Sorry, you need to enable JavaScript to visit this website.

മറവിയിലേക്ക് ചേക്കേറുന്ന ഓർമകൾ

മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകൾ ഓടിയെത്തി ഉണർത്തിടുന്നു...എന്ന ഗാനം രചിച്ചത്  പി. ഭാസ്‌കരൻ മാസ്റ്ററാണ്.   അദ്ദേഹം  രോഗശയ്യയിലായിരുന്നപ്പോൾ പ്രശസ്ത ഗായിക എസ്. ജാനകിയമ്മ മാഷിനെ സന്ദർശിച്ചതിന്റെ അനുഭവം   വായിച്ചത് ഓർക്കുന്നു.
ഒരു ഗാനമേളയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ജാനകിയമ്മ  തന്നെ താനാക്കിയ  പാട്ടെഴുത്തുകാരനെ കാണാനും  ക്ഷേമാന്വേഷണം നടത്തി ഓർമ പുതുക്കാനും ഏറെ പ്രതീക്ഷ തുളുമ്പിയ സ്‌നേഹാദരങ്ങളോട് കൂടിയാണ് ജവാഹർ നഗറിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്.      ഉറങ്ങുകയായിരുന്ന മാസ്റ്ററെ   പതുക്കെ   മൃദുവായി തട്ടിയുണർത്തി ജാനകിയമ്മ വന്ന വിവരം ഭാര്യ പറഞ്ഞപ്പോൾ  മാസ്റ്ററുടെ മുഖത്ത് ആരെയും നൊമ്പരപ്പെടുത്തുന്ന നിസ്സംഗത തളംകെട്ടി നിന്നുവത്രേ! വഴിതെറ്റി കയറിവന്ന ഏതോ അപരിചിതയെ എന്നവണ്ണം അദ്ദേഹം ജാനകിയമ്മയെ നോക്കി കിടന്നു.

'ആരാ, മനസ്സിലായില്ല്യല്ലോ?' എന്ന മാസ്റ്ററുടെ ചോദ്യത്തിന്   അവർ പതുക്കെ വേദനയോടെ  ഉരുവിട്ട മറുപടി: 'മാസ്റ്റർ, ഇത് ഞാനാണ്, ജാനകി..''
ഏറെ നിരാശയിലാണ്ടുപോയ അവരെ മാഷുടെ  ഭാര്യ സമാധാനിപ്പിച്ചു:  ഈയിടെ ഇങ്ങനെയാ.
ഏതാനും പാട്ടുകൾ പാടി നോക്കൂ. ചിലപ്പോൾ ഓർമ വന്നേക്കാം.  നിർദേശമനുസരിച്ച് വാതിലിൽ ചാരിനിന്ന് മാഷിന് വേണ്ടി ജാനകിയമ്മ   പാടി.
മൂടുപടത്തിന് വേണ്ടി ഭാസ്‌കരൻ മാസ്റ്ററുടെ വരികളിൽ നിന്ന് ബാബുരാജ് ഇതൾ വിടർത്തിയെടുത്ത   ആ വശ്യ മനോഹര  ഗസൽ: തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ, നിന്റെ വിരുന്നുകാരൻ..

ഗാനത്തിന്റെ പല്ലവി കഴിഞ്ഞു ചരണത്തിന്റെ തുടക്കം എത്തിയപ്പോൾ, ഏതോ ഉൾവിളിയാലെന്നവണ്ണം ഭാസ്‌കരൻ മാസ്റ്റർ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നുവത്രേ. 'പൂ നുള്ളി പൂ നുള്ളി കൈവിരൽ കുഴഞ്ഞല്ലോ..''. ആലാപനത്തിനിടയിൽ എവിടെയോ വെച്ച് ആ ഗാന പ്രവാഹത്തിൽ  മാസ്റ്റർ ലയിച്ചു ചേർന്നു. കവിയും പാട്ടുകാരിയും ഒന്നു ചേർന്ന് ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുമ്പോൾ മാസ്റ്ററുടെ ഭാര്യ തൊട്ടടുത്തിരുന്നു കണ്ണീരൊപ്പുന്നുണ്ടായിരുന്നു.

