Sorry, you need to enable JavaScript to visit this website.

ഇത് പകൽക്കൊള്ളയാണ് സർ, എയർ ഇന്ത്യയിലെ ദുരനുഭവം വിവരിച്ച് കെ.എം.സി.സി നേതാവ്

ദുബായ്- എയർ ഇന്ത്യയിൽനിന്നുണ്ടായ അനുഭവം വിവരിച്ച് കെ.എം.സി.സി നേതാവ് പുത്തൂർ റഹ്മാൻ. കോഴിക്കോട്-ഷാർജ യാത്രയിലുണ്ടായ അനുഭവമാണ് പുത്തൂർ റഹ്മാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 
പുത്തൂർ റഹ്മാന്റെ വാക്കുകൾ: 
നാൽപത്തിരണ്ടു വർഷമായ എന്റെ പ്രവാസ ജീവിതത്തിനിടയിലെ ആദ്യത്തെ എയർ ഇന്ത്യ അനുഭവം നിങ്ങളുമായി പങ്കു വെക്കാതിരിക്കാൻ കഴിയുന്നില്ല, നമ്മുടെ ദേശീയ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല ദാരുണാനുഭവങളും മറക്കാൻ ശ്രമിക്കയാണ് പതിവ്. ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് പല ഹബ്ബുകളിൽ നിന്നായി ഓപറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ നേരിടുന്ന പരിമിതികൾ തിരിച്ചറിഞ്ഞാണത്. 
പക്ഷെ ഇന്നലത്തെ അനുഭവം പക്ഷേ, എന്റെ ജീവിതത്തിലെ ഒരു ദുരന്തമാണ്. നമ്മുടെ ദേശീയ വിമാനക്കമ്പനി ടാറ്റയെന്ന മുതലാളി വാങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ നമുക്കുണ്ടാവുന്ന ദുരനുഭവം മറച്ചുപിടിക്കേണ്ടല്ലൊ. 
അരത്യാവശ്യ കാര്യത്തിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നാട്ടിലേക്കു യാത്ര ചെയ്യേണ്ടിവന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് തിങ്കളാഴ്ച രാത്രി (27/02/2023)എട്ടിനുള്ള കോഴിക്കോട് -ഷാർജ എയർ ഇന്ത്യ വിമാനത്തിലാണെടുത്തത്. ശാരീരിക അസ്വസ്ഥത മൂലം എന്റെ കമ്പനി ബിസിനസ് ക്‌ളാസ് ടിക്കറ്റ് അനുവദിക്കുന്നതിനാൽ 2450/ദിർഹം, ഏകദേശം അൻപതിനായിരം രൂപ കൊടുത്തെടുത്ത ടിക്കറ്റാണ്. എന്റെ ജോലിയുമായി ബന്ധപ്പെട്ടു വളരെ അത്യാവശ്യമായ ഒരു മീറ്റിംഗ് പെട്ടെന്നു നിശ്ചയിക്കപ്പെട്ടതിനാൽ തിങ്കളാഴ്ച രാവിലെ തന്നെ ഓഫീസിലെത്തണം. അതിനായി ഞായറാഴ്ച തന്നെ മടക്കയാത്ര വേണ്ടിവന്നു. തിങ്കളാഴ്ച രാത്രിക്കു വേണ്ടി എടുത്ത ടിക്കറ്റ് ഞായറാഴ്ചത്തേക്കു മാറ്റിത്തരാനുള്ള അപേക്ഷയുമായി ഞാൻ എയർ ഇന്ത്യയെ സമീപിച്ചു. എന്റെ അപേക്ഷ കേട്ട എയർ ഇന്ത്യയിലെ സ്റ്റാഫ് കോഴിക്കോട്-ദുബൈ വിമാനമാണ് നിർദ്ദേശിച്ചത്. അതുപ്രകാരം കോഴിക്കോട് എയർപോർട്ടിലെ എയർ ഇന്ത്യ ഓഫീസിൽ ബന്ധപ്പെട്ടപ്പൊൾ ഈ സമയമാറ്റത്തിനു മാത്രം ഞാൻ 65000 രൂപ അധികം നൽകണം. ഇന്നു രാവിലത്തെ മീറ്റിംഗിന് എത്തേണ്ടത് അനിവര്യമായതുകൊണ്ട് എന്റെ മുമ്പിൽ വേറൊരു വഴിയുമില്ല. അങ്ങനെ അവർ പറഞ്ഞതനുസരിക്കേണ്ടി വന്നു.
ബുക്കിംഗ് ഫുള്ളാണ്, കുറഞ്ഞ നിരക്കിൽ എടുത്ത ടിക്കറ്റ് കൂടിയ നിരക്കുള്ള സമയത്തേക്കു മാറ്റുമ്പോൾ ഇങ്ങനെയാണ് നിരക്ക് എന്നിങ്ങനെയാണ് എയർഇന്ത്യ ഈ കൊള്ളക്കു നൽകുന്ന വിശദീകരണം. ഇത്രയും തിരക്കുള്ള, നിർദ്ദാക്ഷിണ്യം യാത്രക്കാരെ പിഴിയുന്ന റൂട്ടിലെ വിമാനങ്ങളാണ് വേണ്ടത്ര യാത്രക്കാരില്ല, ലാഭകരമല്ല എന്ന കാരണം പറഞ്ഞ് അടുത്ത മാസം മുതൽ നിർത്താൻ തീരുമാനിച്ചതും നാം കൂട്ടിവായിക്കണം. ചുരുക്കത്തിൽ ഒരു കോഴിക്കോട് ഷാർജ യാത്ര അടിയന്തരമായി വേണ്ട ഒരാളിൽ നിന്നും ഒരു ലക്ഷത്തി അയ്യായിരം രൂപ പിടുങ്ങുന്ന സർവീസാണ് നമ്മുടെ ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയ ടാറ്റ നൽകുന്നത്. ( കുറ്റം പറയരുതല്ലോ വാഷ് റൂം സൗകര്യം പോലുമില്ലാത്ത തിക്കിതിരക്കി ഇരിക്കാൻ പാകത്തിൽ ഒരു ലോഞ്ചു സർവീസ് ഏർപ്പെടുത്തിയതും വിമാനത്തിനുള്ളിൽ കാൽ നീട്ടാൻ പാകത്തിൽ ബിസിനസ് കഌസ് യാത്രക്കാർക്ക് സീറ്റ് അറേഞ്ച് ചെയ്തതും വിമാനക്കമ്പനിയുടെ കനിവ് തന്നെയാണ് )ഈ പകൽക്കൊള്ള പ്രവാസികളോടാവാം, ചോദിക്കാനും പറയാനും ആരുമില്ലാത്തവരല്ലേ.. ഇനിയുള്ള ദിവസങ്ങൾ ഈ കൊള്ളക്കാർക്കുള്ളതാണ്, അവധിക്കാലം വരാൻ പോവുകയാണ്. എന്റെ ഈ ദുരനുഭവം നിങ്ങൾക്കൊരു മുന്നറിയിപ്പായി പരിഗണിക്കാം.
 

Latest News