VIDEO ബഷീറിനോടുള്ള ഇഷ്ടം ഇരട്ടിയായി, മീശയുടെ കഥപറഞ്ഞും ടൊവിനോ

ജിദ്ദ- സിനിമക്ക് വേണ്ടി വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യങ്ങള്‍ വീണ്ടും വായിച്ചതോടെ അദ്ദേഹത്തോടുള്ള ഇഷ്ടം ഇരട്ടിയായെന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ്. ജിദ്ദയില്‍ ഹാര്‍മോണിയസ് കേരള വേദിയിലാണ് പുതിയ സിനിമകളെ കുറിച്ചും ബഷീറായി മാറിയതിന്റെ ത്രില്ലും ടൊവിനോ പങ്കുവെച്ചത്.
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള നീലവെളിച്ചത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററികളും കണ്ടിരുന്നു. ഇതോടെ ബഷീര്‍ കൃതികള്‍ ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന തനിക്ക് അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും വര്‍ധിച്ചു. ബഷീര്‍ സാഹിത്യത്തിലെ ലാളിത്യം തന്നെയാണ് എല്ലാവരേയും പോലെ തന്നേയും ആകര്‍ഷിച്ചതെന്ന് ടൊവിനോ പറഞ്ഞു. ബഷീറിന്റെ വേഷമിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും തന്റേയും അദ്ദേഹത്തിന്റേയും ജന്മദിനം ഒന്നാണെന്ന കാര്യം കൂടി വെളിപ്പെടുത്തി ടൊവിനോ പറഞ്ഞു.
കഥകളുടെ സുല്‍ത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍.
മീശക്കാരനായി ജിദ്ദയിലെത്തിയ ടൊവിനോ അജയന്റെ മൂന്നാം മോഷണമെന്ന ചിത്രത്തിനു വേണ്ടിയാണ് മീശ വളര്‍ത്തിയതെന്നും കുറച്ചുദിവസങ്ങള്‍ കൂടി മീശ തുടരുമെന്നും പറഞ്ഞു.
മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
കേരളത്തിന്റെ ആയോധന കലയായ കളരിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി ടൊവിനോ കളരി അഭ്യസിക്കുകയും ചെയ്തിരുന്നു.

 

Latest News