Sorry, you need to enable JavaScript to visit this website.

ഇനി ട്രോളരുത്, ഇ.പി.ജയരാജന്‍ വിവരമുളള ഏക നേതാവാണെന്ന് കെ.എം.ഷാജി

മലപ്പുറം- ഇടതുപക്ഷത്ത് വിവരമുളള ഏക നേതാവ് ഇ.പി ജയരാജനാണെന്നും അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ അദ്ദേഹം പങ്കെടുക്കാത്തതെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. ജാഥയ്ക്ക് ആളെക്കൂട്ടാന്‍ ദഫ് മുട്ട് നടത്തേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും ജനവിരുദ്ധതയുടെ മൂര്‍ത്തഭാവമായി സിപിഎം മാറിയെന്നും ഷാജി പറഞ്ഞു.
ഇ.പി ജയരാജനെ നമ്മള്‍ എപ്പോഴും ട്രോളാറുണ്ട്. അദ്ദേഹം ഇടക്കിടെ പറയുന്ന അബദ്ധങ്ങളെ തമാശയാക്കി മാറ്റാറുമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ആകെ വിവരമുളള ഒരാളായി എനിക്ക് തോന്നുന്നത് ഇപി ജയരാജനെയാണ്. അതുകൊണ്ടാണ് ഗോവിന്ദന്‍ മാഷ് മുദ്രാവാക്യവും വിളിച്ച് നടത്തുന്ന ജാഥ കണ്ണൂരെത്തുന്നതുവരെയും അദ്ദേഹം പങ്കെടുക്കാതിരുന്നത്. അദ്ദേഹത്തിന് കുറച്ചെങ്കിലും ബുദ്ധിയും സാമാന്യബോധവുമൊക്കെയുണ്ട്-കെ എം ഷാജി പറഞ്ഞു. കൊളളക്കാര്‍ കേരളം ഭരിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങളോട് സംസാരിക്കുക എന്ന ബോധ്യമാണ് ഇ.പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ തെറ്റൊന്നുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ.പി മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തിന് എപ്പോള്‍വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇ.പി ജയരാജന് പാര്‍ട്ടി നേതൃത്വവുമായി ഒരു അതൃപ്തിയുമില്ല. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇ.പി കുറച്ചുനാളുകളായി ചികിത്സയിലാണ്. പാര്‍ട്ടി അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നു. ഇ.പി ജയരാജന് ജില്ലയൊന്നും നല്‍കിയിട്ടില്ല. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറാണ് -എം.വി ഗോവിന്ദന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News