തറവാട്ടുമഹിമ'യുടെ പഴംപുരാണങ്ങൾ

വളരെ നിസ്സാരമായ വിഷയങ്ങൾ പോലും ഏറെ സമയം ചെലവഴിച്ച് ചർച്ച ചെയ്യുന്ന പ്രദേശമാണ് കേരളം. മാധ്യമങ്ങൾ മാത്രമല്ല അതിന് ഉത്തരവാദി. ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന ഉറച്ച ബോധ്യമാണ് മാധ്യമങ്ങളെ അത്തരം ചർച്ചകൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ നിർബന്ധിതമാക്കുന്നത്. 
എന്നാൽ പലപ്പോഴും നിർബന്ധമായും ചർച്ച ചെയ്യേണ്ടതായ ഗൗരവമായ വിഷയങ്ങളും അഭിപ്രായങ്ങളും കേരളീയ സമൂഹത്തിൽ ഉയർന്നു വരാറുണ്ട്. പക്ഷേ മിക്കപ്പോഴും അവയൊന്നും ചർച്ച ചെയ്യാൻ നാം തയാറാകാറില്ല. അത്തരമൊരു വിഷയമാണ് എസ്. ശ്രീജിത്ത്്് ഐ.പി.എസ് പറഞ്ഞ ഒരഭിപ്രായം കാര്യമായി പരിഗണിക്കുകയോ ചർച്ചക്കെടുക്കുകയോ ചെയ്യാൻ നാം തയാറാകാത്തത്. സമാന്തര പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റും അതേക്കുറിച്ച് ചില ചർച്ചകളൊക്കെ നടക്കുന്നു എങ്കിലും മുഖ്യധാര മാധ്യമങ്ങളോ നേതാക്കളോ സാംസ്‌കാരിക നായകരോ ഈ വിഷയത്തെ കുറിച്ച് കാര്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. 
സിവിൽ സർവീസ് പരിശീലന ക്ലാസിൽ വെച്ചാണ് ശ്രീജിത്ത് വിവാദ അഭിപ്രായം പറഞ്ഞത്. കേരളത്തിലെ പ്രബല സമുദായം നായന്മാരാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞത്. യു.പി.എസ്.സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്‌ലിം പെൺകുട്ടിയോട് തറവാട്ടിൽ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാൽ ഫിദക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസ്സിനോട് ചോദിച്ചത്. 
'കുട്ടി ഇസ്‌ലാം അല്ലേ, മുസ്‌ലിംകൾക്ക് (പെൺകുട്ടിയുടെ പേരു പറഞ്ഞ്) എവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായർ കൺസപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോൾ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കിൽ നമ്മൾ ഇല്ലം അല്ലെങ്കിൽ മന എന്ന് പറയും. ഇപ്പോൾ ആശാരിമാരും ഈഴവൻമാരും തറവാട് എന്ന് പറയും. ദാ ഈ കുട്ടി പറയുന്നു, തറവാടെന്ന്. എടോ നിങ്ങൾക്ക് ജാതിയില്ലെന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?' 'എന്നാൽ അവർ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകൾ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകൾ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത' എന്നിങ്ങനെ പോയി ശ്രീജിത്തിന്റെ വാക്കുകൾ.
