മെകുനു ചുഴലിക്കാറ്റ്: ഒമാനിലും യമനിലും മരിച്ചത് 30 പേര്‍

മസ്‌കത്ത്- കഴിഞ്ഞയാഴ്ച ഒമാന്‍ യമന്‍ തീരങ്ങളില്‍ കനത്ത നാശം വിതച്ച് ആഞ്ഞുവീശിയ മെകുനു ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് 30 പേര്‍ മരിച്ചതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് അറിയിച്ചു. യമനി ദ്വീപായ സൊകോട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 20 പേര്‍. ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന യമനിലെ അല്‍ മഹ്‌റ പ്രവിശ്യയില്‍ നാലു പേരും ഒമാനില്‍ ആറു പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഫെഡറേഷന്‍ അറിയിച്ചു. മേയ് 26-നാണ് മെകുനു ചുഴലിക്കാറ്റ് തീരത്തെത്തിയത്. അറബിക്കടലിലെ സൊകോട്ര ദ്വീപിലാണ് ഏറെ നാശം വിതച്ചത്. മണിക്കൂര്‍ 200 കിലോമീറ്റര്‍ വരെ ശക്തിയില്‍ ആഞ്ഞു വീശിയ കാറ്റിനു മുന്നോടിയായി തീരദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

Latest News