ലോക ഫുട്‌ബോളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡൊ. ബാല്യത്തിൽ വിശപ്പ് മാറാൻ മക്‌ഡൊണാൾഡ്‌സിന്റെ വാതിലിൽ മുട്ടിയ ബാല്യം പക്ഷേ ഇപ്പോഴും മുപ്പത്തെട്ടുകാരൻ മറന്നിട്ടില്ല. പോർചുഗലിലെ മദേര ദ്വീപിലെ സാവൊ പെദ്രോയിൽ വഴി വൃത്തിയാക്കിയും ഭക്ഷണത്തിനായി യാചിച്ചുമാണ് ഡോളറോസ് ഡോസ് സാന്റോസ് തന്റെ മക്കളെ വളർത്തിയത്.
ഡോളറോസിന്റെയും ജോസെ ഡിനിസ് അവീരോയുടെയും നാലു മക്കളിൽ ഇളയവനായി 1985 ലാണ് റൊണാൾഡൊ ജനിച്ചത്. മുഴുക്കുടിയനായിരുന്നു അവീരൊ. തോട്ടപ്പണിക്കാരനായ അവീരോക്ക് മാനസിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അംഗോളയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിനെതിരായ പോർചുഗീസ് സേനയുടെ മുന്നേറ്റത്തിൽ അണിചേർന്ന കാലത്താണ് അവീരോയുടെ മാനസികാരോഗ്യം തകരാറിലായത്.
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കുടുംബം പ്രയാസപ്പെട്ട കാലമായിരുന്നു അത്. പിതാവ് കിറ്റ് കൈകാര്യം ചെയ്യുന്ന പണിക്കാരനായി ജോലി ചെയ്ത സ്‌റ്റേഡിയത്തിനു പുറത്തെ മക്‌ഡൊണാൾഡ്‌സിൽ ഭക്ഷണത്തിന് യാചിച്ച കാലം റൊണാൾഡൊക്ക് ഓർമയുണ്ട്.
റൊണാൾഡൊ ഉയരങ്ങളിലേക്ക് കുതിക്കുന്നതു കാണാൻ അവീരൊ ജീവിച്ചിരുന്നില്ല. 2005 ൽ റൊണാൾഡൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേരുന്നതിന് രണ്ടു വർഷം മുമ്പ് കരൾ രോഗം ബാധിച്ച് അദ്ദേഹം മരിച്ചു. പിതാവിനെ മനസ്സിലാക്കാനോ അദ്ദേഹവുമായി മനസ്സ് തുറന്ന് സംസാരിക്കാനോ സാധിച്ചിരുന്നില്ലെന്ന് റൊണാൾഡൊ പറയുന്നു.
പ്രയാസങ്ങളുണ്ടായിരുന്നുവെങ്കിലും സ്‌നേഹമുള്ള കുടുംബമായിരുന്നു റൊണാൾഡൊയുടേത്. മൂത്ത ജ്യേഷ്ഠൻ ഹ്യൂഗോക്ക് ഇപ്പോൾ നാൽപത്തെട്ടായി. സഹോദരിമാർ എൽമയും ലിലിയാന കാറ്റിയയുമാണ്. എൽമക്ക് നാൽപത്തൊമ്പതും ലിലിയാനക്ക് നാൽപത്തഞ്ചുമാണ് പ്രായം. ഇരുവരും റൊണാൾഡോയെ വല്ലാതെ പൊന്നാരിച്ചിരുന്നു. വാശി പിടിച്ച് കരയുന്ന കുട്ടിയായിരുന്നു കുട്ടിക്കാലത്തെ റൊണാൾഡൊ. ഒരിക്കൽ അധ്യാപികയുടെ നേരെ കസേര വലിച്ചെറിഞ്ഞതിന് റൊണാൾഡൊയെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയുണ്ടായി.
പതിനാലാം വയസ്സിലാണ് പഠനം ഉപേക്ഷിച്ച് റൊണാൾഡൊ ഫുട്‌ബോൾ ഗൗരവമായെടുത്തത്. 2002 ൽ പതിനാറാം വയസ്സിൽ സ്‌പോർടിംഗ് ലിസ്ബനിൽ ചേർന്നു. അലക്‌സ് ഫെർഗൂസൻ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ആ പ്രതിഭ തിരിച്ചറിഞ്ഞു. യുനൈറ്റഡിലാണ് ലോകപ്രശസ്ത ഫുട്‌ബോളറായി റൊണാൾഡൊ കുതിപ്പ് തുടങ്ങിയത്. അന്നസ്‌റിൽ വർഷം 20 കോടി ഡോളറാണ് റൊണാൾഡൊയുടെ പ്രതിഫലം. ഏതാണ്ട് 79 കോടി പൗണ്ടിന്റെ ആസ്തിയുണ്ട്. ലിസ്ബനിലും മദേരയിലും ജെറസിലും ടൂറിനിലും മഡ്രീഡിലും ന്യൂയോർക്കിലും റിയാദിലുമൊക്കെ ആഡംബര ഭവനങ്ങളുണ്ട്. ഗോൾഫ് കോഴ്‌സും സിനിമ ഹാളുമൊക്കെയുണ്ട് സ്‌പെയിനിലെ മാബെലയിലെ റൊണാൾഡോയുടെ കടലോര വസതിയിൽ.
ബാല്യകാലത്തെ കയ്‌പേറിയ അനുഭവങ്ങളാണ് കുടുംബ ബന്ധങ്ങളുടെ വില റൊണാൾഡൊയെ പഠിപ്പിച്ചത്. 2003 മുതൽ താൻ താമസിച്ച എല്ലാ നഗരങ്ങളിലും അമ്മയെ റൊണാൾഡൊ ഒപ്പം താമസിപ്പിച്ചിട്ടുണ്ട്. അഞ്ച് മക്കളുടെ പിതാവാണ്. മക്കളെ വളർത്താൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഈയിടെ പന്ത്രണ്ടുകാരൻ ക്രിസ്റ്റ്യാനൊ ജൂനിയറിനെ തന്റെ കുട്ടിക്കാല വസതി കാണിക്കാൻ കൊണ്ടുപോയി. താൻ ജീവിച്ച മുറിയുടെ വലിപ്പം കണ്ട് മകൻ അമ്പരന്നു പോയെന്ന് റൊണാൾഡൊ പറയുന്നു. ഇത്ര ദാരിദ്ര്യത്തിലാണ് പിതാവ് ജീവിച്ചതെന്ന് അവന് വിശ്വസിക്കാൻ സാധിച്ചില്ല.