Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അധിക ബാധ്യതയായി വൈദ്യുതി ഡെപ്പോസിറ്റ് 

കേരളത്തിലേതുപോലെ വൈദ്യുതി ഉപഭോക്താക്കൾക്ക്  ഡെപ്പോസിറ്റ് തുക നിർബന്ധമാക്കുള്ള ഒരുക്കത്തിലാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി. പ്രവാസികളെ സംബന്ധിച്ചിടത്തോളം മറ്റൊരു അധിക സാമ്പത്തിക ബാധ്യത കൂടി വരികയാണ്. സജീവ പരിഗണനയിലുള്ള പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കിലും ഏതു സമയവും അതു പ്രാവർത്തികമാക്കാം. അതായത് വൈദ്യുതി ഉപയോഗിക്കണമെങ്കിൽ മുൻകൂർ പണം കെട്ടിവെക്കേണ്ടി വരും.
 മാത്രമല്ല ഫഌറ്റ് ഉടമയുടെ പേരിലുള്ള വൈദ്യുതി കണക്ഷൻ സ്വന്തം പേരിലേക്ക് മാറ്റേണ്ടിയും വരും. സാമ്പത്തിക ബാധ്യതക്കു പുറമെ ഒരു ഉത്തരവാദിത്തം കൂടി പ്രവാസികളുടെ കൈകളിലേക്കു വരികയാണ്. ഒട്ടേറെ പേർ താമസിക്കുന്ന ബാച്ച്‌ലേഴ്‌സ് റൂമുകാരെ സംബന്ധിച്ചിടത്തോളം ഇത് സങ്കീർണതകൾക്കും വഴിവെക്കാം. എന്തായാലും പുതിയ നടപടി ഫഌറ്റ് ഉടമകളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്. കാരണം കറന്റ് ചാർജ് പരിപൂണമായും അടക്കാതെ വാടകക്കാരന് ഫഌറ്റ് ഒഴിഞ്ഞു പോകാനാവില്ല. ഒഴിഞ്ഞു പോയാൽ തന്നെ സാമ്പത്തിക ബാധ്യത അവശേഷിക്കുന്നുവെങ്കിൽ അത് എത്ര വൈകിയാലും കൊടുത്തു തീർക്കാൻ ബാധ്യസ്ഥരുമായിരിക്കും.
ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനുള്ള കാമ്പയിന് സൗദി ഇലക്ട്രിസിറ്റി കമ്പനി താമസിയാതെ തുടക്കം കുറിക്കും. ഇതോടൊപ്പം ഡെപ്പോസിറ്റ് തുക ഈടാക്കുന്ന പദ്ധതിയും ആരംഭിക്കുമെന്നാണ് സൂചന. 
കെട്ടിട ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വൈദ്യുതി ബിൽ അടക്കാതെ വാടകക്കാർ ഒഴിഞ്ഞു പോകുന്നതുവഴി ലക്ഷകണക്കിന് റിയാലിന്റെ നഷ്ടം കെട്ടിട ഉടമകൾക്കുണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്. ഇതിനു പരിഹാരമായാണ് പുതിയ നിർദേശം ഉണ്ടായിട്ടുള്ളത്. വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്തം വാടകക്കാരനു വന്നുചേരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. വാടകക്കെടുക്കുന്ന കെട്ടിടം ഒഴിയുമ്പോൾ വൈദ്യുതി ബിൽ പൂർണമായും അടച്ചുവെന്ന് ഉറപ്പാക്കുകയും കെട്ടിടം ഒഴിഞ്ഞതായുള്ള രേഖ സമ്പാദിക്കുകയും വേണം. അതല്ലെങ്കിൽ മറ്റാരെങ്കിലും ഈ കെട്ടിടത്തിൽ താമസിക്കാൻ ഇടവരികയോ, അവർ വൈദ്യുതി ഉപയോഗിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം പഴയ വാടകക്കാരനായിരിക്കും വരിക. 
വൈദ്യുതി ബിൽ അടക്കാതെ വരുന്ന ഘട്ടത്തിൽ ഡെപ്പോസിറ്റ് തുകയിൽനിന്ന് ഈടാക്കാൻ വൈദ്യുതി കമ്പനിക്ക് അവകാശം കൈവരുന്നതു കൂടിയാണ് പുതിയ പരിഷ്‌കാരം. ഉപഭോക്താക്കളുടെ വിഭാഗത്തിനും മീറ്ററിന്റെ ശേഷിക്കും അനുസരിച്ച് ഡെപ്പോസിറ്റ് തുകയിൽ വ്യത്യാസം ഉണ്ടാകും. 500 റിയാൽ മുതലുള്ള തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ഡെപ്പോസിറ്റായി ഈടാക്കാൻ ഉദ്ദേശിക്കുന്നത്. 
