ഫോണ്‍ ചാര്‍ജ്  ചെയ്യവേ കോള്‍ സ്വീകരിച്ചു,  68കാരന്‍ തല ചിതറി തെറിച്ച് മരിച്ചു 

ഭോപാല്‍-സംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോണിന്റെ ബാറ്ററിയാണ് കത്തി സ്ഫോടനമുണ്ടായത്. ഫോണ്‍ ചാര്‍ജ്  ചെയ്യവേ കോള്‍ സ്വീകരിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ചയാണ് ദയാറാം ബറോഡ് എന്നയാള്‍ അപകടത്തില്‍ മരണപ്പെട്ടത്. ഇയാളുടെ ശരീരഭാഗങ്ങള്‍ക്കേറ്റ സാരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയുടെ ഭാഗം ചിതറിയ നിലയിലാണ് കണ്ടെത്തിയത്.ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ സുഹൃത്താണ് ദയാറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലഭാഗം തകര്‍ന്ന് ചിതറിക്കിടക്കുന്ന നിലയിലാണ് സുഹൃത്ത് കണ്ടതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കഷ്ണങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മറ്റ് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പടെയെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്ത് കൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതുമായി അപകടത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
 

Latest News