വെറും പുകയല്ല, പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് വിഷപ്പുക; ഇറാനില്‍ പുതിയ വെല്ലുവിളി

തെഹ്‌റാന്‍- ഇറാനില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷപ്പുക ഒടുവില്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് അധികൃതര്‍. കഴിഞ്ഞ മൂന്ന് മാസമായി ഇറാനിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന നൂറുകണക്കിന് പെണ്‍കുട്ടികളാണ് അവരുടെ ക്ലാസ് മുറികളിലേക്ക് വന്ന വിഷപ്പുകയെ കുറിച്ച് പരാതിപ്പെട്ടത്.  ചിലര്‍  അവശരായി ആശുപത്രിയിലാകുകയും ചെയ്തിരുന്നു.
ഇറാന്‍ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ ഈ സംഭവങ്ങളെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 30ഓളം സ്‌കൂളുകളില്‍ മനഃപൂര്‍വം നടന്ന ആക്രമണങ്ങളാണിതെന്ന് പറയുന്നു.   പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സമ്മര്‍ദമായാണ് ചിലര്‍ ഇതിനെ കാണുന്നത്.  
കഴിഞ്ഞ സെപ്റ്റംബറില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മഹ്‌സ അമിനി മരിച്ച സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിറകെയാണ് സ്‌കൂളുകള്‍ ലക്ഷ്യമിട്ട ആക്രമണങ്ങള്‍. അക്രമികളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പഠിക്കാനിറങ്ങുന്ന
പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികളെയും സ്ത്രീകളെയും സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാനോട് ഇറാന്‍   ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് രാജ്യത്തുതന്നെ പുതിയ വെല്ലുവിളി.
നവംബര്‍ അവസാനത്തോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 125 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖുമ്മിലാണ് ആദ്യ കേസുകള്‍ ഉയര്‍ന്നത്. അവിടെ നൂര്‍ യസ്ദാന്‍ഷഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്‌നവംബറില്‍ അസുഖം ബാധിച്ചത്. തുടര്‍ന്ന് ഡിസംബറില്‍ അവര്‍ വീണ്ടും രോഗബാധിതരായി. തലവേദന, ഹൃദയമിടിപ്പ്, അലസത അല്ലെങ്കില്‍ അനങ്ങാന്‍ കഴിയാത്ത അവസ്ഥ എന്നിവയെക്കുറിച്ചാണ് കുട്ടികള്‍ പരാതിപ്പെട്ടിരുന്നത്. തുടക്കത്തില്‍ വെറും ഊഹാപോഹങ്ങളെന്നാണ് വിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിച്ചിരുന്നത്.
ഇപ്പോള്‍ ഇറാന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. മനഃപൂര്‍വമായ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് സാധ്യതയുണ്ടെന്ന നിഗമനത്തില്‍  ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയവും അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News