മലപ്പുറം സ്വദേശിയുടെ അറസ്റ്റ്; ദേശീയ മാധ്യങ്ങളില്‍ വാര്‍ത്തയാക്കി യു.പി പോലീസ്

ആഗ്ര- യു.പിയിലെ ഹാത്രസില്‍ രണ്ടു വര്‍ഷം മുമ്പ് കലാപത്തിനു ഗുഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നിരോധിത പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മലയാളിയെ അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പ്രത്യേക ദൗത്യ സേന (യു.പി-എസ്.ടി.എഫ്) അറിയിച്ചു. ഹാത്രസില്‍ 19 കാരി ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുശേഷം കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കമാല്‍ കെ.പി എന്നയാളാണ് അറസ്റ്റിലായതെന്നും ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും അഡീഷണല്‍ ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
നിരോധിത പി.എഫ്.ഐയുടെ നേതാക്കളില്‍ ഒരാളാണ് കേരളത്തില്‍ അറസ്റ്റിലായതെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2020 ഒക്ടൊബറില്‍ മഥുര ജില്ലയിലെ മന്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമാലിനെ അറസ്റ്റ് ചെയ്തത്. കേസ് വിശദമായ അന്വേഷണത്തിന് പ്രത്യേക ദൗത്യ സേനക്ക് കൈമാറിയതായി മഥുര പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹാത്രസ് സംഭവത്തിനുശേഷം രഹസ്യ യോഗം ചേരാനും അക്രമങ്ങള്‍ നടത്താനും കമാല്‍ ശബ്ദസന്ദേശം അയച്ചുവെന്നാണ് എസ്.ടി.എഫ് പറയുന്നത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്നും പോലീസ് പറയുന്നു. രണ്ടുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ലഖ്‌നൗവില്‍ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സക്വാഡ് തലവന്‍ ബദറുദ്ദീനുമായും കമാലിനു ബന്ധമുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു.
ഹാത്രസില്‍ 19 കാരി ദലിത് പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
    2020 സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തി അലിഗഡിലെ ആശുപത്രിയിലേയ്ക്കും പിന്നീട് ദല്‍ഹിയിലേക്കും കൊണ്ടുപോയെങ്കിലും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. അതിന് ശേഷം യുപി പോലീസും ഉദ്യോഗസ്ഥരും മൃതദേഹം ധൃതിയില്‍ ആംബുലന്‍സില്‍ കൊണ്ടുപോയി അപ്പോള്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News