കഴിഞ്ഞില്ല, നായർ മാഹാത്മ്യത്തെ കുറിച്ചുള്ള ശ്രീജിത്തിന്റെ വാക്കുകൾ.  ലോകത്ത് മാട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്'. 'മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബൽസായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവർ അപരിഷ്‌കൃതരും അധഃകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായൻമാരാണ്. ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയിലും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? അവരുടെ രീതികളാണ് ഇതര സമുദായങ്ങൾ പകർത്തുക.'- 
ഒറ്റ കേൾവിയിൽ ശരിയെന്നു തോന്നുന്ന വാക്കുകൾ. പക്ഷേ ചരിത്രപരമായും രാഷ്ട്രീയമായും മാത്രമല്ല, വസ്തുതാപരമായി പോലും ഇതു ശരിയാണോ? തറവാട് എന്ന പദം മാന്യതയുടെ പ്രതീകമായും ചെറ്റ എന്ന പദം മോശപ്പെട്ട ഒന്നായുമാണ് പൊതുവിൽ പ്രയോഗിക്കപ്പെടുന്നത് എന്നത് ശരിയാണ്. (തറവാട് എന്നത് നായർ സമൂഹത്തിന്റെ സ്വന്തം പദമാണോ എന്ന ചോദ്യവും പ്രസക്തമാണ്). പക്ഷേ അത് അങ്ങനെയായിരുന്നോ, ചരിത്രപരമായി ശരിയാണോ എന്ന ചോദ്യം തന്നെയാണ് പ്രധാനം. 
ടി.എസ്. ശ്യാംകുമാർ ചൂണ്ടിക്കാട്ടുന്ന പോലെ, ശാങ്കര സ്മൃതി എന്ന പ്രാചീന സ്മൃതിഗ്രന്ഥം കേരളത്തിൽ നിലനിന്നിരുന്നു. 
ബ്രാഹ്മണരുടെ ഭരണഘടന എന്ന വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമായിരുന്നു അത്.  കേരളത്തിലെ ശൂദ്രർക്ക് ഒരു അസ്ഥിത്വം പോലും ശാങ്കര സ്മൃതി കൽപിച്ചു കൊടുക്കുന്നില്ല. അതിന്റെ പതിനൊന്നാമത്തെ അധ്യായത്തിലാണ് ശൂദ്ര ധർമത്തെ കുറിച്ച് പരാമർശിക്കുന്നത്. ഇതിൽ പറയുന്ന പ്രകാരം ബ്രാഹ്മണ ശുശ്രൂഷയാണ് ശൂദ്രന്റെ മുഖ്യ ധർമം. ശൂദ്രൻ എല്ലാം സമയവും ബ്രാഹ്മണരുടെ കാര്യങ്ങൾക്ക് വേണ്ടി തയാറായി നിന്നുകൊണ്ട് ബ്രാഹ്മണരെ സന്തോഷിപ്പിക്കണം; അവർ ശകാരിച്ചൽ പോലും മറുത്ത് പറയരുത്. തന്റെ അപരാധങ്ങൾ പൊറുക്കണേ എന്ന കൂടെക്കൂടെ അവരോട് അപേക്ഷിക്കണം. 
ബ്രാഹ്മണർ ഏതെല്ലാം കാര്യങ്ങൾ ചെയ്യരുതെന്ന് നിഷേധിക്കുന്നുവോ അതെല്ലാം വർജിക്കണം, അതിനെ കുറിച്ച് യാതൊരു ആലോചനക്കും ശൂദ്രന് അവകാശമില്ല എന്ന് ശാങ്കര സ്മൃതി വ്യക്തമാക്കുന്നു. ബ്രാഹ്മണരുടെ ദാസ്യ വൃത്തി ചെയ്യാൻ നിയോഗിക്കപ്പെട്ട ഏറ്റവും ക്രൂരമായ പതിതാവസ്ഥയിലെത്തിപ്പെട്ട ഒരു വിഭാഗമായിരുന്നു ശൂദ്രർ എന്നർത്ഥം. നല്ലതെന്താണ് ചീത്തയെന്താണ് എന്ന് ചിന്തിക്കാൻ പോലുമുള്ള ബോധ്യമില്ലാത്തവരാണ് ശൂദ്രർ എന്നാണ് ശാങ്കരസ്മൃതി അടയാളപ്പെടുത്തുന്നത് എന്നാണ് ശ്യാംകുമാർ പറയുന്നത്. 
