ആകാശിനെയും കൂട്ടാളിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു, ഇനി ആറുമാസം കരുതല്‍ തടങ്കല്‍

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരി യേയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചു. ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
ആകാശിനും ജിജോയ്ക്കുമെതിരെയുള്ള കഴിഞ്ഞ നാലുവര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നടപടി. സി.പി.എം നേതാവ് പി ജയരാജനെ വാഴ്ത്തുന്ന പി.ജെ ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിന്‍ കൂടിയാണ് ആകാശ് തില്ലങ്കേരി. പി.ജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍ രാത്രിയായാല്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവര്‍ത്തനവുമാണ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും സി.പി.എം ചാവേര്‍ പ്രചാരകരായി തുടരുകയായിരുന്നു. എന്നാല്‍, ശുഹൈബ് വധക്കേസിലെ പ്രതി കൂടിയായ ആകാശ് തില്ലങ്കേരി ഈയിടെ നടത്തിയ വിവാദ വെളിപ്പെടുത്തല്‍ സി.പി.എമ്മിനെ  പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി മുഖംരക്ഷിക്കാന്‍ ശ്രമിക്കുകകയായിരുന്നു സി.പി.എം. ഒടുവില്‍, ഗത്യന്തരമില്ലാതെ ആകാശിനെ പാര്‍ട്ടി തള്ളിപ്പറയുകയായിരുന്നു.

 

Latest News