ചിതലരിക്കാത്ത ഹാജർ പട്ടിക

കോഡൂർ പഞ്ചായത്തിലെ ഒറ്റത്തറ പാട്ടുപാറക്കുളമ്പ് എ.എം.എൽ.പി സ്‌കൂളിലെ 1995-96 വർഷത്തെ നാലാം ക്ലാസുകാരുടെ ഒത്തുകൂടൽ മലപ്പുറം കുന്നുമ്മൽ ശാന്തി തീരത്ത്
അടുത്ത മാസം വിരമിക്കുന്ന പാട്ടുപാറ സുബൈർ മാസ്റ്റർ

നാലാം തരത്തിൽ നിന്ന് പടിയിറങ്ങിയ ശേഷം ജീവിതത്തിൽ ഇനിയൊരിക്കലും കാണില്ലെന്ന് വിചാരിച്ചവർ ഒരു അത്ഭുത സ്വപ്നം പോലെ വീണ്ടും ഒന്നിക്കുമ്പോൾ അതിന്റെ സന്തോഷവും ആഹ്ലാദവും വാക്കുകൾക്ക് അതീതമാണ്.  സഹപാഠികളുടെ ഹൃദ്യമായൊരു സ്‌നേഹസംഗമം.   കുട്ടിക്കാലത്തെ കൗതുകങ്ങൾ പങ്കുവെച്ച് വീണ്ടും  ഒത്തുചേർന്നപ്പോൾ സ്‌നേഹത്തിന് അതിരില്ലായിരുന്നു. 

 

കോവിഡ് അതിജീവനത്തിന് ശേഷം പൂർവ വിദ്യാർഥി സംഗമങ്ങളുടെ മധുരിക്കും ഓർമകളുടെ കാലമാണിപ്പോൾ. യു.പി, ഹൈസ്‌കൂൾ, കോളേജ് തലങ്ങളിലുള്ളവരുടെ സഹപാഠി സംഗമങ്ങൾ നിരവധി നടക്കുന്നുണ്ട്. 
ഓർമകൾ പങ്കുവെക്കാനായി അക്ഷരത്തറവാടുകളുടെ തിരുമുറ്റത്ത് ഒത്തുകൂടൽ പതിവ് കാഴ്ചയാകുന്നു. ഓരോ അവധി ദിനങ്ങളും 
സ്‌കൂൾ മുറ്റങ്ങൾ ഒരോ പുതിയ ചരിത്രത്തിനു സാക്ഷിയാവുകയാണ്. പതിനഞ്ച് വർഷം മുതൽ അറുപത്തിയഞ്ച് വർഷം മുമ്പ് വരെ പാഠശാല വിട്ടേച്ചു പോയവരാണ് ഓർമകൾക്ക് പുനർജന്മം നൽകപ്പെടുന്ന പകലുകൾക്കായി പഴയ ക്ലാസ് മുറിയിലും സ്‌കൂൾ മുറ്റത്തും ജീവിച്ചിരിക്കുന്ന ഗുരുനാഥന്മാരുടെ കൂടെ ഒത്തുകൂടുന്നത്. ഗോട്ടി കളിച്ചും തൊട്ട് കളിച്ചും പിണങ്ങിയും പിച്ചിയും
അകന്നും അടുത്തും കണ്ണുരുട്ടിയും കണ്ണെഴുതിയും കട്ടെഴുതിയും കഥ പറഞ്ഞും സ്‌കൂൾ വരാന്തയിലൂടെ സഞ്ചരിച്ചവർ,
തോട് താണ്ടിയും തോളിൽ കൈയിട്ടും ബസിൽ തിരക്കിയും 
ബഡായി കാച്ചിയും കഴിഞ്ഞു പോയ സ്മൃതികാലം.
പാവാടച്ചുളിവിൽ ഒളിപ്പിച്ചുവെച്ച അച്ചിപ്പുളിയും കൈയിൽ അമർത്തിപ്പിടിച്ച മാങ്ങ അണ്ടിയും ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് മാറ്റപ്പെട്ടപ്പോൾ നാവിലെ ഈർപ്പം വറ്റാറില്ലായിരുന്നു ആ കാലം,
പിന്നീട് പലരും പല വഴിക്കായി. പഠനം തുടർന്നവരും മതിയാക്കി കളം മാറ്റിച്ചവിട്ടിയവരും. പ്രവാസിയായി കടൽ കടന്നവരും അധ്യാപനവും കച്ചവടവും മറ്റു തൊഴിലുകളുമായി കരയിൽ തന്നെ തങ്ങിയവരും, പ്രവാസിയായി കടൽ കടന്നവരും അധ്യാപനവും കച്ചവടവും മറ്റു തൊഴിലുകളുമായി കരയിൽ തന്നെ തങ്ങിയവരും, കെട്ടിയവനും കെട്ടിയവളുമായി. പിന്നെ കുട്ടികളും പേരക്കുട്ടികളും. ഇതായിരുന്നുവല്ലോ ജീവിതത്തിലെ വരുമാനം.

