കണ്ണൂർ- സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്ന വാർത്ത പച്ചക്കള്ളമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറിയായ താൻ ഇതുവരെ ഈ വിവരം അറിഞ്ഞിട്ടില്ല. ചില ചാനൽ പ്രവർത്തകർ സി.പി.എം ജില്ല സെക്രട്ടറി പറയേണ്ട കാര്യങ്ങൾ പറയുന്നുണ്ട്. പച്ചക്കള്ളമാണിവർ പ്രചരിപ്പിക്കുന്നത് þ-ജയരാജൻ പറഞ്ഞു.
തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന കമ്മിറ്റിയിൽ പലതും ചർച്ച ചെയ്യുമെന്നും ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. സ്വർണക്കടത്ത് സംഘങ്ങളുമായോ, ക്വട്ടേഷൻ സംഘങ്ങളുമായോ ഒരു കാലത്തും സി.പി.എം ബന്ധം സ്ഥാപിച്ചിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.






