ക്ഷേത്രത്തിലേക്ക് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; ആരാണ് എസ്ര രാജകുമാരി

മുഖറം ജാ രാജകുമാരനും എസ്ര രാജകുമാരിയും (ഫയല്‍)

ഹൈദരാബാദ്- യാദാദ്രി ക്ഷേത്രത്തിലെ ഭഗവാന്‍ ലക്ഷ്മി നരസിംഹ സ്വാമിക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 67 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സമ്മാനിച്ച് എസ്ര രാജകുമാരി. അന്തരിച്ച നൈസാം മുഖറം ജായുടെ മുന്‍ഭാര്യയായ എസ്ര രാജകുമാരി ക്ഷേത്രത്തിലെ വാര്‍ഷിക ബ്രഹ്മോത്സവത്തിലാണ് സ്വര്‍ണാഭാരണങ്ങള്‍ ദാനം ചെയ്തത്.  
എസ്ര രാജകുമാരിയെ പ്രതിനിധീകരിച്ച് യാദാദ്രി ക്ഷേത്ര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ ജി കിഷന്‍ റാവു ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ഗീതയ്ക്ക് ആഭരണങ്ങള്‍ സംഭാവന ചെയ്തു.
ലണ്ടനില്‍ താമസിക്കുന്ന എസ്ര രാജകുമാരി ക്ഷേത്രം സന്ദര്‍ശിക്കാന്‍ മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈദരാബാദിലേക്കും മാതൃരാജ്യമായ തുര്‍ക്കിയിലേക്കും അവര്‍ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്.
കഴിഞ്ഞ ഹൈദരാബാദ് യാത്രയില്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എസ്ര രാജകുമാരി പദ്ധതിയിട്ടിരുന്നെങ്കിലും
കഴിഞ്ഞ മാസം മുഖറം ജായുടെ വിയോഗത്തെത്തുടര്‍ന്ന് സാധിച്ചിരുന്നില്ല.  അസഫ് ജായുടെ ഭരണകാലത്ത് ഹൈദരാബാദിലെ അവസാന നൈസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍  ഈ ക്ഷേത്രത്തിന് 82825 രൂപ ഗ്രാന്‍ഡ് പാസാക്കിയിരുന്നു.
തുര്‍ക്കിയില്‍ ജനിച്ച എസ്ര വിവാഹത്തിലൂടെയാണ് രാജകുമാരിയായത്.  1959 ലാണ് ഹൈദരാബാദിലെ അസഫ് ജാ രാജവംശത്തിലെ രാജകുമാരന്‍ മുഖറം ജായെ വിവാഹം ചെയ്തത്.
അവരുടെ 15 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍, അവര്‍ക്ക് ഒരു മകനും മകളുമുണ്ട്. മകന്‍ അസമത് ജായാണ് അസഫ് ജാ കുടുംബത്തിന്റെ നിലവിലെ തലവന്‍. മകള്‍ ശെഖ്യ.
നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന രാജകുമാരിയാണ് ചൗമഹല്ല, ഫലക്‌നുമ കൊട്ടാരങ്ങളുടെ പുനരുദ്ധാരണം നടത്തിയത്.
തെലങ്കാന സംസ്ഥാനത്തെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ യാദഗിരിഗുട്ടയിലെ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദാദ്രി.
2016ല്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ വിപുലീകരണവും പുനര്‍നിര്‍മ്മാണവും 2022 മാര്‍ച്ചില്‍ പൂര്‍ത്തിയായി. 2022 മാര്‍ച്ച് 28ന് തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ട് ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ചിരുന്ന ക്ഷേത്രം ഇപ്പോള്‍ 14 ഏക്കറിലേക്ക വിപുലീകരിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News