ഹരിയാനയില്‍ കൊലവിളി തുടരുന്നു; വീണ്ടും ഹിന്ദു മഹാപഞ്ചായത്തുകള്‍

ഗുഡ്ഗാവ്- ഹരിയാനയില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഹിന്ദു മഹാപഞ്ചായത്തുകള്‍. മുസ്ലിം യുവാക്കളായ ജുനൈദ്, നസീര്‍ എന്നിവരെ കൊന്ന് കത്തിച്ച സംഭവത്തിനുശേഷം പശു സംരക്ഷകര്‍ക്ക് നേതൃത്വം നല്‍കുന്ന മോനു മനേസറിനെ പിന്തുണച്ച് ഹരിയാനയിലെ മനേസറിലായിരുന്നു ഹിന്ദു മഹാപഞ്ചായത്തിന്റെ തുടക്കം.
ഇതിനു പിന്നാലെ ഗുഡ്ഗാവിലും ഹതിനിലും കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഹിന്ദു മഹാപഞ്ചായത്തുകള്‍ വിളിച്ചുകൂട്ടി. ഹരിയാനയില്‍ മുസ്‌ലിംകള്‍ക്കും മോനു മനേസറിനെതിരെ നടപടി സ്വീകരിക്കുന്ന പോലീസിനുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ഉയര്‍ന്നുകേട്ടത്.
ബജ്‌റംഗ്ദള്‍, വിഎച്ച്പി, ഹിന്ദു സേന എന്നിവയുടെ 400 ലധികം അംഗങ്ങളും നേതാക്കളും ഹതിന്‍ മഹാപഞ്ചായത്ത് പരിപാടിയില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവര്‍ക്കു പുറമെ നാട്ടുകാരും പരിപാടിക്കെത്തിയിരുന്നു.
ബജ്‌റംഗ്ദള്‍ നേതാവും ഹരിയാന പശു സംരക്ഷണ ദപങ്കാളിയുമായ മോനു മനേസറിനെതിരെ നടപടിയെടുത്താല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രസംഗകര്‍ പോലീസിനു മുന്നറിയിപ്പ് നല്‍കി.  
പശുക്കളെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാക്കളെ പശു സംരക്ഷകര്‍ കൊന്ന് കത്തിച്ച സംഭവത്തില്‍ മോനു മനേസറിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതിനിടെ, രാജസ്ഥാന്‍ സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍  രാജസ്ഥാന്‍ പോലീസ് എട്ട് പ്രതികളുടെ പുതിയ പട്ടിക ഫോട്ടോകള്‍ സഹിതം പ്രസിദ്ധീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News