Sorry, you need to enable JavaScript to visit this website.

സംയുക്തയുടെ നന്മ ആരും കാണാതെ  പോകരുത്- സാന്ദ്ര തോമസ് 

കൊച്ചി- തെന്നിന്ത്യന്‍ താരം സംയുക്തയെ ചീത്ത വിളിക്കാനുള്ള തിരക്കാണ് എവിടേയും. കോടികളുടെ ബിഗ് ബിസിനസ് ചെയ്യുന്ന തെലുങ്കിലാണ് ഇനി ശ്രദ്ധിക്കുകയെന്ന് നടി പറഞ്ഞതോടെ വിമര്‍ശകര്‍ക്ക് വെച്ച നിലയായി. എന്നാല്‍ സംയുക്തയുടെ പ്രത്യേക ഗുണം എടുത്തു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സാന്ദ്ര തോമസ്.  സംയുക്ത എടക്കാട് ബെറ്റാലിയന്‍ സിനിമയുടെ സമയത്ത് തന്നെ സപ്പോര്‍ട്ട് ചെയ്ത അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ചിത്രം ഒരു വന്‍ വിജയം ആകാതിരുന്ന സാഹചര്യത്തില്‍ തന്റെ ബാക്കി പ്രതിഫലം സംയുക്ത വേണ്ടെന്ന് വെച്ചെന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് 

  പന്ത്രണ്ട് വര്‍ഷത്തെ എന്റെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. 
എടക്കാട് ബറ്റാലിയന്‍ സിനിമക്കു മുന്‍പ് 8 ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവാണ് ഞാന്‍. എടക്കാട് ബറ്റാലിയന്‍ സിനിമയില്‍ നായികയായി തീരുമാനിച്ചത് സംയുക്ത ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാന്‍ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍.  ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്ടിസ്റ്റിനെ വെച്ച് തരാമോ. അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാന്‍ ഓക്കേ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംയുക്ത എന്നോട് പറഞ്ഞു -ഇന്ന് ഞാന്‍ ചേച്ചിക്കാണ് നന്ദി എഴുതിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിര്‍മ്മാതാവെന്ന എന്ന നിലയില്‍ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിര്‍മ്മാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓര്‍ത്തു. 
മാസങ്ങള്‍ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാന്‍ സാധിച്ചിട്ടൊള്ളു. ഞാന്‍ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ടു എനിക്ക് തരാനുള്ള ബാലന്‍സ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിര്‍ബന്ധിച്ചാലും അത് ഞാന്‍ വാങ്ങില്ല. നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം.ആ കുട്ടിയുടെ വലിയ മനസിന് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു. 

Latest News