ആലംബഹീനരുടെ അത്താണി- ആലങ്ങാടൻ ഇബ്രാഹിം മാസ്റ്റർ 

ആലങ്ങാടൻ ഇബ്രാഹിം മാസ്റ്റർ
സുഹൃത്തുക്കൾക്കൊപ്പം ഇബ്രാഹിം മാസ്റ്റർ

നിശ്ചയദാർഢ്യം മാഷിന്റെ മുഖമുദ്രയാണ്. കൂട്ടിൽ ഗ്രാമം മുതൽ വെള്ളില ഗ്രാമം വരെയുള്ളവർക്ക് ക്ഷേമ പെൻഷന് അപേക്ഷകൾ നടന്ന് എഴുതിക്കൊടുത്തിരുന്നു. നെല്ലേങ്ങര സെയ്താലിക്കുട്ടി കാക്കയുടെ പീടികയിൽ സ്വന്തമായി പെൻഷൻ അദാലത്ത് തന്നെ നടത്തി. ചേരിയം എൽ.പി സ്‌കൂൾ യു.പി സ്‌കൂളാക്കാൻ കഠിന പരിശ്രമം. നെല്ലേങ്ങര മരക്കാർ കുട്ടി ഹാജിയിൽ നിന്ന് ഒരേക്കർ സ്ഥലം മേടിച്ചതും സ്‌കൂൾ പണിക്ക് അക്കാലത്ത് കത്തയച്ചതും ഓർമയിൽ. കളത്തിൽ മുഹമ്മദലി ജിദ്ദയിൽ നിന്നയച്ച പണത്തിന് ലക്ഷങ്ങളുടെ മൂല്യം. മങ്കടയിലെ വികസന പ്രവർത്തനങ്ങൾക്ക് കൈയൊപ്പുമായി എന്നും ഇബ്രാഹിം മാഷ് മുന്നിലുണ്ടാവും.




ആരോരുമില്ലാത്തവർക്ക് സഹായ ഹസ്തമേകാനുള്ള മനസ്സുമായി ഒരു അധ്യാപകൻ. മലപ്പുറം മങ്കടയിലെ ആലങ്ങാടൻ ഇബ്രാഹിം മാസ്റ്റർ. വയസ്സ് 80 കഴിഞ്ഞെങ്കിലും അൻപതിന്റെ ചുറുചുറുക്ക്. സദാ സമയവും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മെ സമീപിക്കുന്ന പ്രസന്ന വദനൻ. മുസ്‌ലിം ലീഗെന്നാൽ ഇദ്ദേഹത്തിന് ചങ്കാണ്. നെഞ്ചിൻ കൂടാണ്. പാർട്ടി പദവികൾ തളികയിൽ വെച്ചുനൽകിയാൽ പോലും തട്ടിമാറ്റുന്ന പ്രകൃതം. അധികാരത്തിനു പിന്നിൽ എന്നും കിംഗ് മേക്കർ ആയിരിക്കാനാണിഷ്ടം.

സി.എച്ചും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെല്ലാം ഇബ്രാഹിം മാസ്റ്റർക്ക് ഉറ്റ ചങ്ങാതിമാരായിരുന്നു. സേട്ട് സാഹിബിനും ബനാത്ത്‌വാലക്കും ഇ. അഹമ്മദിനുമെല്ലാം പ്രിയപ്പെട്ടവൻ. പ്രൊഫ. മങ്കട അസീസ് മൗലവിയുടെ സന്തത സഹചാരി. അധികാര മോഹമെന്നത് എന്തെന്നറിയാത്ത അപൂർവങ്ങളിൽ അപൂർവമായ മനുഷ്യ സ്‌നേഹി. തന്റെ സാമീപ്യം കൊണ്ട് നിരവധി പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതോടൊപ്പം  നിയമ പ്രശ്‌നങ്ങളിൽ കുടുങ്ങിയ അനവധി പേർക്ക് തടസ്സങ്ങൾ വെട്ടിമാറ്റി തൊഴിൽ ദാതാക്കളാക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം വേറെയും.

