Sorry, you need to enable JavaScript to visit this website.

യെമനെ പുരോഗതിയിലേക്ക് നയിക്കാൻ സൗദിയുടെ സഹായം

മുഅമ്മർ അൽഇർയാനി

റിയാദ് - സൗദി അറേബ്യ കഴിഞ്ഞ ദിവസം യെമന് നൽകിയ 100 കോടി ഡോളറിന്റെ സഹായം യെമൻ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുമെന്നും രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുമെന്നും യെമൻ ജനതയുടെ ജീവിതത്തിൽ ഇത് അനുകൂല ഫലങ്ങൾ ചെലുത്തുമെന്നും യെമൻ മന്ത്രിമാർ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സൗദി അറേബ്യ കഴിഞ്ഞ ദിവസം യെമൻ സെൻട്രൽ ബാങ്കിൽ 100 കോടി ഡോളർ ഡെപ്പോസിറ്റ് ചെയ്തിരുന്നു. യെമൻ ജനതക്ക് നൽകുന്ന നിരന്തര പിന്തുണകളുടെ തുടർച്ചയെന്നോണമാണ് പുതിയ ഡെപ്പോസിറ്റ്. സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പാക്കാനുള്ള യെമന്റെ ശേഷികൾ ശക്തിപ്പെടുത്താൻ സൗദി ഡെപ്പോസിറ്റ് സഹായകമാകും. 
സൗദി സഹായങ്ങളും പിന്തുണകളും യെമൻ ജനത ഒരിക്കലും വിസ്മരിക്കില്ലെന്ന് യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. യെമൻ ഗവൺമെന്റിനും ജനതക്കും സൗദി അറേബ്യ നിർലോഭ പിന്തുണയാണ് നൽകുന്നത്. സൗദി അറേബ്യ തുടരുന്ന സഹായത്തെ തങ്ങൾ വിലമതിക്കുന്നു. യെമനികളെ കൊല്ലാനും രക്തംചൊരിയാനും യെമനിലെ മുഴുവൻ ഗവർണറേറ്റുകളിലും നാശംവിതക്കാനും ലക്ഷ്യമിട്ടുള്ള ആയുധ കടത്തും യുദ്ധവും മാത്രമാണ് ഇറാൻ ഭരണകൂടം യെമന് നൽകിയത്. അയൽ രാജ്യങ്ങളെയും ആഗോള ഊർജ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനും മേഖലാ, ആഗോള സുരക്ഷ തകർക്കാനുമുള്ള പ്ലാറ്റ്‌ഫോം ആയി യെമനെ ഉപയോഗിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു. 
യെമനിൽ പണപ്പെരുപ്പം തടയാൻ സൗദി ഡെപ്പോസിറ്റ് സഹായിക്കുമെന്ന് യെമൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ഡോ. വാഇദ് ബാദീബ് പറഞ്ഞു. യെമൻ കറൻസിയുടെ മൂല്യത്തിന് സൗദി ഡെപ്പോസിറ്റ് പിന്തുണ നൽകും. സൗദി അറേബ്യ നൽകുന്ന നിരന്തര സഹായങ്ങൾ യെമൻ കറൻസിയുടെ വാങ്ങൽ ശക്തിക്ക് കരുത്തുപകരും. പുതിയ കറൻസികൾ പുറത്തിറക്കുന്നത് പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് യെമൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി പറഞ്ഞു. 
ഹൂത്തി അട്ടിമറി കാരണം കടുത്ത സാഹചര്യത്തിലൂടെ കടന്നുപോകുന്ന യെമനോടും യെമൻ ജനതയോടുമുള്ള സൗദി അറേബ്യയുടെ നിലപാടുകളുടെ വിശ്വാത്യതയാണ് പുതിയ ഡെപ്പോസിറ്റ് സ്ഥിരീകരിക്കുന്നതെന്ന് അൽമിമ്പർ അൽയെമനി റിസേർച്ച് ആന്റ് മീഡിയ സെന്റർ ഡയറക്ടർ അഹ്മദ് അൽസ്വബാഹി പറഞ്ഞു. 2011 ലെ പ്രതിസന്ധി കാലത്ത് സൗദി അറേബ്യ യെമന് 100 കോടി ഡോളറിന്റെ സഹായങ്ങൾ നൽകി. 2018 ൽ യെമൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സൗദി അറേബ്യ 200 കോടി ഡോളർ ഡെപ്പോസിറ്റ് എന്നോണം നൽകി. ഒരു വർഷം മുമ്പ് 100 കോടി ഡോളറും ഇന്നലെ 100 കോടി ഡോളറും ഡെപ്പോസിറ്റ് എന്നോണം നൽകി. 
ഇതിനു പുറമെ പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള സഹായങ്ങൾ, ആശുപത്രി, റോഡ് നിർമാണം, ആരോഗ്യ, കാർഷിക മേഖലകൾക്കുള്ള സഹായങ്ങൾ എന്നിവ അടക്കം കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങളും സൗദി അറേബ്യ യെമന് നൽകിയിട്ടുണ്ട്. യെമന് സൗദി അറേബ്യ 2,000 കോടിയിലേറെ ഡോളറിന്റെ മാനുഷിക സഹായങ്ങൾ നൽകിയിട്ടുണ്ട്. യെമനിലെ പതിനാലു പ്രവിശ്യകളിൽ സൗദി സഹായത്തോടെ 82.8 കോടി ഡോളറിന്റെ പദ്ധതികൾ നടപ്പാക്കിവരികയാണ്. യെമൻ പുനർനിർമാണ സൗദി പ്രോഗ്രാം എട്ടു പ്രധാന മേഖലകളിൽ 224 പദ്ധതികളും നടപ്പാക്കുന്നതായി അഹ്മദ് അൽസ്വബാഹി പറഞ്ഞു. 
2015 മെയ് മാസത്തിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സ്ഥാപിച്ച ശേഷം 2021 ഫെബ്രുവരി വരെയുള്ള കാലത്ത് സെന്റർ വഴി സൗദി അറേബ്യ 1,700 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ യെമന് നൽകിയിട്ടുണ്ടെന്ന് കിംഗ് സൽമാൻ റിലീഫ് സെന്ററിലെ ആരോഗ്യ, പരിസ്ഥിതി സഹായ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽമുഅല്ലിം പറഞ്ഞു. യെമനിൽ വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ 42 കോടി ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങൾ സൗദി അറേബ്യ സൗജന്യമായി നൽകി. കൂടാതെ പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാനുള്ള ഫണ്ടിലേക്ക് സംഭാവനയായി 60 കോടി ഡോളറും സൗദി അറേബ്യ നൽകിയതായി ഡോ. അബ്ദുല്ല അൽമുഅല്ലിം പറഞ്ഞു.
 

Latest News