വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്‍കിത്തുടങ്ങി; ചരിത്ര നിമിഷം കാണാം

റിയാദ് - അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കു പകരം വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്‍കിത്തുടങ്ങി. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളുടെ സത്യാവസ്ഥയും വനിതകളുടെ ഡ്രൈവിംഗ് പരിജ്ഞാനവും ഉറപ്പുവരുത്തിയാണ് സൗദി ലൈസന്‍സുകള്‍ അനുവദിക്കുന്നത്. 
ഇന്നലെ വിവിധ പ്രവിശ്യകളില്‍ നിരവധി സൗദി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി. ലൈസന്‍സ് ലഭിച്ചതില്‍ ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഈ മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍വരും. 
വിദേശ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സൗദി ലൈസന്‍സ് നല്‍കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് 21 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറൈദ, ഉനൈസ, ഹായില്‍, തബൂക്ക്, ജിദ്ദ, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, ഖുറയ്യാത്ത്, സകാക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങളുള്ളത്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒറിജിനലാണെന്നും അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് വശമാണെന്നും ഉറപ്പുവരുത്തിയാണ് ലൈസന്‍സ് മാറ്റിനല്‍കുക. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ഇതിനകം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. മറ്റേതാനും നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്.

Latest News