ഗയ- ബീഹാറില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച മൂന്ന് മുസ്ലിം യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഗയയിലെ ദിഹ ഗ്രാമത്തിലാണ് സംഭവം. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു.
കേസില്‍ പോലീസ് രണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വര്‍ഗീയ ആക്രമണമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുമ്പോള്‍ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ആറ് പേരുമായി ഒരു വാഹനം ബുധനാഴ്ച രാത്രി മുതല്‍ ഗ്രാമത്തില്‍ കറങ്ങിയിരുന്നുവെന്നും ഇവരെയാണ് തടഞ്ഞതെന്നും ദിഹ ഗ്രാമത്തിലുള്ളവര്‍ പറയുന്നു.
എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി പറഞ്ഞു. ഞങ്ങള്‍ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മോഷ്ടിക്കാനായി ഗ്രാമത്തിലെത്തിയ അജ്ഞാതരെ തടഞ്ഞപ്പോള്‍ അവര്‍ വെടിവെച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു. മൂന്ന് പേര്‍ പിടിയിലായപ്പോള്‍ മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആശുപത്രിയിലെത്തിച്ച ശേഷമാണ് മുഹമ്മദ് ബാബര്‍ (28) മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പരിക്കേറ്റ റുക്‌നുദ്ദീന്‍ ആലം (32), മുഹമ്മദ് സാജിദ് (28) എന്നിവരെ പട്‌നയിലെ പിഎംസിഎച്ചിലേക്ക് മാറ്റി. യുവാക്കള്‍ എത്തിയെന്നു പറയുന്ന വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കത്തിയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ആലം, സാജിദ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെങ്കിലും മരിച്ച ബാബറിനെതിരെ കേസൊന്നുമില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദിഹയില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കുരിസാരായി ഗ്രാമത്തില്‍ നിന്നുള്ളവരാണ് മൂവരും. ഇവര്‍ കൊല്‍ക്കത്തയിലെ ഒ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണെന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് വാഹനത്തില്‍ ദിഹ ഗ്രാമത്തിലേക്ക് പോയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ബോംബും കത്തിയും വെടിക്കോപ്പുകളും ആളുകള്‍ പിന്നീട് കൊണ്ടുവെച്ചതാണെന്ന് പരിക്കേറ്റ മുഹമ്മദ് റുക്‌നുദ്ദീന്റെ പിതാവ് പറഞ്ഞു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയക്കാരും ഇരകളുടെ കുടുംബങ്ങളും ബെലഗഞ്ചിലെ ഗയ-പട്‌ന റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. പോലീസ് എസ്‌ഐടി പ്രഖ്യാപിച്ചതിനുശേഷമാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങയത്. തടസ്സം നീങ്ങി.