Sorry, you need to enable JavaScript to visit this website.

2 കണ്‍ട്രീസിന്റെ രണ്ടാം ഭാഗം  വരുന്നു 

മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫിയൊരുക്കിയ ചിത്രമായിരുന്നു ടു കണ്‍ട്രീസ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. ദിലീപും മംമ്താ മോഹന്‍ദാസും ഒന്നിച്ച ചിത്രമായിരുന്നു 2 കണ്‍ട്രീസ്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു 2 കണ്‍ട്രീസ് പുറത്തിറങ്ങിയത്.കേരളത്തിലെ ഒരു യുവാവ് കാനഡയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിന് ലഭിച്ച വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു 2 കണ്‍ട്രീസ്. 
2015ല്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നത്. ദിലീപിന്റെ കരിയറിലാദ്യമായി അമ്പത് കോടി ക്ലബില്‍ കടന്ന ചിത്രം കൂടിയായിരുന്നു 2 കണ്‍ട്രീസ്. തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രം തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2 കണ്‍ട്രീസിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത് ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഷാഫി ദിലീപ് കൂട്ടുകെട്ടിലുളള പുതിയ ചിത്രം ഉണ്ടാവുക. 

Latest News