Sorry, you need to enable JavaScript to visit this website.

കൂട്ടക്കൊലക്ക് പിന്നാലെ ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റാക്രമണം

വെസ്റ്റ് ബാങ്ക് പട്ടണമായ നബ് ലസില്‍ ഇസ്രായില്‍ സേന നടത്തിയ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഖാന്‍ യൂനിസില്‍ ഫലസ്തീനികളുടെ മാര്‍ച്ച്.

ഗാസ സിറ്റി- ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് നിരവധി റോക്കറ്റുകള്‍ തൊടുത്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പ്രഭാതത്തിനുമുമ്പായിരുന്നു റോക്കറ്റാക്രമണമെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. ആറ് റോക്കറ്റുകള്‍ തൊടുത്തതില്‍ അഞ്ചെണ്ണം ഇസ്രായില്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിലേക്ക് എട്ട് റോക്കറ്റുകള്‍ തൊടുത്തതായി ഫലസ്തീനിലെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇസ്രായില്‍ സൈന്യം പത്ത് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തിരുന്നു.

അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ നബ്‌ലസില്‍ ബുധനാഴ്ചയാണ്  ഇസ്രായില്‍ സൈന്യം കൗമാരക്കാരന്‍ ഉള്‍പ്പെടെ പത്ത് ഫലസ്തീനികളെ  കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ 80 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെസ്റ്റ്ബാങ്കില്‍ വെടിവെപ്പ് നടത്തിയ പ്രതികള്‍ക്കായാണ് ഒളിത്താവളത്തില്‍ റെയ്ഡ് നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. തങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായെങ്കിലും ആളപായമില്ലെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നും ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം വേണമെന്നും ഫലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍ ശൈഖ് ആവശ്യപ്പെട്ടു.
ജെനിനില്‍ കഴിഞ്ഞ മാസം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിലേതിനു തുല്യമാണ് മരണസംഖ്യ. 2005 ന് ശേഷം ഏറ്റവും മാരകമായ ആക്രമണമായിരുന്നു ജെനിനില്‍ കഴിഞ്ഞ മാസം നടന്നത്.
തങ്ങള്‍ ലക്ഷ്യമിട്ട കെട്ടിടത്തില്‍നിന്ന് ഓടിപ്പോയ പ്രതികളില്‍ ഒരാളേയും വെടിയുതിര്‍ത്ത മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. നബ് ലസിലെ ഇസ്രായില്‍ ആക്രണമത്തില്‍ കൊല്ലപ്പെട്ടവര്‍ 16 നും 72 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിയേറ്റ പരിക്കുകളോടെ 82 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.  
രാവിലെ ഒമ്പതരയോടെ ധാരാളം സൈനികര്‍ പ്രദേശത്തേക്ക് ഇരച്ചുകയറിയെന്നും  പ്രദേശം മുഴുവന്‍ ഉപരോധിച്ചുവെന്നും നബ്‌ലസ് നിവാസിയായ മുസ്തഫ ഷഹീന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേട്ടുകൊണ്ടെയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബ്‌ലസിലെ റാഫിദിയ ആശുപത്രിക്ക് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.  ഡസന്‍ കണക്കിന് ആളുകള്‍ ഇവിടെ ചികിത്സയിലാണ്.  പരിക്കേറ്റവരില്‍ ഫലസ്തീന്‍ ടിവി ജേണലിസ്റ്റ് മുഹമ്മദ് അല്‍ ഖത്തീബും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രായില്‍ അധിനിവേശ സൈന്യത്തിനുനേരെ നടത്തിയ  വീരോചിതമായ പോരാട്ടത്തില്‍ തങ്ങളുടെ ഒരു കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് ജിഹാദ്  പറഞ്ഞു.
മൂന്ന് മണിക്കൂറിന് ശേഷമാണ് സൈന്യം നഗരത്തില്‍നിന്ന് പിന്‍വാങ്ങിയത്.  ഉച്ചക്ക് ശേഷം മരിച്ചവരുടെ ഖബറടക്കത്തിനായി ധാരാളം ഫലസ്തീനികള്‍ നബ്‌ലസില്‍ ഒത്തുകൂടി.
കണ്ണീര്‍ വാതകം ശ്വസിച്ചതിന്റെ 250 കേസുകളും ഡസന്‍ കണക്കിന് വെടിയേറ്റ മുറിവുകളും ഡോക്ടര്‍മാര്‍ ചികിത്സിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
ക്രൂരമായ കുറ്റകൃത്യമാണ് ഇസ്രായില്‍ സൈന്യം നടത്തിയിരിക്കുന്നതെന്ന് അറബ് ലീഗ് പ്രതികരിച്ചു. ഇസ്രായിലിലെ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് ഭീകരമായ കൂട്ടക്കൊലക്ക് ഉത്തരവാദികളെന്ന് അറബ് ലീഗിന്റെ ഫലസ്തീന്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സയീദ് അബു അലി പറഞ്ഞു.
സംയമനം പാലിക്കാന്‍ അയല്‍രാജ്യമായ ജോര്‍ദാന്‍ ആഹ്വാനം ചെയ്തു. സമാധാനത്തിനായി എല്ലാവരും തീവ്രമായി പ്രവര്‍ത്തിക്കണമെന്നാണ് ആഹ്വാനം. അടിയന്തര മുന്‍ഗണന നല്‍കി അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ ടോര്‍ വെന്നസ്‌ലാന്‍ഡിന്റെ അഭ്യര്‍ഥനക്കു പിന്നാലെയാണ്   മാരകമായ ഇസ്രായിലി അതിക്രമം.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പോരാളികളും  സാധാരണക്കാരും ഉള്‍പ്പെടെ 59 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.  ഇതേ കാലയളവില്‍ മൂന്ന് കുട്ടികളും ഒരു ഉക്രേനിയന്‍ സിവിലിയനും ഒരു പോലീസ് ഓഫീസറും ഉള്‍പ്പെടെ ഒമ്പത് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറയുന്നു.

 

 

 

Latest News