ഗാസ- ഫലസ്തീനിൽ ഇസ്രായിൽ സൈന്യത്തിന്റെ നരനായാട്ടിൽ പരിക്കേറ്റവർക്ക് മരുന്നും ചികിത്സയും നൽകുന്നതിനിടെ 21-കാരിയായ പാരാമെഡിക്കൽ സ്റ്റാഫിനെ ഇസ്രായിൽ സൈന്യം വെടിവെച്ചുകൊന്നു. റസാന് അൽ നജ്ജാർ എന്ന യുവതിയുടെ നെഞ്ചിലേക്ക് വെടിയുതിർത്താണ് ഇസ്രായിൽ സൈന്യം കൊന്നത്. ഫലസ്തീനിലെ ഖാൻ യൂനിസിലാണ് സൈന്യത്തിന്റെ ക്രൂരത അരങ്ങേറിയത്.
വെള്ള യൂണിഫോമണിഞ്ഞ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുകയായിരുന്ന റസാൻ അൽ നജ്ജാറിനെ ഇസ്രായിൽ സൈന്യം കൊന്നുവെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അഷ്‌റഫ് അൽ ഖുദ്‌റ പറഞ്ഞു. മാർച്ച് അവസാനത്തോടെ തുടങ്ങിയ സംഘർഷത്തിൽ കൊല്ലപ്പെട്ട ഗാസക്കാരുടെ എണ്ണം ഇതോടെ 123 ആയി.
സുരക്ഷാ ഉപകരണങ്ങൾ കേടുവരുത്തുന്ന പ്രക്ഷോഭകർക്കെതിരെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഇസ്രായിൽ സൈന്യത്തിന്റെ അവകാശവാദം. റാസൻ അൽ നജ്ജാറിന്റെ കൊലപാതകത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഖാൻ യൂനിസിൽ എന്നും രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴുവരെ ജോലി ചെയ്തുവരികയായിരുന്നു റാസൻ അൽ നജ്ജാർ. ഇസ്രായിൽ സൈന്യത്തിന്റെ ക്രൂരതയിൽ പരിക്കേൽക്കുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നൽകലാണ് ഇവരുടെ കർത്തവ്യം. റബ്ബർ ബുള്ളറ്റിനാലും ഗ്രനേഡ് അക്രമണത്തിലും മറ്റും പരിക്കേൽക്കുന്നവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് വരെയാണ് ഇവർ സഹായവുമായി ഉണ്ടാകാറുള്ളത്. വെള്ളിയാഴ്ച്ചയും ഇത്തരം ജോലിയിൽ ഏർപ്പെടുന്നതിനിടെയാണ് വെടിയേറ്റത്.