Sorry, you need to enable JavaScript to visit this website.

ആഞ്ഞടിച്ച് ഷാഫി പറമ്പിൽ; 'പിണറായി ഭരണം മോദി ഭരണത്തിന്റെ മലയാള പരിഭാഷ'

തിരുവനന്തപുരം - നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് ഷാഫി കുറ്റപ്പെടുത്തി. താടിയില്ല, കോട്ട് ഇടില്ല, ഹിന്ദി സംസാരിക്കില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളൂവെന്നും ഷാഫി പരിഹസിച്ചു. 
 കരിങ്കൊടി വീശുന്നതിനെ ന്യായീകരിച്ച് സി.പി.എം സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നടത്തിയ പ്രസ്താവന അതേപടി ആവർത്തിച്ചാണ് ഷാഫി അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗം തുടങ്ങിയത്. 'കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണെന്ന്' ഷാഫി ഓർമിപ്പിച്ചു.
 സി.പി.എമ്മിന് പ്രതിപക്ഷത്തിരിക്കുമ്പോൾ കരിങ്കൊടി വീശുന്നത് പ്രശ്‌നമായിരുന്നില്ല. ഇപ്പോൾ എല്ലാ സമരങ്ങളോടും അവർക്ക് പുച്ഛമാണ്. ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ ഇന്ന് പുച്ഛിക്കുന്നവർ, മുമ്പ് നടത്തിയ സമരങ്ങളെ റദ്ദ് ചെയ്യുകയാണ്. യുവജന സംഘടനാ പ്രവർത്തകരെന്നു പറയുന്നവർ അൽപം ആത്മനിന്ദയോടെ വേണം ഈ നിലപാടുകൾക്ക് കയ്യടിക്കാനെന്നും ഷാഫി ചൂണ്ടിക്കാട്ടി.
 'ആന്തോളൻ ജീവികൾ, അർബൻ നക്‌സലുകൾ, മാവോയിസ്റ്റുകൾ, തുക്കടേ തുക്കടേ ഗാങ്.. ഇതൊക്കെ കേന്ദ്രത്തിൽനിന്ന്, നരേന്ദ്ര മോദിയിൽനിന്ന്, ഫാസിസ്റ്റുകളിൽനിന്ന്, സംഘപരിവാറിൽനിന്ന് നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ കേൾക്കുന്ന വാക്കുകളോ... തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ... ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ അധപ്പതിച്ചുവെന്നതിന് ഇതിൽ പരം എന്തു തെളിവാണ് വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവരെ മന്ത്രിമാരാക്കിയവരാണ് ഈ സർക്കാരിനെ നയിക്കുന്നത്. സി.പി.എം ക്രിമിനലായ ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാട്ടിയതെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. നികുതി വർധനയ്‌ക്കെതിരെ കൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ എം.എൽ.എ അടക്കമുള്ള നേതാക്കളെ പോലീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് ഷാഫി പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശം തൊടുത്തത്.

Latest News