ജർമനിയിൽനിന്ന് സൈക്കിളിൽ യാത്രതിരിച്ച തീർഥാടകന് മക്കയിൽ അന്ത്യനിദ്ര

ഇഹ്‌റാം വേഷത്തിൽ മക്കയിൽ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പ് ഗാസി ശഹാദ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഫോട്ടോ. 

മക്ക - ജർമനിയിലെ ഹാംബർഗിൽ നിന്ന് സൈക്കിളിൽ വിശുദ്ധ ഹറം ലക്ഷ്യമാക്കി യാത്രതിരിച്ച തീർഥാടകന് പുണ്യഭൂമിയിൽ അന്ത്യനിദ്ര. വിശുദ്ധ ഹറമിലെത്തി ഉംറ നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും ജർമനിയിൽ നിന്ന് സൈക്കിളിൽ യാത്രതിരിച്ച സിറിയക്കാരനായ മധ്യവയസ്‌കൻ ഗാസി ശഹാദയാണ് മക്കയിൽ പ്രവേശിക്കുന്നതിന് തൊട്ടു മുമ്പ് ആഗ്രഹം സഫലമാകാതെ ഇഹ്‌റാം വേഷത്തിൽ മരണപ്പെട്ടത്. 
ഹാംബർഗിൽ നിന്ന് മക്കയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഗാസി ശഹാദ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അത്യാവശ്യ ലഗേജുകളും വസ്ത്രങ്ങളും സൂക്ഷിച്ച ബാഗുകൾ സൈക്കിളിൽ കെട്ടിവെച്ചാണ് ഗാസി ശഹാദ മക്ക ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. മക്കയുടെ പ്രവേശന കവാടത്തിനു സമീപം വെച്ച് മരണപ്പെട്ട ഗാസി ശഹാദയുടെ മയ്യിത്ത് വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് മക്കയിൽ മറവു ചെയ്തു. ഇദ്ദേഹത്തിന്റെ വിയോഗ വാർത്തയോട് സാമൂഹികമാധ്യമ ഉപയോക്താക്കൾ ദുഃഖത്തോടെ പ്രതികരിക്കുകയും ഗാസി ശഹാദക്കു വേണ്ടി പ്രാർഥനകൾ നടത്തുകയും ചെയ്തു. 

Latest News