പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

കൊച്ചി- പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ കണ്‍വേര്‍ഷന്‍ ടാങ്ക്  പൊട്ടിത്തെറിച്ചു ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ഒഡീഷ സ്വദേശി പ്രകാശ് മണ്ഡല്‍ മകന്‍ രത്നകുമാര്‍ മണ്ഡല്‍ (20) ആണ് മരിച്ചത്. ഒറീസ സ്വദേശി ശ്രീകൃഷ്ണ മൈതി (30), ആസം സ്വദേശികളായ ആരിഫ് ഉദ്ധീന്‍ (27), ഇക്കാമുല്‍ ഹഖ് (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്ലപ്ര കുട്ടിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന പ്ലൈകോണ്‍ ലാമിനേറ്റ്‌സ് എന്ന പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ രാവിലെ 10:30 ഓടെയാണ് അപകടമുണ്ടായത്. വന്‍ ശബ്ദത്തോടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നു. കണ്‍വെര്‍ഷന്‍ ടാങ്ക് തകര്‍ന്ന് ദേഹത്തേക്ക് ഓയില്‍ വീണാണ് അപകടം. നാലുപേരെയും ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രതനകുമാറിനെ രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേരില്‍ ശ്രീകൃഷ്ണ മൈതി  കോട്ടയം മെഡിക്കല്‍ കോളേജിലും  രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. മുടിക്കല്‍ സ്വദേശി പറയന്‍കുടി വീട്ടില്‍ ഹക്കീമിന്റെ ഉടമസ്ഥയിലുള്ളതാണ് കമ്പനി. ചൂട് കൂടിയതും കണ്‍വേര്‍ഷന്‍ ടാങ്കിലെ വെള്ളം കുറഞ്ഞുതമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയര്‍ ഫോഴ്‌സ് പറഞ്ഞു.

 

Latest News