Sorry, you need to enable JavaScript to visit this website.

ഏഴു സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭം;  ആശങ്കയായി വില വർധന

ന്യൂദൽഹി- ഏഴു സംസ്ഥാനങ്ങളിലെ 125 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭത്തിന് തുടക്കമായി. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ കീഴിലാണ് വിവിധ കർഷക സംഘടനകൾ അണിനിരന്നിരിക്കുന്നത്. കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കർഷകർ പച്ചക്കറി, പാൽ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം നിർത്തി വച്ചാണ് സമരം ചെയ്യുന്നത്. റോഡുകളും തെരുവുകളും ഉപരോധിച്ച് വൻ കോലാഹലമുണ്ടാക്കി നടത്തുന്ന സമരത്തിൽ നിന്നും വ്യത്യസ്തമായി വേറിട്ട സമര രീതിയാണ് കർഷകർ അവലംബിച്ചിരിക്കുന്നത്. നഗര കേന്ദ്രങ്ങളിലേക്കുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തി വച്ചും നഗരങ്ങളിലെ വിൽപ്പന നിർത്തിവച്ചും നിശബ്ദമായാണ് സമരം. ദൽഹി, മുംബൈ, ബംഗളുരു, ജയ്പൂർ പോലുള്ള വൻനഗരങ്ങളിൽ ഈ സമരം മൂലം പച്ചക്കറികൾക്കും പാലിനും ക്ഷാമമുണ്ടാകാനിടയുണ്ട്. വില കുത്തനെ ഉയരാനും സമരം ഇടയാക്കും.

സമരം തുടർന്നാൽ അടുത്ത പത്തു ദിവസങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ പച്ചക്കറികളുടേയും പാലിന്റേയും ലഭ്യത ഗണ്യമായി കുറയും. ഇത് വിലവർധനയ്ക്കു കാരണമാകും. വ്യാപാരികളും ഇടനിലക്കാരും കർഷകരിലേക്ക് നേരിട്ടിറങ്ങി വന്ന് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരും.

അതേസമയം സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്ന കുറെ കർഷക സംഘടനകളും ഉണ്ട്. ഓൾ ഇന്ത്യ കിസാൻ മഹാസഭ പോലുള്ള 190 സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതി സമരത്തെ പിന്താങ്ങുന്നില്ല.
 

Latest News