ആത്മപരിശോധന വൈകിക്കരുത്

സൗദിയിലെ  പ്രവാസ ജീവിത കാലത്ത് വിവിധ അന്താരാഷ്ട്ര വിദ്യാഭ്യാസ തൊഴിൽ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെയും ജീവനക്കാരെയും ഇന്റർവ്യൂ ചെയ്യാനും  പരിശീലിപ്പിക്കാനും  അവസരം ലഭിച്ചപ്പോഴെല്ലാം എനിക്ക് നേരിട്ട് പല തവണ  ബോധ്യപ്പെട്ട ഒരു യാഥാർഥ്യം പങ്കുവെക്കട്ടെ.
ചെറിയ ക്ലാസ് മുതൽ ഇംഗ്ലീഷ് ഭാഷ ഒരു പഠന വിഷയമായിട്ട് പോലും വേണ്ടത്ര അനായാസേനയും  ആത്മവിശ്വാസത്തോടെയും   സംസാരിക്കാനും ആശയ വിനിമയം നടത്താനും ഭൂരിപക്ഷം മലയാളി  തൊഴിലന്വേഷകർക്കും  കഴിയാറില്ല എന്ന വസ്തുതയാണത്.

ഈ അടുത്ത പങ്കെടുത്ത  ഒരു ക്യാമ്പിൽ ഒരു സെഷൻ  കോളേജുകളിൽ  വിവിധ ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിയായിരുന്നു.
അധ്യാപകർക്ക് മുന്നിൽ സ്‌കൂളുകളിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ട്  അവർ മനം തുറന്ന് പങ്ക് വെച്ച കാര്യങ്ങൾ  അധികൃതരും രക്ഷിതാക്കളും അധ്യാപകരും ഗൗരവമായി  പരിഗണിക്കേണ്ടതുണ്ട്.  
ഉന്നത കലാലയങ്ങളിൽ പഠിച്ച് മികച്ച മാർക്കോടെ പാസായ  പലർക്കും പ്രൊഫഷനലുകൾക്ക്  അവശ്യം വേണ്ട വിനിമയ ശേഷി ഇല്ലാതെ വിയർക്കുന്നതിന്റെയും വെപ്രാളപ്പെടുന്നതിന്റെയും കാരണം തേടുമ്പോൾ ആ വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഏറെ പ്രസക്തം തന്നെയാണ്. നമ്മുടെ ക്ലാസ് മുറികളിൽ നടക്കുന്ന ഭാഷാ ബോധന രീതി പുതിയ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിൽ സത്വരമായി നവീകരിക്കേണ്ടതുണ്ട്.  മൂല്യനിർണയ രീതിയിലും കാതലായ മാറ്റം വരേണ്ടതുണ്ട്.  

കുട്ടികളിലെ ആത്മവിശ്വാസം പരിപോഷിപ്പിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസുകളിൽ നിന്നും വരുന്ന കുട്ടികളെ പരസ്പരം  താരതമ്യം ചെയ്യുന്ന ചില അധ്യാപകർ വിദ്യാർത്ഥികളിൽ ഏറെ നിരാശയുണ്ടാക്കുന്നതായി കുട്ടികൾ വെളിപ്പെടുത്തി. മലയാളം മീഡിയത്തിൽ പഠിച്ച് വന്നവർ പോലും ഉൾപ്പെടെ ഭൂരിപക്ഷം കുട്ടികളും ആവശ്യപ്പെട്ടത് പരമാവധി ഇംഗ്ലീഷിൽ തന്നെയായിരിക്കണം ഇംഗ്ലീഷ് ക്ലാസുകൾ എന്നതാണ്. കേവലം പരീക്ഷകൾക്ക് തയാറെടുപ്പിക്കുന്ന രീതിയിലുള്ള ബോധനം പഠനാനന്തരം പ്രയോജനപ്പെടുന്ന ഭാഷ പരിജ്ഞാനത്തിലേക്ക് നയിക്കുന്നില്ല എന്ന കാര്യം ഏറെ ഖേദത്തോടെയാണ് അവർ പങ്കുവെച്ചത്. ഉന്നതമായ സ്‌പെഷ്യലിസ്റ്റ്  പഠനത്തിലേക്ക് വിദ്യാർത്ഥികളെ പാകപ്പെടുത്തുന്ന   ഹയർ സെക്കണ്ടറി ക്ലാസുകളിൽ മറ്റു കോർ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും ഇംഗ്ലീഷിൽ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യം കുട്ടികൾ അടിവരയിട്ടു.

നിരന്തരം ഗ്ലോബൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ തൊഴിൽ സാഹചര്യത്തിൽ പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കാനും ക്ലാസ് റൂം പഠന ബോധന ശീലങ്ങളും മൂല്യ നിർണയ രീതികളും പുതിയ സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി നവീകരിക്കേണ്ടതുണ്ട്. കേൾവി, സംസാരം  വായന, എഴുത്ത് എന്നീ നാല് കഴിവുകളെയും വളർത്തുന്ന തരത്തിൽ പാഠപുസ്തകങ്ങൾ ആധുനികവൽക്കരിച്ച് പുനഃസംവിധാനിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ അന്യ ഭാഷ ബോധനത്തിന് സ്വീകരിക്കുന്ന പല തന്ത്രങ്ങളും നാം ഇനിയും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. കുട്ടികളിലെ സംസാര ശേഷി ക്രിയാത്മകമായി വർധിപ്പിക്കാൻ ക്ലാസുകളിൽ
ഗ്രൂപ്പ് ആക്ടിവിറ്റികളും പെയർ ആക്ടിവിറ്റികളും ശാസ്ത്രീയമായി ഉപയോഗിക്കത്തക്ക തരത്തിൽ പാഠഭാഗങ്ങൾ പുനഃസംവിധാനിക്കുകയും
വാർഷിക മൂല്യനിർണയത്തിൽ  കുട്ടികൾക്ക്  പ്രസന്റേഷനുകൾ നടത്തി  അവതരണത്തിന് ഗ്രേഡ്  നൽകുകയും വേണം. 
കൂടാതെ സമന്വയ വിദ്യാഭ്യാസ രീതിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ അധ്യാപകർ ശാക്തീകരിക്കപ്പെടേണ്ടതുമുണ്ട്. കാലാനുസൃതമായി അറിവിലും നൈപുണികളിലും  മാറ്റം വരുത്തി   ക്ലാസ് മുറികളിൽ ഏറെ പ്രയോജനപ്പെടുന്ന, പ്രസക്തരാവുന്ന തരത്തിൽ സ്വയം നവീകരിക്കാൻ തയാറാവാത്ത അധ്യാപകരും വിദ്യാഭ്യാസ സമ്പ്രദായവും ഒട്ടേറെ വെല്ലുവിളികൾ അനുദിനം നേരിടുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല. അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരുന്നത്  ഡിജിറ്റൽ കാലത്തെ ഇളംതലമുറയാണെന്നോർക്കുന്നതും നന്ന്.

Latest News