വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി പരിമിതപ്പെടുത്തല്‍ ; വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിന്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവില്‍ മാറ്റങ്ങള്‍ വരുത്തിയ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു. ഇളവ് കെ എസ് ആര്‍ ടിയുടെ ഔദാര്യമല്ല. വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും തീരുമാനത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 25 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തീരുമാനം. മാതാപിതാക്കള്‍ ആദായനികുതി പരിധിയില്‍ വന്നാലും കണ്‍സഷന്‍ ലഭിക്കില്ല. സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം തുടരും. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30 ശതമാനമാണ് ഇളവ്. 2016  മുതല്‍ 2020 വരെ കണ്‍സഷന്‍ വകയില്‍ കെ എസ് ആര്‍ ടി സിക്ക് 966.31 കോടി രൂപയാണു ബാധ്യതയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥി കണ്‍സഷന്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.  
അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കണ്‍സഷന്‍ ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം
വെയ്ക്കുന്നത്‌ ശരിയല്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ പറഞ്ഞു.

 

 

 

Latest News