ഈ തുകയിൽ കാറ്റഗറി അനുസരിച്ച് വ്യത്യാസം വരാം. ഇങ്ങനെ കെട്ടിവെക്കുന്ന തുക വാടക കെട്ടിടം ഒഴിയുമ്പോൾ എങ്ങനെ തിരിച്ചു ലഭിക്കും, അതല്ലെങ്കിൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറുമ്പോൾ ഈ തുക പുതിയ കൺസ്യൂമർ നമ്പറിന്റെ സെക്യൂരിറ്റി തുകയായി ഉപയോഗിക്കാനാവുമോ തുടങ്ങിയ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും യഥാർത്ഥ ഉപഭോക്താക്കളുടെ പേരിൽ മീറ്ററുകൾ രജിസ്റ്റർ ചെയ്യുകയും ഡെപ്പോസിറ്റ് തുക കെട്ടിവെക്കേണ്ടിയും വരും. വാടക കെട്ടിടത്തിന് അഡ്വാൻസ് നൽകുന്നതോടൊപ്പം വൈദ്യുതി ഡെപ്പോസിറ്റ് തുക കൂടി കണ്ടെത്താൻ വാടകക്കാർ നിർബന്ധിതരായി തീരും. ഇത് വാടകക്കാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്.
വിവരങ്ങൾ പുതുക്കുമ്പോൾ വാടക കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ ആരാണോ അവരുടെ വിവരങ്ങളാണ് നൽകേണ്ടി വരിക. അതോടെ കെട്ടിട ഉടമ വൈദ്യുതിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽനിന്ന് മോചിതനാകുമെന്ന് മാത്രമല്ല, വൈദ്യുതി ഇടപാടുകളുടെ മുഴുവൻ ഉത്തരവാദിത്തവും കെട്ടിടം ഉപയോഗിക്കുന്ന ആൾക്കു മാത്രമായി മാറുകയും ചെയ്യും. സൗദി ഇലക്ട്രിസിറ്റി കമ്പനി വെബ് സൈറ്റ് മുഖേനയാണ് വിവരങ്ങൾ പുതുക്കേണ്ടത്. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. വിവരങ്ങൾ പുതുക്കുന്നതിന് ആറുമാസ സാവകാശമുണ്ടാകും. നാഷണൽ അഡ്രസ്, മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. കെട്ടിട ഉടമകൾ പ്രമാണത്തിന്റെ കോപ്പിയും വാടകക്കാർ വാടക കരാറിന്റെ കോപ്പിയും ഇതോടൊപ്പം സമർപ്പിക്കേണ്ടി വരും. നിശ്ചിത സമയത്തിനകം വിവരങ്ങൾ പുതുക്കാത്തവരുടെ കണക്ഷൻ വിഛേദിക്കപ്പെടുമെന്നാണ് അറിയിപ്പ്. 
സൗദി വൈദ്യുതി കമ്പനിയെ സംബന്ധിച്ചിടത്തോളം വൻ സാമ്പത്തിക നേട്ടം കൈവരിക്കാൻ പുതിയ പരിഷ്‌കരണം സഹായിക്കും. 
വൈദ്യുതി കുടിശ്ശിക ഒരു പരിധിവരെ ഒഴിവാക്കാനുമാവും. എന്നാൽ ഉപഭോക്താക്കൾക്കിത് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും. പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂനിൻമേൽ കുരുപോലെയാവുമിത്. ലെവി ഉൾപ്പെടെയുള്ള പലവിധ സാമ്പത്തിക ബാധ്യതകളാൽ വീർപ്പുമുട്ടുന്ന പ്രവാസികൾക്ക് വൈദ്യുതി ഡെപ്പോസിറ്റിനാവശ്യമായ തുക കൂടി കണ്ടെത്തേണ്ടിവരും. അതോടൊപ്പം സൂക്ഷമതയും വേണ്ടിവരും. അതല്ലെങ്കിൽ മറ്റു സാധ്യതകൾക്കു കൂടി ഉത്തരവാദിയായെന്നിരിക്കും.

Latest News