പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ചു; ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് സംഘ്പരിവാര്‍

ഗോവ- പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച് ആള്‍ക്കൂട്ടം. ഗോവയിലെ കലന്‍ഗൂട്ടിലാണ് സംഭവം. പാകിസ്ഥാന്‍- ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പരയില്‍ തന്റെ പിന്തുണ പാകിസ്ഥാനാണെന്ന് വ്‌ളോഗര്‍ ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞയാളെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മാപ്പ് പറയിപ്പിച്ചത്.
കലന്‍ഗൂട്ടില്‍  കട നടത്തുന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ ഭീഷണിയെ തുടര്‍ന്ന് മുട്ടുകുത്തിനിന്ന് മാപ്പ് ചോദിച്ചത്.  ഇന്ത്യയിലിരുന്ന് സംസാരിക്കുകയും പാകിസ്ഥാന് ജയ് വിളിക്കാമോ എന്നു ചോദിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഇയാളുടെ വീഡിയോ ചിത്രീകരിച്ചത്.
മാപ്പ് ചോദിച്ച ശേഷം 'ഭാരത് മാതാ കീ ജയ്' എന്ന് വിളിപ്പിക്കുകയും ചെയ്തു.
പാകിസ്ഥാനെയാണ് ഇഷ്ടമെങ്കില്‍ പിന്നെ ഇന്ത്യയില്‍ നില്‍ക്കുന്നത് എന്തിനാണെന്നും പാകിസ്ഥാനിലേക്ക് പൊയ്ക്കൂടേ എന്നും ആളുകള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

 

 

Latest News