ഭൂമിലോകത്തുള്ള  എല്ലാ അധ്യാപക വർഗവും പൊതുവെ ധനവിനിയോഗത്തിൽ കണിശക്കാരാണ്. അധ്യാപകർക്കിടയിൽ കാണാത്തത്ര കരുണയുടെ നീരുറവിനെന്താ കാരണം എന്ന അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ബീഡിയോ സിഗരറ്റോ വലിക്കാത്ത ഇബ്രാഹിം കുട്ടിക്കാലത്ത് ബീഡി തെറുപ്പ് ജോലിയിലേർപ്പെട്ടിരുന്നത് ആരും അറിയാത്ത കഥ. ഒരു ദിവസത്തെ കൂലിയായി ലഭിക്കുന്നത് എട്ട് അണ. അന്ന് ഒരു 'നാരായം' അരിക്ക് പത്തണ വിലയുണ്ട്. നെല്ലിനും അരിക്കും തീവിലയാണന്ന്. ലെവിയും കരിഞ്ചന്തയും ഒക്കെ ഉള്ള കാലവും. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ ജീവിത സാഹചര്യം. വൈകുന്നേരം ഭക്ഷണം വെക്കാൻ അരി ഇല്ലാത്ത നാട്ടുകാരൻ വന്ന് സങ്കടം പറയും. കേട്ട പാടെ കടക്കാരനോട് ഒരു നാരായം അരി കൊടുക്കാൻ പറയും. 'ബാക്കി രണ്ടണ ഞാൻ നാളെ തരാമെന്നും'......
ഇത്തരം സംഭവങ്ങളുടെ തുടർക്കഥക്കാലമാണന്ന്.
ഒമ്പതാം വയസ്സിലാണ് പിതാവ് ആലങ്ങാടൻ അയമുട്ടി വിട പറഞ്ഞത്. മാതാവ് കറുമുക്കിൽ ആയിഷ. സഹോദരങ്ങൾ: കുഞ്ഞിമൊയ്തു, അബൂബക്കർ, അബ്ദുല്ല, ആമിന, സൈനബ. പിന്നെ പഠനവും മറ്റും തിരൂർ, എടത്തനാട്ടുകര അനാഥാലയങ്ങളിൽ. ജീവിത പാഠം മതിവരുവോളമായി.
കുട്ടിക്കാലത്ത് തന്നെ 'ലീഗ് പിരാന്ത്' നല്ലവണ്ണം. മങ്കടയിൽ നാളിക്കുഴിയിൽ കുഞ്ഞാലി കാക്കയാണ് ലീഗ് നേതാവും പാർട്ടി പ്രസിഡന്റുമെല്ലാം. മഞ്ചേരിയിൽ ലീഗ് യോഗം നടക്കുന്നുണ്ട്. നേതാക്കളെ കാണണം, പ്രസംഗം കേൾക്കണം.  അസീസ് മൗലവിയും പാർട്ടിയും നേരത്തെ പരിപാടിക്ക് പോയി. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞപ്പോൾ 'നിക്കപ്പൊറുതി' ഇല്ലാതായി. പിന്നെ മഞ്ചേരിയിലേക്ക് അങ്ങ് നടത്തം വെച്ചുകൊടുത്തു. ആനക്കയത്ത് അന്ന് പാലമില്ല. ചങ്ങാടമാണ്. വഴിവിളക്കുകൾ പേരിന് പോലുമില്ല. ചെക്ക് പോസ്റ്റിന്റെയടുത്ത് ഒരു വീട്ടിൽ നിന്ന് രണ്ട് അരിപ്പച്ചൂട്ട് സ്വന്തമാക്കി. പുഴ കടന്ന് അങ്ങാടിയെത്തിയപ്പോൾ ചൂട്ടുകെട്ടു വലിച്ചെറിഞ്ഞു. കാലടികൾക്ക് വേഗം കൂട്ടി ലീഗ് സമ്മേളനത്തിലെത്തി. ഡോ. ഉസ്മാൻ പാർട്ടി മാറി ലീഗിലെത്തിയ പ്രസംഗം കേട്ടു. യോഗം കഴിഞ്ഞ് വണ്ടിക്കരികെ നിൽക്കുന്ന ഇബ്രാഹിമിനെ കണ്ട മൗലവിക്ക് അത്ഭുതം.
ഈ കുട്ടി എങ്ങനെ ഇവിടെയെത്തി?

