കേസ് റദ്ദാക്കിയില്ലെങ്കില്‍ കാണാം; പോലീസിനെ ഭീഷണിപ്പെടുത്തി ഖലിസ്ഥാനി നേതാവ്

അമൃത്‌സര്‍- ഖലിസ്ഥാനി അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. വാരിസ് പഞ്ചാബ് ദേ തലവന്റെ അനുയായികള്‍ വാളുകളും തോക്കുകളുമായി അമൃത്‌സറിലെ അജ്‌നാല പോലീസ് സ്‌റ്റേഷന് പുറത്ത് തമ്പടിച്ചു.  പോലീസ് സ്റ്റേഷനു മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ത്തു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.  
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വാരിസ് പഞ്ചാബ് ദേ നേതാവ് അമൃതപാല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ കേസ് റദ്ദാക്കിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് സംഭവിച്ചാലും അതിന് ഭരണകൂടം ഉത്തരവാദിയായിരിക്കും. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. അതിനാലാണ് ശക്തിപ്രകടനം ആവശ്യമായി വന്നതെന്ന് അദ്ദേഹം  പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ച 'വാരിസ് പഞ്ചാബ് ദേ' ഗ്രൂപ്പിന്റെ തലവനാണ് അമൃതപാല്‍ സിംഗ്.
അജ്‌നാല പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്നതും പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും കാണിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
തട്ടിക്കൊണ്ടുപോകല്‍, മോഷണം, കലാപം, പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളില്‍ സ്വയം പ്രഖ്യാപിത ഖലിസ്ഥാനി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ  അമൃതപാല്‍ സിംഗും  അദ്ദേഹത്തിന്റെ അഞ്ച് സഹായികളും അറസ്റ്റ് ഭീഷണി നേരിടുകയാണ്.
സിംഗിന്റെ മുന്‍ സഹായി വരീന്ദര്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News