ശ്രീജിത്ത് ഉയർത്തിപ്പിടിക്കുന്ന മരുമക്കത്തായത്തിലേക്കും വരാം. മറ്റു സമുദായങ്ങളിലുണ്ടായിരുന്നതിനേക്കാൾ സ്ത്രീസ്വാതന്ത്ര്യം നായർ സമൂഹത്തിലുണ്ടായിരുന്നു എന്ന വാദം പ്രസിദ്ധമാണല്ലോ. അതിൽ കുറച്ച് ശരിയുണ്ടാകാം.  ഇപ്പോൾ പോലും ഒരുപക്ഷേ കുടുംബത്തിനകത്ത് അതിന്റെ പ്രതിഫലനം കാണാനാകും. പക്ഷേ ഏറെ കുപ്രസിദ്ധമായ സംബന്ധം ഒരിക്കലും അവരുടെ തെരഞ്ഞെടുപ്പായിരുന്നില്ല. അവരതിനു നിർബന്ധിക്കപ്പെടുകയായിരുന്നു. അതിലൂടെയാണ് കുറെ സ്വത്തൊക്കെ നായർ 'തറവാടു'കളിലേക്ക് ഒഴുകിയത് എന്നതും ചരിത്രത്തിന്റെ ഭാഗം. മറിച്ച് മറ്റൊരു കാര്യം സത്യമാണ്. കേരളത്തിൽ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന നവോത്ഥാന പ്രക്രിയയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി നായർ സമൂഹം മാറി. അക്കാര്യത്തിലവർ ബ്രാഹ്മണരേക്കാൾ ഒരുപടി മുന്നിലെത്തി. അതോടൊപ്പം സമൂഹത്തിലുയർന്നു വന്ന പുതിയ സാധ്യതകളെ ഉപയോഗിക്കാനും അവർ മുന്നിലായിരുന്നു. ഒരുപക്ഷേ ബ്രാഹ്മണരുടെ ഭൃത്യരെന്ന അവസ്ഥയിൽ നിന്നു കുതറിമാറാനുള്ള ബോധപൂർവവും അബോധപൂർവവുമായ ശ്രമമായിരുന്നിരിക്കാം അത്. 
അതേസമയം ഇതിനെല്ലാം ശേഷമുണ്ടായ മാറ്റങ്ങളാണ് മലയാളി എന്നാൽ നായരാണെന്നും തറവാടെന്നാൽ അന്തസ്സിന്റെ പ്രതീകമാണെന്നും മറ്റുമുള്ള പൊതുബോധം സമൂഹത്തിൽ രൂഢമൂലമാക്കിയത്. അതിന് സാഹിത്യവും സിനിമയുമടക്കം വഹിച്ച പങ്ക് നമുക്കിന്ന് അറിയാം. നവോത്ഥാന പ്രക്രിയയുടെ ആദ്യ ഗുണഭോക്താക്കളായ ഈ സമൂഹത്തിന് കേരളത്തിന്റെ വൈവിധ്യമാർന്ന മേഖലകളിലെല്ലാം വലിയ സ്വാധീനം നേടാനായി. സാഹിത്യത്തിന്റെയും സിനിമയുടെയുമൊക്കെ പ്രമേയം നായർ തറവാടുകളിലെ ഗദ്ഗദമായി. നായർ വസ്ത്രധാരണവും ഭക്ഷണ രീതിയുമൊക്കെ മലയാളിയുടെ സംസ്‌കാരമായി. കോൺഗ്രസ് മുതൽ നക്‌സലൈറ്റ് വരെയുള്ള പ്രസ്ഥാനങ്ങളുടെയെല്ലാം നിയന്ത്രണം അവരുടെ കൈവശമായി. ഉന്നതമായ ഔദ്യോഗിക പദവികളിലും അവരെത്തി. പഴയ അധ്യാപികമാരിൽ ഭൂരിഭാഗവും നായർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. കേരളത്തിനു പുറത്തു മലയാളി എന്നാൽ മിസ്റ്റർ നായർ എന്നായി.
 

Latest News