ഫ്‌ളോറിഡയില്‍ മിയയുടെ സാഹസ പ്രകടനങ്ങള്‍ 

യാത്രകള്‍ ഇഷ്ടപ്പെടുന്ന മിയ ജോര്‍ജ് അമേരിക്കന്‍ യാത്രയും സ്‌കൈ ഡൈവിങുമൊക്കെ നടത്തിയതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ . തന്റെ യാത്രയുടെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. മധുരം 18 എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് മിയയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഫ്‌ളോറിഡയില്‍ വെച്ചാണ് മിയ സ്‌കൈ ഡൈവ് ചെയ്തത്. രസകരവും ഹരം പകരുന്നതുമായ ആ അനുഭവം തന്നെ ഏറെ വിസ്മയിപ്പിച്ചു എന്നാണ് യുവനായികയുടെ വെളിപ്പെടുത്തല്‍ . സ്‌കൈ ഡൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിയയ്‌ക്കൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിന് അമ്മയുമുണ്ടായിരുന്നു.
വളരെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന ഒരു വലിയ മോഹമായിരുന്നു സ്‌കൈ ഡൈവിംഗ് എന്നും, അതുകൊണ്ടു തന്നെ തനിക്കും അമ്മയ്ക്കും ഏറെ വിശേഷപ്പെട്ട ദിനമായിരുന്നു അതെന്നും ആ അനുഭവത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ തനിക്കു കഴിയുന്നില്ലെന്നും മിയ പറയുന്നു. എല്ലാവരും ഒരിക്കലെങ്കിലും സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ആ അനുഭവമെന്നും മിയ പറയുന്നു.ഇത്രയും മനോഹരമായ അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കിയ ലൂക്കിനും നന്ദി പറഞ്ഞു കൊണ്ടാണ് മിയയുടെ കുറിപ്പ്. മിയ ജോര്‍ജ് എന്ന പാലാക്കാരി ഇന്ന് മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. സീരിയലുകളിലൂടെ അരങ്ങേറി സിനിമയുടെ വിശാലമായ ക്യാന്‍വാസിലേയ്ക്ക് വന്നപ്പോഴും മിയയ്ക്കു ഭാഗ്യം കൂടെയുണ്ടായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്കു സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.

Latest News