയാഴ്ചയാണ് സെയ്ഫും കരീന കപൂറും ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഒരു കൂട്ടം പാപ്പരാസികള്‍ ക്യാമറകളുമായി ഓടിയെത്തിയത്. എന്നാല്‍ റോഡും കടന്ന് കോമ്പൗണ്ടിനകത്തേക്ക് സംഘം പ്രവേശിച്ചപ്പോള്‍ നിയന്ത്രണം വിട്ട സെയ്ഫ് ഖാന്‍ പ്രകോപിതനായി. 'ഒരു കാര്യം ചെയ്യ്, കിടപ്പുമുറിയിലേക്ക് കൂടി കടന്നുവരൂ' എന്ന് ദേഷ്യത്തോടെ സെയ്ഫ് പ്രതികരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സെയ്ഫ് അലി ഖാന്‍ തന്റെ ഗാര്‍ഡിനെ പിരിച്ചുവിട്ടെന്നും പാപ്പരാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നു. ഇക്കാര്യത്തിലാണ് സെയ്ഫിന്റെ വിശദീകരണം.
കാവല്‍ക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ലെന്നും ഫോട്ടോ ജേണലിസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും സെയ്ഫ് പ്രതികരിച്ചു. ഗേറ്റിലൂടെ സ്വകാര്യ വസതിയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡിനെ വരെ മറികടന്ന് വന്നത് തെറ്റാണ്. ഇരുപതോളം ലൈറ്റുകളും കാമറകളും അവര്‍ വീടിനകത്തേക്ക് കൊണ്ടുവന്നു. ഇത് തീര്‍ത്തും തെറ്റായ നടപടിയാണ്. എല്ലാത്തിനും പരിധി വേണം. എപ്പോഴും ജേണലിസ്റ്റുകളോട് സഹകരിക്കുന്നവരാണ് ഞങ്ങള്‍.പക്ഷേ അനുവാദമില്ലാതെ സ്വകാര്യ സ്ഥലത്തേക്ക് വരരുത്. സെയ്ഫ് പ്രതികരിച്ചു.

Latest News