ടെഹ്‌റാന്‍- ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പുക ശ്വസിച്ച് ആശുപത്രിയിലായ സംഭവം അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. സ്ത്രീകളുടെ വിദ്യാഭ്യാസം തടയാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് സംശയമുയര്‍ന്നതിനെത്തുടര്‍ന്നാണിത്.
മുപ്പതോളം സ്‌കൂളുകളിലെ നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഇതുപോലെ ആക്രമണത്തിനിരയായത്. നവംബര്‍ മുതല്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നടക്കുന്നു. പല കുട്ടികളും രോഗബാധിതരായി ആശുപത്രികളിലാണ്. തുടക്കത്തില്‍ സംഭവം നിസ്സാരമാക്കി അധികൃതര്‍ തള്ളിയെങ്കിലും സമീപ ദിവസങ്ങളില്‍ ഇത് വലിയ തോതില്‍ ആവര്‍ത്തിച്ചതോടെയാണ് സംശയമുണ്ടായത്.
തലവേദന, ഹൃദയമിടിപ്പ് കൂടല്‍, അലസത അല്ലെങ്കില്‍ അനങ്ങാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ടാംഗറിന്‍, ക്ലോറിന്‍ അല്ലെങ്കില്‍ ക്ലീനിംഗ് ഏജന്റുകള്‍ തുടങ്ങിയ രാസവസ്തുക്കളുടെ ഗന്ധമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്.
ബുധനാഴ്ച 100ലധികം വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് ഗ്യാസ് ആക്രമണത്തിന്റെ സാധ്യത സംശയിക്കാന്‍ കാരണമായി.
ബുധനാഴ്ച നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 10 സ്‌കൂളുകള്‍ ലക്ഷ്യമിട്ടിരുന്നു. അതില്‍ ഏഴെണ്ണം വടക്കുപടിഞ്ഞാറന്‍ നഗരമായ അര്‍ദാബിലിലും മൂന്നെണ്ണം തലസ്ഥാനമായ ടെഹ്‌റാനിലുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.