മാനുഷിക പരിഗണന അർഹിക്കുന്ന മഅ്ദനി

രണ്ട് പതിറ്റാണ്ടിലധികമായി ഭരണകൂടങ്ങൾ കള്ളക്കേസിൽ  കുരുക്കി വേട്ടയാടുന്ന അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി നിലവിൽ ആശങ്കാജനകമാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്. നീണ്ട ജയിൽ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തതുകൊണ്ട് നിരവധി രോഗങ്ങൾ ആദ്യമേ അലട്ടുന്ന മഅ്ദനി നിലവിൽ  സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കൂടി കാണിക്കുന്നു എന്നാണ്  വിശദ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. 
ഒരു അടിയന്തര ശസ്ത്രക്രിയ  വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.  അല്ലാത്ത പക്ഷം  ശരീരം തീർത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി  പരിശോധിച്ച ഒന്നിലധികം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു. കടുത്ത പ്രമേഹവും  വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ളതുകൊണ്ട് സർജറിക്ക് വിധേയമാകണമെങ്കിൽ  വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്.  നിലവിൽ ബാംഗ്ലൂരിൽ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളതെന്നും സുരക്ഷ വിഷയങ്ങൾ ഉയർത്തി പലപ്പോഴും ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.   പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഒരു വർഷം മുൻപ് പ്രകടമായപ്പോൾ ചികിത്സ തുടർച്ചയായി ലഭിക്കാത്തതുകൊണ്ടാണ് ഇപ്പോൾ അസുഖം ഗുരുതരാവസ്ഥയിലെത്തിയത്.
ഈ അവസ്ഥയിൽ മാനുഷിക പരിഗണനകൾ അടിസ്ഥാനമാക്കി മഅ്ദനിക്ക് ബംഗ്ലൂർ നഗരപരിധിയിൽ നിന്ന് പുറത്ത് വരാനുള്ള ജാമ്യം അനുവദിക്കണമെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബവും പി.ഡി.പിയും മനുഷ്യാവകാക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. 
കടുത്ത ജാമ്യ ഉപാധികൾ കാരണം ബാംഗ്ലൂരിൽ വിദഗ്ധ ചികിത്സ ലഭ്യമാകുന്നില്ല. കേരള സർക്കാർ സുപ്രീം കോടതിയിൽ കക്ഷി ചേരുകയും കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തുകയും ചെയ്യണമെന്നാണ് ആവശ്യം. കേരളത്തിൽ നിന്ന് സർക്കാർ പ്രതിനിധിയായ ഒരു മന്ത്രിയും ഭരണ മുന്നണിയുടെ ഭാഗമായ ഒരു എം.എൽ.എയും തൊട്ടടുത്ത ദിവസങ്ങളിൽ ബാംഗ്ലൂരിൽ മഅ്ദനിയെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ നേരിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. മഅ്ദനിയെ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ സംഘം സന്ദർശിച്ച് ആരോഗ്യാവസ്ഥ മനസ്സിലാക്കുകയും കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള അടിയന്തര ഇടപെടലാണുണ്ടാകേണ്ടത്. മഅ്ദനിയെ പ്രതി ചേർത്തിട്ടുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. നിരപരാധിയെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമുള്ള കേസിൽ കേസ് നടപടികൾ വൈകിപ്പിച്ചും ചികിത്സ നിഷേധിച്ചും മഅ്ദനിയുടെ ജീവൻ  നഷ്ടപ്പെടുത്താനാണ് കർണാടക സർക്കാരും അന്വേഷണ ഏജൻസികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആരോപണം. 
നീതിനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമായ അബ്ദുന്നാസർ മഅ്ദനി. രണ്ടു പതിറ്റാണ്ടിൽപരം കാരാഗൃഹ വാസത്തിനു ശേഷവും ചെയ്ത തെറ്റെന്താണെന്ന് ആർക്കുമറിയില്ല എന്നതാണ് ദയനീയം. കേരളവും തമിഴ്‌നാടും കർണാടകയും  ഭരിച്ച ഒരു സർക്കാരും മഅ്ദനിയുടെ വിഷയത്തിൽ ഒരു താൽപര്യവുമെടുത്തില്ല. 2008 ൽ ബാംഗ്ലൂരിൽ  നടന്ന ഏഴ് സ്ഫോടനങ്ങളിൽ രണ്ട് പേർ മരിച്ചു. ഇതിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആദ്യ രണ്ട് തവണയും മഅ്ദനിയുടെ പേരില്ലായിരുന്നു. മൂന്നാമത്തെ കുറ്റപത്രത്തിൽ പക്ഷേ അത് ഇടം പിടിച്ചു.  കുടകിൽ പോയി സ്ഫോടനത്തിനായി മദനി ക്യാമ്പ് നടത്തിയത്രേ. അക്കാലയളവിലെല്ലാം മഅ്ദനി 24 മണിക്കൂറും പോലീസ് വലയത്തിലായിരുന്നു എന്നതു പോലും സൗകര്യപൂർവം വിസ്മരിച്ചാണ് ഈ പ്രതി ചേർക്കൽ നടന്നത്. 
നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ, ഭീകരവാദത്തിന്റെ പേരിൽ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറുകണക്കിനാളുകളുടെ പ്രതീകമാണ് ഇന്ന് മഅ്ദനി. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം അത്തരത്തിലുള്ളവരുടെ എണ്ണം ഒരുപാട് വർധിച്ചു. അക്രമത്തിൽ മദനിക്കാണ് കാൽ നഷ്ടപ്പെട്ടത് എന്നത് ഇന്നെല്ലാവരും മറന്നു. ഗുജറാത്ത്, മുംബൈ, മുസഫർ നഗർ, കാണ്ടമാൽ പോലുള്ളയിടങ്ങളിൽ നടന്ന ഭയാനകമായ വംശീയ കൊലകൾക്കു കാരണക്കാരെന്നു തെളിഞ്ഞവർ പോലും അനുഭവിക്കാത്ത ശിക്ഷയാണ് മഅ്ദനി അനുഭവിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചതാണ് അതിന് അടിസ്ഥാന കാരണം. മുസ്‌ലിം സമൂഹത്തിലെ അടിത്തട്ടിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ പൊരുതുന്ന പ്രസ്ഥാനമായി പി.ഡി.പി മാറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മഅ്ദനിക്കെതിരായ ഗൂഢാലോചന നടന്നതെന്നു വേണം കരുതാൻ. ഒപ്പം മഅ്ദനി മുന്നോട്ടുവെച്ച ദളിത് - പിന്നോക്ക - ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയം പലർക്കും പേടിസ്വപ്‌നമാകുകയും ചെയ്തു. 
നേരത്തെ മഅ്ദനിയുടെ കേസിന്റെ വിചാരണ നീളുന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതേക്കുറിച്ചൊന്നും കേട്ടില്ല. കേസ് പതിവു പോലെ ഇഴയുകയാണ്. കോയമ്പത്തൂരിലുണ്ടായ പോലെ അവസാനം നിരപരാധിയെന്നു കണ്ട് വിട്ടയക്കുമായിരിക്കും. അപ്പോഴും നമ്മുടെ മതേതര മനസ്സ് പറയും  ആ താടിക്കാരന് അങ്ങനെ വേണം. സംഘിയും മതേതരക്കാരനും യുക്തിവാദിയുമെല്ലാം അവിടെ ഒന്നിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലമാണ് മഅ്ദനിക്ക് നഷ്ടപ്പെട്ടത്. ആർക്കൊക്കെയോ വേണ്ടി മഅ്ദനിയെ രക്തസാക്ഷിയാക്കുകയാണെന്നു വ്യക്തം. ഒപ്പം പലർക്കുമുള്ള രാഷ്ട്രീയ ഭീഷണി ഒഴിവാക്കുകയും. കേരളത്തിലെ ഇരുമുന്നണികളും ബി.ജെ.പിയും ഈ മനുഷ്യാവകാശ ലംഘനത്തിൽ പങ്കാളികളാണ്. 
കേസിൽ മഅ്ദനിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കർണാടക സർക്കാരിന്റെ വാദം. ലഷ്‌കർ ഭീകരൻ തടിയന്റവിട നസീറിന്റെ മൊഴി, കുടകിലെ തൊഴിലാളികളുടെ മൊഴി, തീവ്രവാദ ബന്ധം എന്നിങ്ങനെ നീളുന്നു അത്. എന്നാൽ ഇത്രയേറെ തെളിവുകളും സാക്ഷികളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാൻ സാധിക്കാതിരുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ബാംഗ്ലൂർ സ്ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പിൽ നടന്ന ഗൂഢാലോചനയിൽ മഅ്ദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാൽ ആ കേസുമായി മഅ്ദനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. 2007 ഓഗസ്റ്റ് ഒന്നിന് കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മഅ്ദനിക്ക് ബി കാറ്റഗറി സുരക്ഷയേർപ്പെടുത്തിയിരുന്നുവെന്നതാണ് യാഥാർഥ്യം. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗൺമാൻമാർ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅ്ദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദർശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നൽകണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തിൽ പോലും സുരക്ഷ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷക്കിടയിൽ മഅ്ദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത് എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. കോയമ്പത്തൂർ സ്ഫോടനക്കേസുകളിൽ കുറ്റാരോപിതനായി വർഷങ്ങളോളം ജയിലിൽ കിടന്ന മഅ്ദനി കേരളത്തിലെത്തിയ ശേഷം തന്റെ മുൻകാല പ്രസംഗങ്ങളിൽ സമൂഹത്തോട് ക്ഷമ ചോദിച്ചിരുന്നു.  പഴയ ഒരു പ്രസംഗത്തിന്റെ പേരിൽ മഅ്ദനിയെ കുടുക്കി തമിഴ്‌നാട് പോലീസിനു കൈമാറുകയും അത് ഭരണ നേട്ടമായി ആഘോഷിക്കുകയും ചെയ്ത നായനാരുടെ നടപടിയും മറക്കാൻ പാടില്ലാത്തതാണ്. 

Latest News