പുതിയ വിമാനങ്ങള്‍ക്ക് പിന്നാലെ ക്യാബിന്‍ ക്രൂവിനേയും പൈലറ്റുമാരേയും നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

മുംബൈ- പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെ ക്യാബിന്‍ ക്രൂവിനേയും പൈലറ്റുമാരേയും നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ഈ വര്‍ഷം 5100 പുതിയ ക്യാബിന്‍ക്രൂ, പൈലറ്റ് എന്നിവരെയാണ് നിയമിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നത്. 4200 ക്യാബിന്‍ ക്രൂവും 900 പൈലറ്റുമാരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഫ്‌ളീറ്റും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബോയിംഗ്, എയര്‍ബസ് എന്നിവയില്‍ നിന്നായി 70 വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ 470 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതിനു പിന്നാലെയാണ് ക്യാബിന്‍ ക്രൂവിനേയും പൈലറ്റുമാരേയും നിയമിക്കുന്നത്. 
 
2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ എയര്‍ലൈന്‍ 1,900-ലധികം ക്യാബിന്‍ ക്രൂവിനെ നിയമിച്ചിട്ടുണ്ട്. ഏഴു മാസത്തിനകം 1100ലധികം ക്യാബിന്‍ ക്രൂവിന് പരിശീലനം നല്‍കുകയും മൂന്നു മാസത്തിനകം അഞ്ഞൂറോളം പേരെ നിയമിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. 

പുതിയ ജീവനക്കാരെ നിയമിക്കുന്നതിലൂടെ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളില്‍ വേഗത വര്‍ധിപ്പിക്കാമെന്നും കൂടുതല്‍ പൈലറ്റുമാരെയും മെയിന്റനന്‍സ് എഞ്ചിനീയര്‍മാരെയും നിയമിക്കുന്നത് വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതായും എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സര്‍വീസ് മേധാവി സന്ദീപ് വര്‍മയെ ഉദ്ധരിച്ച് പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.

Tags

Latest News