അവർ  പിന്നെയും പാടി. ഒരു കൊച്ചു സ്വപ്‌നത്തിൻ ചിറകുമായ് അവിടുത്തെ, ആരാധികയുടെ പൂജാകുസുമം, കേശാദിപാദം തൊഴുന്നേൻ, നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ... ഓരോ ഗാനവും ചരണത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാൽ എന്നവണ്ണം സ്വയം അറിയാതെ മാസ്റ്റർ ആലാപനത്തിൽ പങ്കുചേരുന്നുണ്ടായിരുന്നു.

രവി മേനോൻ ഏറെ  ഹൃദയസ്പർശിയായാണ് ആ അനുഭവം  എഴുതിയത്: നൊമ്പരവും ആഹ്ലാദവും ഇടകലർന്ന ആ സംഗീത വിരുന്നിന് ഒടുവിൽ, മനസ്സില്ലാമനസ്സോടെ യാത്ര ചോദിക്കാൻ എഴുന്നേറ്റ ജാനകിയുടെ നേർക്ക് കൈകൂപ്പി നിഷ്‌കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു: 'ഇതൊക്കെ ആരുടെ പാട്ടുകളാ? നല്ല ശബ്ദം. ഇനിയും വന്നു പാടിത്തരണം ട്ടോ..''

നോക്കൂ! ചിലർക്ക് ഓർമശേഷി ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഭീകരമായി  കുറഞ്ഞു തുടങ്ങും. മറ്റു ചിലർക്കാവട്ടെ പ്രായമാവുന്നതിന് മുമ്പേ തന്നെ  അത് തീരെ നഷ്ടമാവും. സ്മൃതിനാശം എന്ന അസുഖം ബാധിക്കുന്നവരുടെ എണ്ണം പല കാരണങ്ങൾ കൊണ്ടും  അനുദിനം കൂടിവരികയാണ്.

പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ വേണ്ടത്ര കഴിയുന്നില്ല എന്ന കാര്യം പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ   ഏറെ വ്യാകുലപ്പെടുത്താറുണ്ട്.  
വായിക്കുന്ന കാര്യങ്ങൾ സ്വയം ചോദിച്ചു മനസ്സിലാക്കുകയും തുടർന്ന്
പുസ്തകം അടച്ചുവെച്ച് ചോദ്യങ്ങൾ ആവർത്തിച്ച് ഓർത്ത് പറഞ്ഞും പിന്നെ എഴുതി നോക്കിയും ഓർമ വർധിപ്പിക്കാവുന്നതാണ്. കണ്ടും കേട്ടും കരളിലുറച്ചാൽ കല്ലിലെഴുത്തായ് തീർന്നീടും എന്ന് പറയാറില്ലേ? വായിച്ചും സ്വയം പറഞ്ഞു കേട്ടും പഠിക്കുന്ന കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ എളുപ്പമായിരിക്കും.  
പഠിച്ച കാര്യങ്ങളെ മൈൻഡ് മേപ് തന്ത്രമുപയോഗിച്ച്  ചിത്രങ്ങളാക്കി മാറ്റുന്നതും ഓർമശേഷി വർധിപ്പിക്കും. കൂടാതെ ആവശ്യത്തിനുള്ള ഉറക്കവും വ്യായാമവും സവിശേഷ രീതിയിലുള്ള  ഭക്ഷണങ്ങളും  ഓർമ ശേഷിയെ  ഗണ്യമായി സ്വാധീനിക്കുന്നുണ്ട്.
തലച്ചോറിന്റെ ഇരുവശങ്ങളെയും ഉദ്ദീപിപ്പിക്കാൻ സഹായിക്കുമെന്നതിനാൽ പരീക്ഷ എഴുതുന്നതിന് മുമ്പേ കണ്ണുകൾ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുന്നത് ഓർമശക്തി വർധിപ്പിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Latest News