അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി

ന്യൂദല്‍ഹി :  നിശ്ചിത കാലയളവിലേക്ക് സൈന്യത്തില്‍ റിക്രൂട്ടിംഗ് നടത്തുന്ന അഗ്‌നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി. അഗ്നിപഥ് ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ല. സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.
കേരളം, പഞ്ചാബ്, ഹരിയാന, പട്ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് തങ്ങളുടെ പരിഗണനയിലുള്ള അഗ്നിപഥ് പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ ദല്‍ഹി ഹൈക്കോടതി തീരുമാനം വരുന്നതുവരെ തീര്‍പ്പുകല്‍പ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

 

 

 

Latest News