കോഴിക്കോട് നിശ്ചലം,  വിപണിയില്‍ മാന്ദ്യം 

കോഴിക്കോട് നഗരവും ഉള്‍നാടന്‍ ഗ്രാമങ്ങളും പട്ടണങ്ങളും നിശ്ചലാവസ്ഥയിലായി. അയല്‍ ജില്ലയായ കണ്ണൂരിലും കോഴിക്കോടിന്റെ നാദാപുരം പോലുള്ള അതിര്‍ത്തി ഗ്രാമങ്ങളിലും സംഘര്‍ഷവും ഹര്‍ത്താലും പതിവുള്ളതാണ്. കോരപ്പുഴ പാലത്തിനിപ്പുറം അങ്ങിനെയായിരുന്നില്ല. മലബാറിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സമാധാനത്തിന്റെ തുരുത്താണ് കോഴിക്കോട് പട്ടണം. വര്‍ഷത്തില്‍ ഏറ്റവും കൂടിയ ബിസിനസ് നടക്കേണ്ട നാളുകളാണ് റംസാന്‍ കാലം. നോമ്പിന്റെ രണ്ടാം പാതിയില്‍ വടകരയും പേരാമ്പ്രയും കൊയിലാണ്ടിയും കോഴിക്കോട് നഗരവും സജീവ വ്യാപാരം നടക്കുന്ന നാളുകളാണ്. ഇപ്പോള്‍ വളരെ അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നില്ല. ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഹോട്ടലുകള്‍ നടത്താനാവുന്നില്ല. തിയേറ്ററുകള്‍ വരെ അടച്ചിടേണ്ട സ്ഥിതിയിലാണ്. കോഴിക്കോട് കോടതകള്‍ പ്രവര്‍ത്തിക്കുന്നില്ല. കാലിക്കറ്റ് സര്‍വകലാശലയിലേക്ക് അന്വേഷണങ്ങള്‍ ഫോണില്‍ മതിയെന്നും കഴിവതും ആരും ഇങ്ങോട്ട് വരേണ്ടെന്നും അധികൃതര്‍ അറിയിച്ചു,നിപ്പ നിയന്ത്രണവിധേയമല്ലെന്നും അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നുമുള്ള സ്ഥിരീകരണത്തോടെയാണ്  ജനങ്ങള്‍ ഭീതിയിലായത്.  തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ല. കല്യാണച്ചടങ്ങുകള്‍ പോലും ജനം ബഹിഷ്‌കരിക്കുകയാണ്.
 മത്സ്യ  മാംസ വില്‍പ്പനയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. പഴവര്‍ഗങ്ങളുടെ വിപണി ആകെ തകര്‍ന്നു എന്നുതന്നെ പറയാം.ആളുകള്‍ കൂട്ടമായി വരുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ജനം ശ്രമിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്‌റ്റേഷനുകളിലും ഇപ്പോള്‍ തിരക്കില്ല. ബസ് യാത്ര പരമാവധി ഒഴിവാക്കപ്പെടുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ ആദായ നികുതി ഓഫീസിന് മുമ്പിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയ ഈ ചിത്രം ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു. വൈകുന്നേരം മൂന്ന് മുതല്‍ രാത്രി എട്ട് വരെ ജനത്തിരക്ക്  അനുഭവപ്പെടുന്നതാണ് ഈ ബസ് സ്റ്റോപ്പ്. 
 

Latest News