ഹിജാബ് ധരിച്ച് പരീക്ഷ എഴുതണം; കര്‍ണാടകയിലെ വിദ്യാര്‍ഥിനികളുടെ ഹരജി സുപ്രിം കോടതി പരിഗണിക്കും

ന്യൂദല്‍ഹി- മാര്‍ച്ച് ഒന്‍പതിന് കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുമെന്ന് അറിയിച്ചത്. 

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്നും വിഷയം വേഗത്തില്‍ പരിഗണിക്കണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫരാസ്റ്റ് പറഞ്ഞു. 

മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്നും യൂണിഫോം നിര്‍ബന്ധമാക്കാന്‍ കര്‍ണാടക സര്‍ക്കാറിന് അധികാരമുണ്ടെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജിക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളില്‍ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് നേരത്തെ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നും ഹിജാബ് ഒരാളുടെ തെരഞ്ഞെടുപ്പാണെന്നായിരുന്നു സുപ്രിം കോടതി ഭിന്നമായി വിധിച്ചത്. ഇതേതുടര്‍ന്ന് ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കുന്ന ബെഞ്ച് ഇതുവരേയും രൂപീകരിച്ചിട്ടില്ല.  

ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ഥിനികള്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറിയിരുന്നെങ്കിലും പരീക്ഷകള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്.

Tags

Latest News