Sorry, you need to enable JavaScript to visit this website.

Video: മെസിയാണ് മികച്ച താരം; താൻ പോയി മെസിയുടെ കളി കാണൂവെന്ന് റൊണാൾഡോ

റിയാദ് -കളത്തിനും പുറത്തും ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇരുവരിൽ ആരാണ് ലോകോത്തര താരമെന്നുള്ള ചർച്ചക്കും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെയാണ് മെസിയെ പുകഴത്തിയ ആരാധകന് റിയാദിൽ വായടപ്പൻ മറുപടിയുമായി ക്രിസ്റ്റ്യാനോ എത്തിയത്. സൗദി റോഷൻ ലീഗിന്റെ ഭാഗമായി അന്നസ്ർ, അൽബാത്തിൻ ക്ലബ്ബുകൾ തമ്മിലെ മത്സരം പൂർത്തിയായ ശേഷമാണ് റൊണാൾഡോയെ പ്രകോപിപ്പിക്കുന്ന പരാമർശം ആരാധകരിൽ ഒരാൾ നടത്തിയത്. മെസ്സിയാണ് കൂടുതൽ മികച്ച കളിക്കാരൻ എന്നായിരുന്നു ആരാധകൻ റൊണാൾഡോ കേൾക്കെ വിളിച്ചുപറഞ്ഞത്. എങ്കിൽ എന്തിനാണ് ഇവിടെ വന്നതെന്നും ഇവിടെ നിൽക്കാതെ മെസ്സിയുടെ കളി കാണാൻ നോക്ക് എന്നുമായിരുന്നു റൊണാൾഡോയുടെ മറുപടി. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. അന്നസ്ർ, അൽബാത്തിൻ ക്ലബ്ബുകൾ തമ്മിലെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അന്നസ്ർ വിജയിച്ചിരുന്നു.
 

അതേസമയം, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ അടുത്തു കാണാനുള്ള സിറിയൻ ബാലൻ നബീൽ സഈദിന്റെ സ്വപ്‌നം ഇതേ മത്സരത്തിൽ സഫലമായിരുന്നു. റൊണാൾഡോയെ നേരിട്ട് കാണാനും ആശ്ലേഷിക്കാനും സ്‌നേഹം പങ്കുവെക്കാനും നബീൽ സഈദിന് സാധിച്ചു. കഴിഞ്ഞ മാസം സിറിയയിലും തുർക്കിയിലും അര ലക്ഷത്തിലേറെ പേരുടെ ജീവൻ കവരുകയും കൊടും നാശം വിതക്കുകയും ചെയ്ത ഭൂകമ്പങ്ങൾക്കു പിന്നാലെയാണ് സിറിയയിൽ ഭൂകമ്പബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന യു.എ.ഇ സംഘത്തിനൊപ്പമെത്തിയ യു.എ.ഇ മാധ്യമപ്രവർത്തകനു മുന്നിൽ റൊണാൾഡോയെ കാണാനുള്ള ആഗ്രഹം അനാഥ ബാലൻ വെളിപ്പെടുത്തിയത്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ബാലനെ കണ്ടെത്തി റിയാദിലെത്തിക്കാൻ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് മറ്റുള്ളവരുടെ സഹായം തേടുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് മാതാവിനും സഹോദരങ്ങൾക്കുമൊപ്പം വിമാന മാർഗം നബീൽ സഈദ് റിയാദിലെത്തി. സിറിയയിലെ ലഡാകിയയിലെ മസ്ബഹ് അൽശഅബ് പ്രദേശത്താണ് നബീൽ സഅദും കുടുംബവും കഴിയുന്നത്. സൗദി റോഷൻ ലീഗ് മത്സരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം റിയാദ് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന അന്നസ്ർ, അൽബാത്തിൻ ക്ലബ്ബുകളുടെ മത്സരം വീക്ഷിക്കാൻ മാതാവിനും സഹോദരങ്ങൾക്കുമൊപ്പം നബീൽ സഈദ് സ്റ്റേഡിയത്തിൽ എത്തുകയും ക്രിസ്റ്റ്യനോ റൊണാൾഡോയെ നേരിട്ട് കാണുകയുമായിരുന്നു.

സിറിയൻ ബാലനും റൊണാൾഡോയും തമ്മിലുള്ള, കാത്തിരുന്ന സമാഗമത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ തുർക്കി ആലുശൈഖ് പുറത്തുവിട്ടു. ഇഷ്ട താരത്തെ കണ്ടയുടൻ ഓടിയണഞ്ഞ് റൊണാൾഡോയെ നബീൽ സഈദ് വാരിപ്പുണർന്നു. ബാലനെ റൊണാൾഡോ ഊഷ്മളമായി ആശ്ലേഷിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇഷ്ട താരത്തെ നേരിൽ കാണണമെന്ന സ്വപ്‌നം സഫലമായതിൽ ബാലൻ അതിയായ സന്തോഷം പ്രകടിപ്പിച്ചു. നിന്റെ സന്തോഷം എന്റെയും സന്തോഷമാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും ഉദാരമതികളായ സൗദി ജനതയെയും സർവശക്തൻ കാക്കുമാറാകട്ടെ...ലോക ഫുട്‌ബോൾ താരത്തിന് നന്ദി -വീഡിയോ പോസ്റ്റ് ചെയ്ത് തുർക്കി ആലുശൈഖ് കമന്റ് ചെയ്തു.

Latest News