ഉന്തുവണ്ടിക്കാരന്റെ പെട്ടിക്കടയിൽ നിന്നും ലോസഞ്ചർ മിഠായിയും ഉപ്പിലിട്ട മാങ്ങയും വാങ്ങിയ കൈകളിൽ ഇന്ന് ചുളിവുകൾ വീണിരിക്കുന്നു.
അന്ന് കോരിയിട്ട തലമുടികളിൽ ഇന്നൽപം അഹങ്കാരത്തോടെ വെള്ളിനൂലുകൾ തല ഉയർത്തി നിൽക്കുന്നു.
കാലചക്രം തിരിഞ്ഞാലും നിന്നെ ഞാൻ മറക്കില്ല എന്ന് ഓട്ടോഗ്രഫിൽ എല്ലാവരും എഴുതി. അങ്ങനെ പലരും പലതും കുറിച്ചു.
കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.
പലരും പലരെയും മറന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഓർമയുടെ തിമിര മറ നീക്കപ്പെടുകയാണ്. അതേ മേൽക്കൂരക്ക് താഴെ പഴയ ചുമരുകൾക്കും തൂണുകൾക്കുമിടയിൽ വീണ്ടും ഒത്തുകൂടുന്നു.
എന്നാൽ എൽ.പി സ്‌കൂൾ ക്ലാസുകളിലുള്ളവർ
ചിതലരിക്കാത്ത ഹാജർ പട്ടിക പൊടിതട്ടിയെടുത്ത് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നത് അപൂർവമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറിലധികം സംഗമങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും മലപ്പുറം കോഡൂർ പഞ്ചായത്തിലെ ഒറ്റത്തറ എ.എം.എൽപി സ്‌കൂളിലെ 1995-96 വർഷത്തെ നാലാം ക്ലാസുകാരുടെ ഒത്തുകൂടൽ വേറിട്ട അനുഭമാണ് സമ്മാനിച്ചത്. നാലാം ക്ലാസിൽ നിന്ന് പിരിഞ്ഞവർ പല വഴികളിലൂടെ സഞ്ചരിച്ചു. പഴമകൾ പറയാനും പരിചയം പുതുക്കാനുമായി തേൻമിഠായിയും 'കടിച്ചാപറിച്ചി' യും പുളിയച്ചാറുമായി 27 വർഷത്തിന് ശേഷം മലപ്പുറം കുന്നുമ്മൽ ശാന്തിതീരത്തെ കാറ്റിന്റെ രുചി അവർ നുകർന്നു. ഒറ്റത്തറ എ.എം.എൽ.പി സ്‌കൂളിലെ പ്രധാന അധ്യാപകൻ പാട്ടുപ്പാറ സുബൈർ മാസ്റ്ററുടെ യാത്രയയപ്പിന്റെ മുന്നോടിയായിട്ടാണ് ചിതലരിക്കാത്ത ഹാജർ പട്ടികയുമായി രണ്ട് മാസത്തെ അന്വേഷണത്തിലൂടെ 'മാഷുടെ കുട്ടികൾ'
ഒത്തുകൂടിയത്. ടി.കെ. നിസാം, കെ.എം.അബ്ദുൽ നാസർ, കെ. കെ.ആരിഫ് റിയാസ്, എസ്. സാജിത, വില്ലൻ ശക്കീറ, മച്ചിങ്ങൽ നസീമ എന്നിവരാണ് അപൂർയ കൂട്ടായ്മക്ക് നേതൃത്വം നൽകിയത്. ഒന്നിച്ചു പഠിച്ചവർ വീണ്ടും ഒരുമയുടെ ഓർരച്ചെപ്പ് പൊടിതട്ടി തുറന്നു. മധുരിക്കും ഓർമകളെ മലർമഞ്ചിൽ കൊണ്ടുവരുന്നു. പഴമകൾ പറഞ്ഞും പരിചയം പുതുക്കിയും കാണാമറയത്തെ കണ്ണികളെ കൺകുളിർക്കെ കണ്ടും അതീവ ഹൃദ്യമായ സംഗമം. കാൽ നൂറ്റാണ്ടിന്റെ മാധുര്യം. വീണ്ടും കാണാനും സഹപാഠികളുടെ സുഖദുഃഖങ്ങളിൽ പരസ്പരം പങ്കാളികളാവാനും പ്രയാസങ്ങളിൽ കൈത്താങ്ങാവാനും അവസരങ്ങൾ  എല്ലാ അർത്ഥത്തിലും നയനാനന്ദകരമാണ്.

വാട്‌സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയുടെ സഹായം ഇതിന് പ്രധാനമായും ഊർജമായി വർത്തിച്ചിട്ടുണ്ട്. നാലാം തരത്തിൽ നിന്ന് പടിയിറങ്ങിയ ശേഷം ജീവിതത്തിൽ ഇനിയൊരിക്കലും കാണില്ലെന്ന് വിചാരിച്ചവർ ഒരു അത്ഭുത സ്വപ്നം പോലെ വീണ്ടും ഒന്നിക്കുമ്പോൾ അതിന്റെ സന്തോഷവും ആഹ്ലാദവും വാക്കുകൾക്ക് അതീതമാണ്.  സഹപാഠികളുടെ ഹൃദ്യമായൊരു സ്‌നേഹ സംഗമം.   കുട്ടിക്കാലത്തെ കൗതുകങ്ങൾ പങ്കുവെച്ച് വീണ്ടും  ഒത്തുചേർന്നപ്പോൾ സ്‌നേഹത്തിന് അതിരില്ലായിരുന്നു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും വറുതിയുടെയും പറഞ്ഞാലും എഴുതിയാലും തീരാത്തത്ര അനുഭവങ്ങളിലൂടെയായിരുന്നല്ലോ അക്കാലത്തെ നമ്മുടെ പള്ളിക്കൂട ജീവിതം. അതിനാൽ അത്രമേൽ മധുരാർദ്രമായിരുന്നു അവരുടെ സ്‌നേഹ സംഗമവും.  സ്‌നേഹ മധുരവും വിളമ്പിയാണ് വീണ്ടും കാണാമെന്ന മോഹത്തോടെ അവർ പിരിഞ്ഞത്.

Latest News