പാലക്കാട്- നെല്ലിയാമ്പതിയിൽ കേരള വനം വികസന കോർപ്പറേഷന് (കെ.എഫ്.ഡി.സി) പാട്ടത്തിന് നൽകിയ രണ്ട് എസ്റ്റേറ്റുകൾ വനംവകുപ്പ് ഏറ്റെടുക്കുന്നു. 242.62 ഏക്കർ വരുന്ന റോസറി എസ്റ്റേറ്റും 246.26 ഏക്കറുള്ള ബിയാട്രീസ് എസ്റ്റേറ്റുമാണ് കോർപ്പറേഷനിൽ നിന്ന് തിരിച്ചെടുക്കാൻ ധാരണയായിട്ടുള്ളത്. പറമ്പിക്കുളം കടുവ സംരക്ഷണ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടിടത്തും വിനോദസഞ്ചാരികൾക്കായുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചന. രണ്ടു കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഈ രണ്ട് എസ്റ്റേറ്റുകൾക്കൊപ്പം പന്ത്രണ്ട് വർഷം മുമ്പ് കോർപ്പറേഷന് പാട്ടത്തിന് നൽകിയിരുന്ന 486.63 ഏക്കർ വിസ്തൃതിയുള്ള മീരാ ഫ്‌ളോർ എസ്റ്റേറ്റിന്റെ പരിപാലനച്ചുമതല തുടർന്നും കോർപ്പറേഷന് തന്നെ ആയിരിക്കും.
നേരത്തേ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൈമാറിയിരുന്ന എസ്റ്റേറ്റുകൾ പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് ഏറ്റെടുത്ത് കെ.എഫ്.ഡി.സിയെ ഏൽപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പരിപാലനം നടത്താൻ കോർപ്പറേഷന് സാധിച്ചു. വരുമാനം കുറഞ്ഞതോടെയാണ് എസ്റ്റേറ്റുകൾ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സർക്കാരിനെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നെല്ലിയാമ്പതിയിൽ സ്വകാര്യ ഭൂമി കാര്യമായി ഇല്ലാത്തതിനാൽ വിനോദസഞ്ചാരികൾക്കുള്ള താമസ സൗകര്യവും മറ്റും കുറവാണ്. അതിന്റെ സാധ്യതകളുപയോഗിച്ച് ഏറ്റെടുത്ത എസ്റ്റേറ്റുകളിൽ പദ്ധതികൾ ആരംഭിക്കാനാണ് വനംവകുപ്പിന്റെ ആലോചന. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനമായ വ്യവസ്ഥകൾ പാലിച്ചേ പദ്ധതി നടപ്പിലാക്കാനാവൂ.