1960 മുതലുള്ള തെരഞ്ഞെടുപ്പ് ഓർമകൾ മാസ്റ്ററുടെ മനസ്സിൽ ഒളിവെട്ടും. മങ്കട നിയോജക മണ്ഡലത്തിൽ (ഫർക്ക) പി. അബ്ദുൽ മജീദ് (എൽ.എൽ.ബി) എം.എൽ.എ ആയി. അന്നങ്ങനെയാണ്. കഴിവും പ്രതാപവുമുള്ളവരാണ് സ്ഥാനാർത്ഥി. 1965 ൽ മങ്കട ഫർക്കയിൽ ആര് സ്ഥാനാർത്ഥിയാവണം എന്ന ചർച്ച. കട്ടുപ്പാറ അബു ഹാജിയാവട്ടെ എന്ന് കെ.കെ.എസ്. തങ്ങൾ. കെ.കെ.എസ് തങ്ങൾ ആവട്ടെ എന്ന് അബു ഹാജിയും. കെ.കെ.എസ് തെരഞ്ഞെടുപ്പ് ഗോദയിൽ. പണത്തിന്റെ ദൗർലഭ്യവും പ്രവർത്തന പോരായ്മയും കാരണം പാർട്ടി തോറ്റു. ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ കൂടിയതുമില്ല. കുതികാൽവെട്ടും കുറുംകൗശലവുമറിയാത്ത അന്നത്തെ രാഷ്ട്രീയക്കാർ. പതിനഞ്ചാം വയസ്സിൽ തുടങ്ങിയതാണ് 'ഇൽമ് പഠിപ്പിക്കൽ'. ആദ്യം കടന്നമണ്ണയിലെ ഉണ്ണീൻ മൊല്ലാക്കയുടെ ഓത്തുപള്ളിയിൽ മൊല്ലയായി. 1963 ൽ പാലക്കാട് മേപ്പറമ്പ് എൽ.പി സ്‌കൂൾ അധ്യാപകനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ശരിക്കുള്ള സർക്കാർ അധ്യാപകനായി. കർക്കിടകം ജി.എൽ.പി സ്‌കൂളിൽ. 1999 ൽ മങ്കട ജി.എൽ.പി സ്‌കൂളിൽ നിന്ന് വിരമിച്ചു. സഹധർമിണി ആലങ്ങാടൻ മറിയ ടീച്ചർ വിട പറഞ്ഞു. മക്കൾ: ഇഖ്ബാൽ (മുൻ ജിസാൻ പ്രവാസി), പരേതയായ ആയിഷാബി (മൻസൂർ (ഗ്രാമവികസന വകുപ്പ്), ഷക്കീല. മരുമക്കൾ: ജാസ്മിൻ കണ്ണന്തൊടി പെരിന്തൽമണ്ണ, ജമാലുദ്ദീൻ ചേരിയം, ഷാഹിദ (അധ്യാപിക യതീംഖാന സ്‌കൂൾ മഞ്ചേരി), അബ്ദുൽ ബഷീർ (ലുലു ഗ്രൂപ്പ് സൗദി).

നിശ്ചയദാർഢ്യം മാഷിന്റെ മുഖമുദ്രയാണ്. 1971 ലെ കാനേഷുമാരി കണക്കെടുപ്പിന് ശേഷം അവശ വിഭാഗങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ. കൂട്ടിൽ ഗ്രാമം മുതൽ വെള്ളില ഗ്രാമം വരെയുള്ളവർക്ക് ക്ഷേമ പെൻഷന് അപേക്ഷകൾ നടന്ന് എഴുതിക്കൊടുത്തിരുന്നു. നെല്ലേങ്ങര സെയ്താലിക്കുട്ടി കാക്കയുടെ പീടികയിൽ സ്വന്തമായി പെൻഷൻ അദാലത്ത് തന്നെ നടത്തി. ചേരിയം എൽ.പി സ്‌കൂൾ യു.പി സ്‌കൂളാക്കാൻ കഠിന പരിശ്രമം. നെല്ലേങ്ങര മരക്കാർ കുട്ടി ഹാജിയിൽ നിന്ന് ഒരേക്കർ സ്ഥലം മേടിച്ചതും സ്‌കൂൾ പണിക്ക് അക്കാലത്ത് കത്തയച്ചതും ഓർമയിൽ. കളത്തിൽ മുഹമ്മദലി ജിദ്ദയിൽ നിന്നയച്ച പണത്തിന് ലക്ഷങ്ങളുടെ മൂല്യം. മങ്കടയിലെ വികസന പ്രവർത്തനങ്ങൾക്ക് പുറത്ത് പതിക്കാത്ത കൈയൊപ്പുമായി എന്നും ഇബ്രാഹിം മാഷ് മുന്നിലുണ്ടാവും. മങ്കട മദീന മസ്ജിദിന്റെ പുനരുദ്ധാരണത്തിനും പരിപാലനത്തിനും മുന്നിൽ. ഒട്ടനവധി നിസ്‌കാരപ്പള്ളികൾക്കും ദീനീ സ്ഥാപനങ്ങൾക്കും രക്ഷകനായും ഇന്നും സജീവം.  മങ്കട സി.എച്ച് സെന്ററിന്റെ പ്രവർത്തനത്തിൽ മാഷിന്റെ കൈയൊപ്പുണ്ട്. മങ്കടയിലെ സാധാരണക്കാർ അക്ഷരം നുകർന്ന് ഉന്നതിയിലെത്തിയതിൽ മാഷിന് അഭിമാനം. മങ്കടയുടെ സർവതോമുഖ പുരോഗതിയുടെ ചാലകശക്തിയായി പ്രവർത്തിക്കാൻ ഇനിയും ഇബ്രാഹിം മാഷിന് സാധിക്കട്ടെ. 

Latest News